പാലപ്പിള്ളി: സീനിയര്‍ വിദ്യാര്‍ത്ഥികളെ ബഹുമാനിച്ചില്ലെന്ന കാരണത്താല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റതായി പരാതി. പത്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കന്നാറ്റുപാടം ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം.പ്ലസ് ടു ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ പുതിയതായി എത്തിയ കുട്ടിയെ സ്കൂളിന് പിറകിലേക്ക് വിളിച്ചു കൊണ്ടുപോയ ശേഷം മര്‍ദിക്കുകയായിരുന്നു. പത്തു പേര് ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് കുട്ടി പറയുന്നു. ആറു പേരുടെ പേര് മര്‍ദനമേറ്റ കുട്ടി തന്നെ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
പോലീസ് സ്കൂളില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടു പേരെ കൂടി തിരിച്ചറിഞ്ഞു. രണ്ടു പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ദേഹമാകെ അടിയും ചവിട്ടുമേറ്റ വിദ്യാര്‍ത്ഥി ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വരന്തരപ്പിള്ളി പോലീസില്‍ പരാതി നല്കി.സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുന്നതാണോയെന്നും പരാതിയുടെ നിജസ്ഥിതിയും അന്വേഷിക്കുകയാണെന്ന് പോലീസ് പറയുന്നു. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശാരീരികമായി അക്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സത്യാവസ്ഥ ബോധ്യപ്പെടുന്ന പക്ഷം കുട്ടികളെ ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: