വലക്കാവ് വട്ടപ്പാറയിലെ അനധികൃത ക്വാറികള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന സമരത്തിന്റെ ഭാഗമായുള്ള കളക്ട്രേറ്റ് മുന്നില്‍ നടന്ന സമരത്തില്‍ ബിജെപി ജില്ലാവൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍: അനധികൃതമായി പ്രവര്‍ത്തിക്കുന്ന വലക്കാവ് വട്ടപ്പാറയിലെ കരിങ്കല്‍ ക്വാറികളും ക്രഷറുകളും നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 12 ദിവസമായി തുടരുന്ന പ്രക്ഷോഭത്തിന് അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ നിന്നും ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം. വിഷയത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് എത്രയും വേഗം നടപടി എടുക്കണമെന്നാണ് മോദിയുടെ ഓഫീസില്‍ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. മലയോര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ബിജെപി നേതാവായ സുദര്ശനന് വഴി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.
ഇതിനെത്തുടര്‍ന്നാണ് മോദിയുടെ ഓഫീസില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനിടെ ഇന്നലെ കളക്ട്രേറ്റിന് മുന്നില്‍ കരിങ്കല്‍ ക്വാറികള്‍ക്ക് അനുകൂലമായും പ്രതികൂലമായും ഉണ്ടായ സമരം സംഘര്‍ഷാവസ്ഥയിലെത്തി. എന്നാല്‍ പോലീസ് സമയോചിതമായി ഇടപെട്ടതിനാല്‍ സംഘര്‍ഷാവസ്ഥ ഒഴിവാവുകയായിരുന്നു. വട്ടപ്പാറയിലെ ജനങ്ങള്‍ അനധികൃത ക്വാറികള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കളക്ട്രേറ്റിലെത്തിയത്. വായമൂടിക്കെട്ടിയുള്ള പ്രതിഷേധസമരം നടക്കുന്നതിനിടെയാണ് അന്യായമായി അടച്ചുപൂട്ടിയ വലക്കാവിലെ കരിങ്കല്‍ ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു – ഐഎന്‍ടിയുസി തൊഴിലാളികള്‍ കളക്ട്രേറ്റിലേക്ക് എത്തിയത്. എന്നാല്‍ 200 മീറ്റര്‍ അകലെ എസിപി ജോസിന്റെ നേതൃത്വത്തില്‍ പോലീസ് അവരെ തടഞ്ഞു.
മലയോര കര്‍ഷകസമിതി നടത്തിയ സമരത്തിന് സുരേന്ദ്രന് ഐനിക്കുന്നത്ത്, എന്‍.ആര്.രാജേന്ദ്രനാഥ്, രാജേഷ് അപ്പാട്ട്, ടി.കെ.വാസു, സി.സി.സാജന് എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു. തൊഴിലാളികളുടെ സമരം എം.എം.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി നേതാവ് സുരേന്ദ്രന് കുന്നത്തുള്ളി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: