തൃശൂര്‍: ആയിരക്കണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നു പോകുന്ന തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗട്ടറുകളുടെ എണ്ണം ഓരോ ദിവസവും പെരുകുന്നു. ക്വാറി വേസ്റ്റും മെറ്റലുമിട്ട് ദേശീയപാതയിലെ ഗട്ടറുകള്‍ നികത്താന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും അതെല്ലാം പാഴ്വേലയാകുന്ന സ്ഥിതിയാണിപ്പോള്‍.
തൃശൂര്‍-പാലക്കാട് ദേശീയപാത ആറുവരിപ്പാതയാക്കാനുള്ള പണികള്‍ തുടരുന്നതുകൊണ്ട് ഇതുവഴിയുള്ള ഗതാഗതം ഏറെ ദുഷ്കരമായിരിക്കുകയാണ്. തകര്‍ന്നു കിടക്കുന്ന ദേശീയപാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടും ആറുവരി പാതയുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടും പി.കെ.ബിജു എം.പി കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി നേരിട്ട് റോഡ് നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ എത്തുമെന്ന് എം.പിയെ അറിയിച്ചിരുന്നു.
കൂടാതെ ഒല്ലൂര്‍ എം.എല്‍.എ കെ.രാജന് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തു വകുപ്പു മന്ത്രി ജി.സുധാകരന് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് റോഡിന്റെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം തീര്‍ക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതെത്തുടര്‍ന്ന് റോഡിലെ കുഴികള്‍ നികത്താന്‍ അടിയന്തിരമായി പണികള്‍ തുടരുന്നുണ്ട്.പല സ്ഥലത്തും മെറ്റലും ക്വാറി വേസ്റ്റുമിട്ട് കുഴി മൂടിയെങ്കിലും മഴ പെയ്യുന്നതോടെ ആ കുഴികള്‍ വീണ്ടും വന്‍ കുഴികളായി മാറുകയാണ്. റോഡിലെ കുഴികള്‍ മൂലം വാഹനങ്ങള്‍ക്ക് വേഗത്തില്‍ പോകാന്‍ കഴിയാത്തതിനാല്‍ തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്.
മഴയെത്തിയതോടെ ആറുവരി പാതയുടെ നിര്‍മ്മാണവും തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കയാണ്. പാലങ്ങളുടെ പണികളും മറ്റു ചെറിയ പണികളും മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. റോഡുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് മണ്ണുത്തിയില്‍ നിന്ന് വടക്കഞ്ചേരിക്ക് എത്തേണ്ടവര്‍ രണ്ടു മണിക്കൂറിലധികം സമയമെടുത്താണ് ലക്ഷ്യസ്ഥാനതെത്തുന്നത്.
പാലക്കാട് ഭാഗത്തു നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് എത്താനായി വളരെ നേരത്തെ തന്നെ വീട്ടില്‍ നിന്ന് പുറപ്പെടേണ്ട അവസ്ഥയിലാണ് പ്രവാസികള്‍. ഗട്ടറുകളില്‍ വീണ് ലോറികള്‍ കേടാകുന്നതും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വലിയ കണ്ടൈനര്‍ ലോറികളും ടാങ്കര്‍ ലോറികളും പകല്‍സമയത്തു പോലും ഈ റൂട്ടിലോടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്. ഇവ കേടുവന്ന വഴിയില്‍ കിടക്കുന്നതും ഗട്ടറില്‍ വീണ് ആക്സിലൊടിഞ്ഞ് വഴിയില്‍ നില്ക്കുന്നതും പതിവാണ്. ഇത്തരം വലിയ ലോറികള്‍ വഴിമുടക്കികളാകുന്നതോടെ ബസുകാരും മറ്റു വാഹനങ്ങളും ഗതാഗതക്കുരുക്കില്‍ പെടുന്നു.
ഈ റൂട്ടിലോടുന്ന ബസ് സര്‍വീസുകാരും സമയത്തിന് ഓടിയെത്താന്‍ കഴിയാതെ പ്രശ്നത്തിലാണ്. കുരുക്കില്‍ പെട്ട് നേരം വൈകുന്നതോടെ മരണപ്പാച്ചില്‍ നടത്തിയാണ് ബസുകാര് സമയം പാലിക്കുന്നത്. ബസുകളുടെ മരണപ്പാച്ചില്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കും മറ്റു വാഹനയാത്രക്കാര്‍ക്കും ഭീഷണിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: