കല്‍പ്പറ്റ : എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യത്തോടെ അധികാരത്തില്‍ വന്ന പിണറായി വിജയന് മുഖ്യമന്ത്രിയായി 90 ദിവസം തികയുന്നതിനുമുമ്പ് വിദ്യാര്‍ത്ഥികളടക്കമുള്ള പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നത് വയനാട് ജില്ലയില്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാകമ്മറ്റി.
സിപിഎം ഓഫീസില്‍ നിന്നും തയ്യാറാക്കുന്ന പ്രതിപട്ടിക പോലീസ് നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ മകുടോദാഹരണമാണ് ജില്ലയിലെ പലകോളേജുകളിലും എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കുനേരെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായത് – വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ ഇതിനുമുമ്പും നടന്നിട്ടുണ്ട്. അതൊക്കെ സമാധാനപരമായി പരിഹരിക്കാന്‍ പോലീസ് തയ്യാറായ ചരിത്രവുമുണ്ട്. പക്ഷെ പിണറായി വിജയന് ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോള്‍ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലേക്കാണ് കേരളത്തെ കൊണ്ടെത്തിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. ഇതരസംസ്ഥാനത്ത് ജോലിക്കുപോയ ബി.ജെ.പി പ്രവര്‍ത്തകരെ വരെ പ്രതിപട്ടികയില്പ്പെടുത്തിയ പോലീസ് സി.പി.എമ്മി നു വിടുപണിചെയ്യുന്നത് പോലീസ് സേനയില്‍ ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കും -നിരപരാധികളെ കള്ളകേസില്‍ കുടുക്കാന്‍ സി.പി.എം ജനപ്രതിനിധികളടക്കമുള്ള നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമാണ് മാനന്തവാടിയിലെ കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ പോലീസ് സ്ഥലത്തില്ലാത്തവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്ത് കേസെടുത്തത്. ഏകപക്ഷീയമായി കേസുകള്‍ ചാര്‍ജ് ചെയ്ത് പോലീസ് നിരുത്തരവാദിത്വപരമായി പ്രവര്‍ത്തിച്ചാല്‍ ജില്ലാ പോലീസ് സുപ്രണ്ട് ഓഫീസിലേക്കടക്കം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബി ജെപി ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്കി. ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധക്ഷത വഹിച്ചു. ജില്ലാജനറല്‍ സെക്രട്ടറിമാരായ പി.ജി.ആനന്ദകുമാര്‍, കെ. മോഹന്‍ദാസ്, പി.കെ കേശവനുണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: