മലപ്പുറം: നിര്‍ധനര്‍ക്ക് വീട് നിര്‍മിക്കുന്നതിന് തടസ്സമാവുന്നവിധം സിമെന്റിന് കൃത്രിമക്ഷാവും വില വര്ധനയുമുണ്ടാവുന്നത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് തൊഴില്‍ – വ്യവസായ വകുപ്പ് സെക്രട്ടറിമാരില്‍ നിന്നും റിപ്പോര്‍ട്ട് തേടി. മലപ്പുറം ഗസ്റ്റ് ഹൗസ് സമ്മേളന ഹാളില്‍ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ നടത്തിയ സിറ്റിങില്‍ പൊന്നാനി സ്വദേശിയാണ് നിര്‍ധനര്‍ക്ക് വീട് നിര്‍മാണത്തിന് അവസരം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്.
വന്‍കിട ഫഌറ്റ് നിര്‍മാതാക്കള്‍ ആസൂത്രിതമായി നിര്‍മാണ മേഖലയില്‍ പൂഴ്ത്തിവെപ്പ് നടത്തി കൃത്രിമക്ഷാമവും വിലക്കയറ്റവുമുണ്ടാക്കുകയാണ്. ഇത് തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെട്ട് വില നിയന്ത്രിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നും കേരളത്തിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുള്ള ആവശ്യമാണ് കമ്മീഷന് പരിഗണനയ്ക്കെടുത്ത് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ചാലിയാര്‍ പഞ്ചായത്തില്‍ പെരുമ്പടപ്പ് പി.എച്ച്. സെന്ററിന് കീഴിലുള്ള ഉപകേന്ദ്രം പ്രവര്‍ത്തിക്കാത്തത് സംബന്ധിച്ച് നേരത്തെ മനുഷ്യാവകാശ കമ്മീഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്കി. മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം തകര്‍ന്നത് സംബന്ധിച്ച് കമ്മീഷന് സ്വമേധയാ എടുത്ത കേസില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അടുത്ത സിറ്റിങിന് ഹാജരാവാന്‍ കമ്മീഷന് നിര്‍ദേശം നല്കി. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ ബോര്‍ഡ് സെക്രട്ടറിയോട് ഹാജരാവാന്‍ കമ്മീഷന് നിര്‍ദേശിച്ചു. 41 കേസുകളാണ് കമ്മീഷന് പരിഗണിച്ചത്. ഒമ്പത് കേസുകള്‍ മാറ്റിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: