ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിക്ക് തുടക്കമിട്ട ദയാനിധി മാരന് രാജിവെച്ചു പുറത്തുപോകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തുറന്നടിച്ചു. മാരന് രാജിവെക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും അവര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സന്ദര്‍ശിച്ചശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കാത്തതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും അവര്‍ മറുപടി നല്കി. ഡിഎംകെ മുഖ്യസഖ്യ കക്ഷിയായ യുപിഎ മുന്നണിയുടെ അധ്യക്ഷയായ സോണിയ ഗാന്ധിയെ താന്‍ സന്ദര്‍ശിക്കുന്നത് അനുചിതമാണെന്നായിരുന്നു ജയയുടെ മറുപടി. ദല്‍ഹിയിലെ സെവന് റേസ് കോഴ്സ് റോഡിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ശ്രീലങ്കയിലെ തമിഴരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളാണ് 20 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ കൂടുതലായും പരാമര്ശിക്കപ്പടുന്നതെന്ന് ജയലളിത പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശ്രീലങ്കയില്‍ തമിഴ് വംശജരുടെ നേര്‍ക്ക് നടക്കുന്ന വംശീയ ആക്രമണങ്ങളില്‍ തമിഴ്നാടിന് അത്യന്തം ആശങ്കയുണ്ടെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ കടമയാണെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി മന്മോഹന് സിംഗുമായി നടത്തിയ ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും തമിഴ്നാടിന്റെ ആവശ്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ തമിഴ് വംശജര്‍ക്ക് നേരെ അതിക്രമമഴിച്ചുവിടുന്ന ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അടുത്തിടെ തമിഴ്നാട് നിയമസഭ ഐകകണ്ഠേന പാസാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ജയലളിത നടത്തുന്ന ദില്ലി സന്ദര്‍ശനം അത്യന്തം രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
ഇതോടൊപ്പം തമിഴ്നാടിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച കാര്യങ്ങളും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞതായി ജയലളിത അറിയിച്ചു. ശ്രീലങ്ക തടവിലാക്കിയ തമിഴ്നാട്ടില്‍നിന്നുള്ള മുക്കുവരുടെ മോചനം സംബന്ധിച്ച കാര്യങ്ങളും ഈ കൂടിക്കാഴ്ചയില്‍ ചര്ച്ചാവിഷമായതായാണ് സൂചന. എന്നാല്‍ യുപിഎയുമായി സഖ്യത്തിനുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യം പറഞ്ഞ് തന്നെയാരും സമീപിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നും ജയലളിത മറുപടി പറഞ്ഞു. എന്നാല്‍ എഐഎഡിഎംകെ കേന്ദ്രസര്‍ക്കാരുമായി അടുക്കുന്നത് ഡിഎംകെയ്ക്ക് ക്ഷീണമാകില്ലേ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ അവര്‍ കൂട്ടാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: