വണ്ടൂര്‍: നടുവത്ത് ശ്രീഈശ്വരമംഗലം ശിവക്ഷേത്രത്തില്‍ ശ്രീകോവിലും മോഷണം. എട്ട് ഭണ്ഡാരങ്ങള്‍ കൊള്ളയടിച്ചു. ശിവന്റെ ശ്രീകോവിലേക്കുള്ള ഗേറ്റിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയിട്ടുള്ളത്.ചൊവ്വാഴ്ച്ച പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ തിരുമേനിയാണ് മോഷണ വിവരമറിയുന്നത്. ശ്രീകോവിലിന്റെ ഗേറ്റിന്റെ പൂട്ടു പൊളിച്ചത് ശ്രദ്ധയില്‍പെട്ട് നടത്തിയ പരിശോധനയിലാണ് വിവിധയിടങ്ങളിലുള്ള ഭണ്ഡാരങ്ങളെല്ലാം പൂട്ടു പൊട്ടിച്ച നിലയില്‍ കണ്ടത്. ഒമ്പതു ഭണ്ഡാരങ്ങളുള്ള ക്ഷേത്രത്തില്‍ ശിവന്റെയും,ഗണപതിയുടേയും ശ്രീ കോവിലിനകത്തുള്ളവയും, സര്പ്പക്കാവിനടുത്തുള്ളതും പുറത്തുള്ളവയുമായ എട്ടെണ്ണമാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. അയ്യപ്പന്റെ കോവിലിനു മുന്നിലുള്ള ഭണ്ഡാരം പൊളിച്ചിട്ടില്ല. ശിവന്റെ ശ്രീകോവിലിന്റെ പൂട്ടു പൊളിച്ചിട്ടുണ്ടെങ്കിലും വിഗ്രഹത്തിലുണ്ടായിരുന്ന വെള്ളി കൊണ്ടുള്ള ചന്ദ്രകലയുള്പെടെയുള്ള ആഭരണങ്ങള്‍ നഷ്ടപെട്ടിട്ടില്ല. സര്‍പ്പക്കാവിനടുത്തുള്ള പൂന്തോട്ടത്തില്‍ സ്ഥാപിച്ച കൃഷ്ണന്,രാധ സ്തൂപത്തിന്റെ ചില്ലു കൊട്ടുള്ള ചട്ടകൂടും പൊളിച്ചിട്ടുണ്ട്.മലപ്പുറത്തു നിന്നും ഡോഗ് സ്ക്വാഡെത്തിയെങ്കിലും സ്കൂളിനോടു ചാരിയുള്ള തായംകോട് റോഡിലൂടെ ഒരു കിലോമീറ്ററോളം ദൂരമോടി വയലിനു സമീപത്ത് പോലീസ് നായ ഓട്ടമവസാനിപ്പിച്ചിച്ചു. എല്ലാ മാസവും ഒന്നാം തീയതിയാണ് ഭണ്ഡാരം പരിശോധിക്കാറുള്ളത്. കര്‍ക്കിടക മാസമായതിനാല്‍ കാണിക്കയില്‍ വര്‍ധനവുണ്ടാകുമെന്നതിനാല്‍ നഷ്ടം കണക്കാകാനാവില്ലെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്ദരായ അനൂപ് ജോണ്‍,എം.എ മജീദ്,വി.ജി വിനോദ് എന്നിവര്‍ പരിശോധന നടത്തി.സി.ഐ സാജു കെ അബ്രഹാം,എസ്.ഐ.എസ്.ആര് സനീഷ്,ജോര്‍ജ് ചെറിയാന് എന്നിവരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: