കുറ്റിപ്പുറം: പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കോളറ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നിട്ടും നിസംഗത തുടരുന്ന അധികൃതരുടെ നടപടിക്കെതിരെ ബിജെപിയുടെ പ്രതിഷേധം. കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും അനസ്ഥ കാണിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി പറഞ്ഞു.
കോളറ പിടിപെട്ട് രണ്ടുപേര്‍ മരിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കുറ്റിപ്പുറം നഗരത്തിലെ മാലിന്യം പരിഹരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നില്ല.
നഗരത്തിലെ മാലിന്യം മുഴുവന്‍ ജലസ്രോതസ്സായ ഭാരതപ്പുഴയിലേക്കാണ് ഒഴുക്കി വിടുന്നത്. ഇത് പുഴയുടെയും ജനങ്ങളുടെയും ജീവന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരിദാസന് പൈങ്കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് വി.വി.രാജേന്ദ്രന്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.വി.ഉപേന്ദ്രന്, കെ.പി.ശ്രീശന്, കെ.വി.സജിത്ത്, കെ.വി.ഉണ്ണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: