കരുവാരകുണ്ട്: മലയോരമേഖലയില്‍ വ്യാജ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു. മൂലക്കുരു,അര്‍ശസ്, പോലുള്ള രോഗങ്ങള്‍ ഏതാനും ദിവസത്തെ ചികിത്സകൊണ്ടു ഭേദമാക്കാമെന്നുള്ള പരസ്യങ്ങള്‍ നല്‍കിയാണ് ജനങ്ങളെ അവര്‍ പാട്ടിലാക്കുന്നത്.
ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും വൈദ്യുതി പോസ്റ്റുകളിലുമെല്ലാം ഇതിന്റെ പരസ്യങ്ങള്‍ വ്യാപകമാണ്. വിലാസം അന്വോഷിച്ചെത്തുന്നവരില് നിന്ന് വന്‍ തുകയാണ് ചികിത്സക്ക് വേണ്ടി ഇവര്‍ വാങ്ങുന്നത്. വിദ്യാഭ്യാസ യോഗ്യതയോ ചികിത്സിക്കാന്‍ അറിവുള്ളവരോ അല്ല ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
ചികിത്സാ കേന്ദ്രം നടത്തുന്നതും ചികിത്സക്കു നേതൃത്വം നല്കുന്നതുമെല്ലാം അന്യസംസ്ഥാനക്കാരാണ്. പശ്ചിമബംഗാള്‍ സ്വദേശികളാണ് ഏറെയും. രേഖകളൊന്നുമില്ലാതെ ഇവര്‍ അലോപ്പതി, ആയൂര്‍വേദം തുടങ്ങിയ എല്ലാമരുന്നും രോഗികള്‍ക്ക് നല്‍കും.
കരുവാരകുണ്ട്, കാളികാവ്, തുവ്വൂര്‍ മേഖലയില്‍ ഇരുപത്തിയഞ്ചോളം ചികിത്സകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരുമടക്കം നൂറുകണക്കിനാളുകള്‍ ദിവസവും വ്യാജചികിത്സാ കേന്ദ്രങ്ങളില്‍ എത്തുന്നുണ്ട്. രോഗമുള്ള ഭാഗങ്ങളില്‍ പ്ലാസ്റ്റിക് നൂലുകെട്ടിയും വേദനാസംഹാരി നല്‍കിയുമാണ് ചികിത്സ.
പ്ലാസ്റ്റിക് നൂല് പരീക്ഷണത്തെ തുടര്‍ന്ന് പ്രമേഹരോഗമുള്ളവരുടെ രോഗമുള്ള ഭാഗങ്ങള്‍ വൃണമായി തീര്‍ന്നിരിക്കുകയാണ്. വഞ്ചിതരായവര്‍ മാനഹാനി ഭയന്ന് പരാതിപ്പെടാന്‍ തയ്യാറാക്കാത്തതിനാലാണ് ഇക്കുട്ടര്‍ തഴച്ചുവളരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: