പുലാമന്തോള്‍: ടൗണ്‍ വികസനത്തിന്റെ ഭാഗമായി പുലാമന്തോള്‍ പാലം മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗങ്ങളിലെ കച്ചവടസ്ഥാപനങ്ങളും മറ്റും റോഡ് കയ്യേറി അനധികൃതമായി സ്ഥാപിച്ചിരുന്ന കെട്ടിടങ്ങളും മറ്റും പൊളിച്ചുനീക്കാന്‍ തുടങ്ങി. സ്ഥാപനങ്ങളുടെ മുന്നില്‍ കെട്ടിയുണ്ടാക്കിയ സണ്‍ ഷെയ്ഡുകളും സ്റ്റോറേജുകളുമാണ് സ്ഥാപന ഉടമകള്‍ തന്നെ പൊളിക്കുന്നത്. അധികൃതരുടെ ഭാഗത്തു നിന്നും അടുത്ത ദിവസം മുതല്‍ നിയമനടപടികളുണ്ടാവുമെന്ന അറിയിപ്പിനെ തുടര്‍ന്നാണ് തിരക്കിട്ട് കയ്യേറ്റങ്ങള്‍ ഒഴിയാന്‍ വ്യാപാരികള്‍ ശ്രമിക്കുന്നത്. ഗതാഗതക്കുരുക്കില്‍ നട്ടം തിരിയുന്ന പുലാമന്തോള്‍ ടൗണില്‍ ഈ കയ്യേറ്റങ്ങള്‍ വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്താശയോടെയാണ് കയ്യേറ്റക്കാര്‍ അഴിഞ്ഞാടുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഗതാഗതക്കുരുക്കില്‍ മനംമടുത്ത ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. ഫുട്പാത്ത് അടക്കം കയ്യേറിയായിരുന്നു വ്യാപാരികളുടെ കച്ചവടം. കാല്‍നടയാത്രക്കാര്‍ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയിലും. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്തായാലും കയ്യേറ്റങ്ങളൊഴിപ്പിക്കുന്നതോടെ പുലാമാന്തോളിന്റെ മുഖം തന്നെ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: