മലപ്പുറം: തൊഴിലവസരങ്ങളുടെ കുറവു മാത്രമല്ല നൈപുണ്യത്തിന്റെ അഭാവവും യുവതീ യുവാക്കളുടെ തൊഴിലില്ലായ്മക്ക് കാരണമാകുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി പറഞ്ഞു. എല്ലാ വ്യക്തികളിലും ഏതെങ്കിലും നൈപുണ്യം അന്തര്‍ലീനമാണെന്നും അത് പ്രയോഗിക്കുന്തോറും വളരുന്നതാണെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന ‘ലോക യുവജന നൈപുണ്യ ദിനാചരണം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷനായി.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും ആചരിക്കുന്ന ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം ‘ യുവജന തൊഴിലസരങ്ങള്ക്ക് നൈപുണ്യ വികസനം’ എന്നതാണ്. കുടുംബശ്രീക്കു കീഴില്‍ നൈപുണ്യ വികസന പരിശീലനത്തോടൊപ്പം തൊഴില്‍ നല്കുന്ന ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ തൊഴില്‍ വൈദഗ്ധ്യ വികസനം (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയിലൂടെ ജില്ലയില്‍ 93 പേര്‍ക്ക് ഇതിനകം തൊഴില്‍ ലഭിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായ പദ്ധതിയുടെ ഗുണഭോക്താക്കളായി ഗ്രാമീണ മേഖലയിലെ ബി.പി.എല്‍/കുടുംബശ്രീ കുടുംബാംഗങ്ങളായ യുവതീയുവാക്കളെയാണ് പരിഗണിക്കുന്നത്.
ദിനാചരണത്തിന്റെ ഭാഗമായി തൊഴില്‍ കാര്യക്ഷമതയും നൈപുണ്യ വികസനവും എന്ന വിഷയത്തില്‍ വിജയഭേരി ജില്ലാ കോഡിനേറ്റര്‍ ഡോ.ടി സലീം ക്ലാസെടുത്തു. പരിമിതിക്കുള്ളില്‍ നിന്നും സ്വപ്രയത്നം കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ കോഡൂര്‍ ഗ്രാമ പഞ്ചായത്തിലെ ടി മുസ്തഫ സദസ്സുമായി സംവദിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന് കോഡിനേറ്റര്‍ സി. റഫീഖ് എ.ഡി.എം.സി നിസാമുദ്ദീന്‍. വി, ഡിഡിയു.ജി.കെ.വൈ കണ്‍സള്‍ട്ടന്റ് ഷഫീഖ് റഹ്മാന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: