ആലത്തൂര്‍: സംസ്ഥാനത്തെ ഓറിയന്റല്‍ സ്കൂളുകളില്‍ മലയാള ഭാഷ പഠനം നടപ്പായില്ല. പത്താംതരം വരെ മലയാളം നിര്‍ബന്ധമാക്കി 5 വര്‍ഷം പിന്നിട്ടിട്ടും നടപടികളൊന്നുമായില്ല.
2011 മേയ് ആറിനാണ് മലയാം നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അറബി, സംസ്കൃതം, ഓറിയന്റല്‍ സ്കൂളുകളില്‍ ഒന്നാം പേപ്പര്‍ അതത് വിഷയവും രണ്ടാം പേപ്പര്‍ മലയാളവുമായിരിക്കണമെന്നും നിഷ്കര്‍ഷിച്ചിരുന്നു. മലയാളം പഠിപ്പിക്കുന്നതിനു മൂന്നു പീരിയഡുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് സംസ്കൃതം, അറബി തുടങ്ങിയ ഭാഷകള്‍ പഠിപ്പിക്കാന്‍ സ്ഥാപിച്ചതാണ് ഓറിയന്റല്‍ സ്കൂളുകള്‍.
2013 ഡിസംബര്‍ അഞ്ചിനു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓറിയന്റല്‍ സ്കൂളുകളിലെ മലയാള ഭാഷ പഠനത്തെക്കുറിച്ചു ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരോടു റിപ്പോര്‍ട്ട് ചോദിച്ചപ്പോഴാണു പല വിദ്യാലയങ്ങളും മലയാളം പഠിപ്പിക്കാന്‍ തുടങ്ങിയത്.എന്നാല്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, ഓറിയന്റല്‍ സ്കൂളുകളില്‍ മലയാള ഭാഷ പഠനം നടപ്പാക്കേണ്ടതില്ലെന്നതും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മതിയെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതോടെയാണു സ്ഥിതി സങ്കീര്‍ണമായത്.
ഓറിയന്റല്‍ സ്കൂളില്‍ യുപി ക്ലാസുകളില്‍ മലയാളം പഠിപ്പിക്കുന്നതിനു അധിക തസ്തിക വേണ്ടെങ്കിലും ഹൈസ്കൂളുകളില്‍ ആവശ്യമാണ്. പക്ഷേ, തസ്തിക അനുവദിച്ചിരുന്നില്ല.
2014ല്‍ എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടികള്‍ ഇപ്പോള്‍ പത്താം തരത്തിലാണു പഠിക്കുന്നത്. ചില ഓറിയന്റല്‍ ഹൈസ്കൂളുകളില്‍ ഭാഷാ അധ്യാപകരുടെ എതിര്‍പ്പിനെ തുടര്‍ന്നും മലയാളപഠനം മുടങ്ങിയിരിക്കുകയാണ്.
ചില ഓറിയന്റല്‍ സ്കൂളുകളില്‍ ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ വേറെ ചില സ്കൂളുകളില്‍ ഒന്നാം ഭാഷയായി സംസ്കൃതവും രണ്ടാം ഭാഷയായി മലയാളവുമാണു പഠിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: