മലപ്പുറം: പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് സാമ്പാത്തിക സഹായം നേടിയവരെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മലപ്പുറം എസ്എന്‍ഡിപി യൂണിയന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആരൊക്കെ, എത്രയൊക്കെ വായ്പ സ്വീകരിച്ചുവെന്നും തുകകള്‍ എങ്ങനെ ചിലവഴിച്ചെന്നതിനെ കുറിച്ചും അന്വേഷിക്കണം. മലപ്പുറം എസ്എന്‍ഡിപി യൂണിയന് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശാഖായോഗ ഭാരവാഹികളുടെയും, വനിതാസംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികളുടെയും, മൈക്രോ ഫൈനാന്‍സ് കണ്‍വീനര്‍, ജോയിന്റ് കണ്‍വീനര്‍ തുടങ്ങിയര്‍ പങ്കെടുത്ത യോഗമാണ് ഈ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയത്.
എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കുന്നതിന് വേണ്ടിയാണ് മൈക്രോ ഫൈനാന്‍സ് വിവാദം ഉണ്ടാക്കിയതെന്ന് യോഗം കുറ്റപ്പെടുത്തി.
യോഗത്തില്‍ യൂണിയന് പ്രസിഡന്റ് അയ്യപ്പന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ദാസന് കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി സുബ്രമണ്യന്‍ ചുങ്കപ്പള്ളി സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. നാരായണന് നല്ലാട്ട്, മലപ്പുറം ശാഖ സെക്രട്ടറി ജതീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് പ്രദീപ് ചുങ്കപ്പള്ളി സ്വാഗതവും വനിതാസംഘം സെക്രട്ടറി സരള നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: