കേരളത്തില്‍ പണ്ടുകാലങ്ങളില്‍ വ്യാപകമായി ചെയ്തിരുന്ന മോടന്‍, പള്ളിയാല്‍ നെല്‍കൃഷി തുടങ്ങി തെങ്ങിന് തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെല്‍കൃഷിയെയാണ് കരനെല്‍ കൃഷി അഥവ, ‘കരനെല്ല്’ എന്ന് വിളിക്കുന്നത്.
തണലില്‍ വളരുന്നതും വരള്‍ച്ചയെ ചെറുക്കാന്‍ കഴിയുന്നതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടന്‍ ഇനം നെല്ലിനങ്ങള്‍ കൃഷിചെയ്തിരുന്നു. തെങ്ങിന് തോപ്പുകളാല്‍ സമൃദ്ധമായ കേരളത്തില്‍ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പില്ക്കാലങ്ങളില് ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളില്‍ അരിഭക്ഷണലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു. കൗതുകകരമായ നാട്ടറിവുകളില്‍ ഒന്നാണ് ഈ കൃഷിരീതി.
ഒരുങ്ങുന്നത് ഇങ്ങനെ
കരകൃഷിക്ക് അനുയോജ്യമായത് തുറന്ന പ്രദേശങ്ങളാണ്. പല നെല്ലിനങ്ങളും സൂര്യപ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും വളരുന്നവയാണ്. സൂര്യപ്രകാശം ലഭിക്കുന്ന 25 വര്‍ഷത്തിലധികം പ്രായമുള്ള തെങ്ങിന് തോപ്പുകളിലും കരനെല്‍കൃഷി ചെയ്യാം. കരനെല്‍കൃഷി ചെയ്യുന്ന സ്ഥലത്ത് പയര്‍ കൃഷിചെയ്ത് ജനുവരി മാസത്തോടെ ഉഴുത് മണ്ണ് വെയില് കൊള്ളിക്കണം. ഏപ്രില്‍ പകുതിയാകുമ്പോള്‍ വീണ്ടും നിലമൊരുക്കാം. നിലം ഉഴുന്ന സമയത്ത് ജൈവവളങ്ങള്‍ അടിവളമായി ചേര്‍ക്കാം. വിത്ത് വിതച്ച് കണ്ടം നിരപ്പാക്കണം. ഒരു സെന്റില്‍ കുഴിയെടുത്ത് നടുന്നതിന് 300ഗ്രാം വിത്തും വിതറുന്നതിന് 400ഗ്രാം വിത്തും ശരാശരി വേണം. മണ്ണിന്റെ അമ്ലസ്വഭാവം വയല്‍ പ്രദേശത്തെ അപേക്ഷിച്ച് കൂടുതലാണെന്നതിനാല്‍ മേല്‍വളപ്രയോഗത്തിന് മുമ്പ് ആവശ്യത്തിന് കുമ്മായം ചേര്‍ക്കുന്നതും നല്ലതാണ്. പരമ്പരാഗതമായി പലയിനം നെല്‍വിത്തുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ കര്‍ഷകര്‍ കൈമാറ്റം ചെയ്തിരുന്ന ഈ വിത്തിനങ്ങളെല്ലാം ഹരിതവിപ്ലവത്തിന്റെ തുടക്കത്തോടെ നാമാവശേഷമായി.
വിത്തിനങ്ങള്‍
പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രം പുറത്തിറക്കിയ ചില കരനെല്‍ വിത്തിനങ്ങളാണ് പി.ടി.ബി 28 (കട്ടമോടന്‍), പി.ടി.ബി 29 (കറുത്തമോടന്‍), പി.ടി.ബി 30 (ചുവന്ന മോടന്‍), സ്വര്‍ണ്ണപ്രഭ, വൈശാഖ് എന്നിവ. കൂടാതെ വയലില്‍ കൃഷി ചെയ്യുന്ന ഐശ്വര്യ, ആതിര, മട്ട ത്രിവേണി തുടങ്ങിയവയും കരകൃഷിക്ക് അനുയോജ്യമാണ് . പരമ്പരാഗത നെല്ലിനങ്ങളായ കറുത്തക്കുടുക്കന്‍, ചൊമാല, കല്ലടിയാരന്‍,ചുവന്ന തൊണ്ണൂറാന്‍ ,വെള്ളത്തൊണ്ണൂറാന്‍, കറുത്ത ഞവര, പാല്‍ക്കയമ, കുന്തിപ്പുല്ലന്‍, ഓക്കക്കുഞ്ഞ്, ചോമ(ചാമ) , വെളുത്ത പനംകുറവ, കറുത്ത പനംകുറവ എന്നിവയും കരകൃഷി ചെയ്തുവരുന്ന ഇനങ്ങളാണ്. വയലിനെ അപേക്ഷിച്ച് കരനെല്ലിന് വിളവ് താരതമ്യേന കുറവാണ്.
കളകളും,
കീടനിയന്ത്രണവും
കരനെല്‍കൃഷിയുടെ പ്രധാന ശത്രു കളകളാണ്. വ്യാപകമായി പ്രശ്നമുണ്ടാക്കുന്ന മുത്തങ്ങയേയും വീതിയിലയന്‍ കളകളേയും നിയന്ത്രിക്കാന്‍ കളനാശിനികള്‍ ഉപയോഗിക്കാം. മഴയെ ആശ്രയിച്ചാണ് കരകൃഷി എങ്കിലും അടിക്കണ പരുവത്തിലും കതിരിടുന്ന സമയത്തും നന ഉറപ്പാക്കണം. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കവിധത്തില്‍ നനയ്ക്കുന്നത് വിളവ് കൂട്ടാന്‍ സഹായിക്കും. രാസവളങ്ങള്‍ ചേര്‍ക്കുന്ന സമയങ്ങളില്‍ മണ്ണിന് നനവ് അത്യാവശ്യമാണ്. കരനെല്‍കൃഷിക്ക് കീടബാധ താരതമ്യേന വളരെ കുറവായിട്ടാണ് കണ്ടുവരുന്നത്. കതിരിടുന്ന സമയത്തെ ചാഴിയുടെ ആക്രമണം പ്രതിരോധിക്കാന്‍ കാന്താരിമുളക്- വെളുത്തുള്ളി മിശ്രിതം ഗോമൂത്രത്തില്‍ ചേര്‍ത്ത് തളിയ്ക്കാം. സന്ധ്യാസമയത്ത് പുരയിടത്തിന് സമീപം കരിയിലയും മറ്റും കൂട്ടി തീയിടുന്നതും ചാഴി ശല്യം കുറയ്ക്കാന്‍ സഹായിക്കും.
കരകൃഷിക്കുള്ള
ഗുണങ്ങള്‍
തെങ്ങിന് തോപ്പിലും ഇടവിളയായി നെല്‍കൃഷിചെയ്യാം എന്ന സാധ്യത നെല്ലിന്റെ ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ മഴയെ മാത്രം ആശ്രയിച്ച് കരനെല്ല് കൃഷി ചെയ്യാനാകും. അമിതമായ അദ്ധ്വാനവും പരിചരണങ്ങളും ആവശ്യമില്ലാത്തതിനാല്‍ കൃഷിക്കാര്‍ക്ക് മെച്ചമാണ്. വയലിലെ കൃഷിയെ അപേക്ഷിച്ച് കീടനാശിനി ഉപയോഗം കുറവായതിനാല്‍ വൈക്കോലും മറ്റും കന്നുകാലികള്‍ക്ക് വിശ്വസിച്ച് കൊടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: