പാലക്കാട്: വികസന നേട്ടത്തിന് തെളിവായി ഇ -ജില്ലാ പദ്ധതിയില്‍ പാലക്കാട് ജില്ലയുടെ കുതിപ്പ്. സംസ്ഥാന ഐ.ടി മിഷന്റെ കഴിഞ്ഞ ഏപ്രിലിലെ പ്രതിമാസ അവലോകന റിപ്പോര്‍ട്ടിലും പാലക്കാടിന്റെ മേല്‍ക്കൈക്ക് മാറ്റമില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസംകൂടാതെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സംവിധാനത്തിന്റെ സഹായത്തോടെ നടപ്പാക്കിയ പദ്ധതി ജില്ലയില്‍ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2016- 17 സാമ്പത്തിക വര്‍ഷത്തെ ആദ്യ മാസത്തെ റിപ്പോര്‍ട്ടിലാണ് ജില്ലക്ക് പ്രശംസ. 2011ല്‍ പൈലറ്റ് പദ്ധതിയായി നടപ്പാക്കിയതുമുതല്‍ തുടങ്ങിയതാണ് പാലക്കാടിന്റെ ഈ രംഗത്തെ മുന്നേറ്റം. കേരളത്തിലെ ആദ്യത്തെ പേപ്പര്‍രഹിത റവന്യൂ ജില്ലയെന്ന ഖ്യാതിയിലേക്ക് ഉയര്‍ന്ന പാലക്കാട് ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിലും വന്‍ നേട്ടമാണ് കൈവരിച്ചത്. 2016 ഏപ്രില്‍ മാസത്തെ അവലോകന റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ പദ്ധതിയുടെ പ്രകടനം 84.85 ശതമാനമെന്ന മികച്ച നിലയിലാണ്. സേവനമപരമായ നേട്ടം കണക്കാക്കിയാല്‍ ഒന്നാം റാങ്കിങ്ങില്‍ തുടരുകയാണ് ജില്ല.
ഏറ്റവുമധികം അപേക്ഷ സ്വീകരിച്ചതും അപ്രൂവല്‍ നല്കിയതും പാലക്കാടാണ്. 1000 ജനസംഖ്യക്ക് 15.39 പേര് എന്നതോതിലാണ് പാലക്കാടിന് ഈ രംഗത്തെ നേട്ടം. തൊട്ടുപിറകില്‍ കണ്ണൂരും കാസര്‍ക്കോടുമാണ്. തിരുവനന്തപുരമാണ് ഏറ്റവും പിറകില്‍. 1000 ജനസംഖ്യക്ക് അഞ്ചുപേര്‍ മാത്രം. ഏപ്രില്‍ മാസം 43267 അപേക്ഷകളാണ് ജില്ലയില്‍ അപ്രൂവല്‍ ചെയ്തത്. മലപ്പുറവും കണ്ണൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 2015 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ അപ്രൂവല്‍ ചെയ്യുന്ന അപേക്ഷകളുടെ എണ്ണത്തില്‍ 20.39 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും മികച്ചതാണ്. കഴിഞ്ഞ ഏപ്രിലില്‍ ജില്ലയില്‍ 52371 സര്‍ട്ടിഫിക്കറ്റ് അപേക്ഷകളാണ് അക്ഷയ വഴി എത്തിയത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്തത് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലാണ്. മലപ്പുറവും കണ്ണൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. സംസ്ഥാനത്ത് ഏപ്രിലില്‍ അക്ഷയ വഴി 3.6 ലക്ഷം സര്‍ട്ടിഫിക്കറ്റ് അപേക്ഷ എത്തിയപ്പോള്‍ ഇതില്‍ അര ലക്ഷത്തിലധികം പാലക്കാട് ജില്ലയില്‍നിന്നാണ്. അക്ഷയയിലേക്ക് എത്തിയതില്‍ ഏറ്റവും കുറവ് സര്‍ട്ടിഫിക്കറ്റ് അപേക്ഷ തിരിച്ചയച്ച ജില്ലയും പാലക്കാടാണ്. 5.23 ശതമാനം അപേക്ഷ മാത്രമാണ് ജില്ലയില്‍ തിരിച്ചയച്ചത്. ഏറ്റവും കൂടുതല്‍ അപേക്ഷ തിരിച്ചയച്ച ജില്ല ഇടുക്കിയാണ്. 10.30 ശതമാനം. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ പ്രോസസ് ചെയ്ത വില്ലേജ് ഓഫിസുകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് കിഴക്കഞ്ചേരി, നെല്ലായ, ഒറ്റപ്പാലം -രണ്ട് വില്ലേജ് ഓഫിസുകളാണ്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ക്ക് അപ്രൂവല്‍ നല്‍കിയത് പിരായിരി വില്ലേജ് ഓഫിസര്‍ കെ.ചന്ദ്രകുമാറാണ്. ഏപ്രിലില്‍ 714 സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് ചന്ദ്രകുമാര്‍ അപ്രൂവല്‍ നല്‍കിയത്. ഇ – ജില്ലാ പദ്ധതിയെന്നാല്‍ ജനങ്ങള്‍ക്ക് പൊതുസേവന കേന്ദ്രങ്ങള്‍ വഴിയും വെബ്പോര്ട്ടലുകളിലൂടെയും സര്‍ക്കാര്‍ സേവനങ്ങള്‍ നല്കാന് ഉദ്ദേശിച്ച് സംസ്ഥാന ഐ.ടി മിഷന് നടപ്പാക്കിയ പദ്ധതിയാണ് ഇ-ജില്ല. വിവിധ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള സേവനങ്ങള്‍ ഏതൊരു സേവനകേന്ദ്രത്തില്കൂടിയും ലഭ്യമാക്കുക ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ആയാസരഹിതവും കുറഞ്ഞ സമയത്തിനുള്ളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കുന്നു. 2011ല്‍ പൈലറ്റ് പ്രോജക്ട് ആയി പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നടപ്പാക്കിയ പദ്ധതി പിന്നീട് സംസ്ഥാന വ്യാപകമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: