തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം
തൃശൂര്‍: ഇനി രാമായണ മാസത്തിന്റെ ശീലുകള്‍. ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളും രാമനാമങ്ങളാലും രാമായണപാരായണത്താലും മുഖരിതമാകും. ഒരുകാലത്ത് ഹൈന്ദവ ഭവനങ്ങളില്‍ രാമായണം നിത്യപാരായണമായിരുന്നുവെങ്കില് ഇടക്കാലത്ത് അതിന് അല്പം ഭംഗം നേരിട്ടിരുന്നു. എന്നാല്‍ ഇന്നത് പൂര്‍വാധികം ശക്തിയോടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം വായിക്കുക എന്നത് ഏതൊരു ഹിന്ദുവിന്റേയും അഭിമാനമായി മാറിയിരിക്കുന്നു. അതോടൊപ്പം വിദ്യാലയങ്ങളിലും കലാലയങ്ങളിലും എന്തിനധികം ക്ലബ്ബുകള്‍ പോലും രാമായണത്തില്‍ അധികരിച്ച് വിവിധ തരത്തിലുള്ള മത്സരങ്ങള്‍ നടത്തുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. അതോടൊപ്പം രാമായണവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക എന്നത് ഒരു പുണ്യമായി കേരളീയര്‍ കരുതുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തൃശൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍. ഇവ തൃശൂര്‍ ജില്ലയിലാണെങ്കിലും സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ ദര്‍ശന പുണ്യത്തിനായി ഇവിടെ എത്തിച്ചേരുന്നു. നിത്യേന പതിനായിരക്കണക്കിന് ഭക്തന്മാര് ഈ പുണ്യസങ്കേതങ്ങളില് ദര്‍ശനത്തിനായി എത്തിച്ചേരുന്നുവെന്നതുതന്നെ അവയുടെ പരിപാവനതയും ഭക്തിയും ഉദ്ഘോഷിക്കുന്നു. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടാണ് ജില്ലാടൂറിസം പ്രമോഷന് കൗണ്‍സിലും നാലമ്പലതീര്ത്ഥാടന യാത്രക്ക് തുടക്കം കുറിച്ചിട്ടുള്ളത്.
കര്‍ക്കിടകമാസത്തില്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളില്‍ ശ്രീരാമനേയും സഹോദരന്മാരേയും ഒരേദിവസം തന്നെ ദര്‍ശിക്കുകയെന്നത് പുണ്യമായി കേരളീയര്‍ വിശ്വസിക്കുന്നു. തൃപ്രയാറില്‍ തീവ്രാനദിയുടെ കരയിലുള്ള ശ്രീരാമസ്വാമിക്ഷേത്രം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ പ്രസിദ്ധമായിരുന്നു. ഇവിടെ ഉത്സവമോ കൊടിയോ ഇല്ല. അതേസമയം ആറാട്ടുപുഴ പൂരത്തിന് നേതൃത്വം വഹിക്കുന്നത് തൃപ്രയാര്‍ തേവരാണ്. ഈ വിഗ്രഹത്തിന് തൃമൂര്ത്തിചൈതന്യം ഉണ്ടെന്നാണ് വിശ്വാസം.
അവിലും മീനൂട്ടുമാണ് ഇവിടുത്തെ പ്രധാന വഴിപാട്. രാമായണ പാരായണവും മുറജപവും കര്‍ക്കടകത്തിലെ വഴിപാട്. പുലര്‍ച്ചെ മൂന്നിന് നടതുറക്കും. ഇത്തവണ ക്ഷേത്രത്തിനകത്ത് മഴനനയാതെ ഒരേസമയം അയ്യായിരം പേര്‍ക്ക് നില്ക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
![](https://janmabhumi.in/wp-content/uploads/archive/2016/07/koodalmanikam.jpg)
ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം
മൈസൂര്‍ സുല്‍ത്താന്റെ ആക്രമണത്തിനുശേഷം പുനരുദ്ധരിച്ച കൂടല്‍മാണിക്യക്ഷേത്രത്തില്‍ ഭരതസങ്കല്പമാണ്. വട്ടശ്രീകോവിലില്‍ ആറടി പൊക്കമുള്ള ചതുര്‍ബാഹുവാണ് വിഗ്രഹം. താമരമാലചാര്ത്തലാണ് പ്രധാന വഴിപാട്. അംഗുലീയാംഗം കൂത്ത്, മീനൂട്ട് എന്നിവയും പ്രസിദ്ധമാണ്. തുലാമാസത്തിലെ തൃപ്പുത്തരിയും ഇതിനോടനുബന്ധിച്ച് മുക്കുടിയുമാണ് പ്രധാനം. ഇവിടേയും പുലര്‍ച്ചെ മൂന്നിന് നടതുറക്കും. ദര്‍ശന സൗകര്യത്തിനായി വിശാലമായ ക്യൂകോംപ്ലക്സ് ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റും പന്തലും നിര്‍മ്മിച്ചിട്ടുണ്ട്. കിഴക്കേ നടയിലൂടെ പ്രവേശിച്ച് ദര്‍ശനം നടത്തി പടിഞ്ഞാറെ നടയിലൂടെ പുറത്തിറങ്ങാം. തുടര്‍ന്ന് കുലീപിനി തീര്‍ത്ഥക്കുളം വലംവെച്ച് കിഴക്കേനടയില്‍ എത്താം.
![](https://janmabhumi.in/wp-content/uploads/archive/2016/07/9532-134750-moozhikulam-lakshmana-temple.jpg)
മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം
മൂഴിക്കുളം ലക്ഷ്മണസ്വാമിക്ഷേത്രം ചേരസാമ്രാജ്യത്തിന്റെ കാലത്തുതന്നെ പ്രസിദ്ധമാണ്. ഇവിടെ രണ്ടുനില വട്ടശ്രീകോവിലാണ്. അഞ്ചരയടി പൊക്കമുള്ള ചതുര്‍ബാഹുവാണ് വിഗ്രഹം. മഹാഗണപതിയും ദക്ഷിണാമൂര്‍ത്തിയുമാണ് മറ്റുപ്രതിഷ്ഠകള്‍. ഇവിടെയും നാലായിരത്തോളം പേര് ഒരേസമയം മഴകൊള്ളാതെ നിന്ന് ദര്‍ശനം നടത്തുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാല്‍പ്പായസമാണ് പ്രധാന വഴിപാട്. കിഴക്കേ നടയിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ലക്ഷ്മണസ്വാമിയെ വണങ്ങി ഉപദേവതകളെ തൊഴുത് വീണ്ടും ലക്ഷ്മണനെ വണങ്ങണം ഇതാണ് ശാസ്ത്രം. തുടര്‍ന്ന് പ്രദക്ഷിണമായെത്തി ശാസ്താവിനെയും ഭഗവതിയെയും തൊഴുത് ഗോശാലകൃഷ്ണനെ വന്ദിച്ച് വീണ്ടും ലക്ഷ്മണസ്വാമിയെ വന്ദിക്കണം. തിങ്കള്‍ മുതല്‍ വെള്ളിവരെ പുലര്‍ച്ചെ നാലരക്ക് ദര്‍ശനത്തിനായി നടതുറക്കും. രാത്രി എട്ടരവരെ ദര്‍ശനം ഉണ്ടായിരിക്കും.
![](https://janmabhumi.in/wp-content/uploads/archive/2016/07/payammel-temple.jpg)
പായമ്മല്‍ ശത്രുഘ്നസ്വാമിക്ഷേത്രം
ടിപ്പുവിന്റെ പടയോട്ടത്തില്‍ നശിച്ച പായമ്മല്‍ ശത്രുഘ്നക്ഷേത്രം പിന്നീട് ഭക്തജനങ്ങള്‍ ക്ഷേത്രസേവാസമിതിയുണ്ടാക്കി നവീകരിക്കുകയായിരുന്നു. ചതുരശ്രീകോവില്‍, ചതുര്‍ബാഹുവിഗ്രഹം കിഴക്കോട്ട് ദര്‍ശനം ആണ് പ്രത്യേകത. ശത്രുദോഷനിവാരണത്തിനും സമ്പദ്സമൃദ്ധിക്കും സുദര്‍ശന പുഷ്പാഞ്ജലിയാണ് പ്രധാനം. ശ്രീകോവിലിന്റെ ശിലയില്‍ ഗണപതിയും മുഖമണ്ഡപത്തില്‍ ഹനുമാന്റെ സങ്കല്പവും ഉണ്ട്. അത്താഴപൂജ തൊഴലാണ് പ്രധാനം. പുലര്‍ച്ചെ 5.30ന് ദര്‍ശനത്തിനായി നടതുറക്കും. വൈകീട്ട് 4.30ന് തുറന്ന് 9ന് അടക്കും. പായമ്മലിലും അയ്യായിരം പേര്‍ക്ക് ഒരേ സമയം മഴയും വെയിലും കൊള്ളാതെ നിന്ന് ദര്‍ശനം നടത്തുവാനുള്ളസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കിഴക്കേ നടയിലൂടെയാണ് പ്രവേശനം.
ഇത്തവണ കെഎസ്ആര്‍ടിസി ബസ്സുകള്‍ ദര്‍ശനത്തിനായി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 6നും 6.30ന് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന സര്‍വീസ് തൃപ്രയാര്‍ ദര്‍ശനത്തോടെയാണ് തുടക്കം കുറിക്കുക. നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയ ശേഷം തിരിച്ച് അവിടെതന്നെ സമാപിക്കും. ഈ സര്‍വീസുകളില്‍ എത്തുന്നവര്‍ക്ക് തടസ്സങ്ങളില്ലാതെ ദര്‍ശനം നടത്തുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ നാലമ്പലദര്‍ശനത്തിന്റെ പ്രാമുഖ്യവും ഓരോ വര്‍ഷവും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ വര്‍ദ്ധനവും കണക്കിലെടുത്ത് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഇത്തവണയും ക്ഷേത്രങ്ങളും ഭരണാധികാരികളും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: