അങ്ങാടിപ്പുറം: പൊട്ടിപ്പൊളിഞ്ഞ റോഡ് മഴ പെയ്തതോടെ കുണ്ടും കുഴിയും. പോരാത്തതിന് രാത്രിയായാല്‍ മിന്നാ മിനുങ്ങിന്റെ വെട്ടം പോലുമില്ല.
ദുര്‍ഘടമായ ഈ പാതയിലൂടെ ദുഷ്കരമായ യാത്ര നടത്തി വേണം അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ നൂറുകണക്കിന് യാത്രക്കാര്‍ ഇരുട്ടില്‍ തപ്പിതടയുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഇവിടത്തെ ഭരണവര്‍ഗ്ഗം.
അങ്ങാടിപ്പുറം മേല്‍പ്പാലം റോഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും എഫ്സിഐ ഗോഡൗണിലേക്കും പോകേണ്ട വഴിയാണ് നാമവശേഷമായിരിക്കുന്നത്. മേല്‍പ്പാലം വന്നതോടുകൂടി ഭൂരിപക്ഷം യാത്രക്കാരും ആശ്രയിക്കുന്നത് ഈ വഴിയാണ്. രാത്രി 8.10ന് ഉള്ള ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചറിനും 9.25ന്റെ രാജ്യറാണി എക്സ്പ്രസിനും പോകുകയും വരികയും ചെയ്യുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. റെയില്‍വേ പാളത്തില്‍ നിന്ന് റോഡിലേക്ക് എത്തുന്നത് തന്നെ കുറ്റിക്കാടുകള്ക്കിടയിലൂടെയാണ്.
പലര്‍ക്കും വെളിച്ചം കാണാനുള്ള ഏക വഴി മൊബൈല്‍ ടോര്‍ച്ചാണ്. അതും ഇല്ലെങ്കില്‍ കുടുങ്ങിയത് തന്നെ. ഇഴജന്തുക്കളോടും തെരുവുനായകളോടും പോരാടി വേണം മെയിന്‍ റോഡിലെത്താന്‍. റോഡിലെത്തിയ ശേഷം പിന്നിട്ട വഴിയിലേക്ക് തിരിഞ്ഞ് നോക്കിയാലേ, തങ്ങള്‍ കാണിച്ച സാഹസികത വ്യക്തമാവുകയുള്ളു. എന്തായാലും ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: