തൃശൂര്‍: സ്കൂള്‍ പ്രവേശത്തിന് ലോകാരോഗ്യസംഘടന നിഷ്കര്‍ഷിച്ചിട്ടുള്ള വാക്സിനുകള്‍ എടുത്ത രേഖകള്‍ നിര്‍ബന്ധ മാനദണ്ഡമാക്കണമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ്പീഡിയാട്രിക്സ് (ഐ.എ.പി))കേരളഘടകം പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വാക്സിനുകള്‍ക്കെതിരെ പ്രചാരണം നടത്തുന്നവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും വാക്സിനുകള്‍ നല്‍കുകയും വേണം.
ആരോഗ്യ, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി വാക്സിന് നല്‍കണം. നാട്ടില്‍ തിരിച്ചത്തെുന്ന പ്രവാസികള്‍ക്കും വാക്സിന് നിര്‍ബന്ധമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരെ സമീപിക്കും.ഡിഫ്തീരിയ ഉള്‍പ്പെടെ രോഗങ്ങള്‍ക്കെതിരെ വാക്സിനേഷന് എടുക്കുന്നതിന് ശക്തമായ ബോധവല്കരണമാണ് ഐ.എ.പി ലക്ഷ്യമിടുന്നത്. പനി, തൊണ്ടവേദന, ഉമിനീര് ഇറക്കാനുള്ള ബുദ്ധിമുട്ട് ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാട്ടുന്ന ഡിഫ്തീരിയ മരണത്തിനും കാരണമാകുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാക്സിനേഷനിലൂടെ നിര്‍മാര്‍ജനം ചെയ്ത ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ തിരിച്ചത്തെുന്നത് വാക്സിന് എടുക്കരുതെന്ന ദുഷ്പ്രചാരണങ്ങളുടെ ഫലമായാണ്.
സമൂഹത്തിന്റെ മൂല്യച്യുതിയില് നിന്നും വരുന്ന ദുരാരോപണങ്ങള്‍ കുട്ടികളുടെ ജീവന് ഭീഷണി ആകരുത്. ഇതിനായ് ഐ.എ.പിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ 12 വരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡിഫ്തീരിയ വാക്സിന് എടുക്കും.
ഐ.എ.പി ഭാരവാഹികളായ ഡോ. ആനന്ദ് കേശവന്, ഡോ. സുന്ദരന്‍, ഡോ. കെ.ആര്. മുകേഷ്, ഡോ. എം.ഇ. സുഗതന്, ഡോ. പി. രാകേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: