ഒറ്റപ്പാലം; താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ മെഷീനുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. നിലവില്‍ ഏഴു മെഷീനുകള്‍ ഉപയോഗിച്ചാണു ചികില്‍സ. 2013ല്‍ തുടങ്ങിയ കേന്ദ്രത്തില്‍ ഇതിനകം 6,159 ഡയാലിസിസുകള്‍ സൗജന്യമായി നടത്തി.
രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് എംപിയുടെ വികസന ഫണ്ട് വിനിയോഗിച്ചു യൂണിറ്റ് വിപുലീകരിക്കാനുള്ള സാധ്യതകള്‍ ആലോചിക്കുന്നത്. കെട്ടിടത്തിലെ താഴത്തെ നിലയില്‍ ഇനിയും മൂന്നു മെഷീനുകള്‍ കൂടി സ്ഥാപിക്കാന്‍ സൗകര്യമുണ്ട്.
ഒന്നാം നിലയില്‍ 10 മെഷീനുകളും ഒരുക്കാം. എംപി ഫണ്ട് വിനിയോഗിച്ചു 13 മെഷീനുകള്‍ കൂടി വാങ്ങാമെന്ന് ആലോചനാ യോഗത്തില്‍ എം.ബി. രാജേഷ് എംപി വാഗ്ദാനം നല്കി. അതേസമയം സൗജന്യ സേവനം നല്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ നടത്തിപ്പിനാവശ്യമായ ദൈനംദിന ചെലവുകള്‍ക്കു പണം കണ്ടെത്തുന്നതിനെ കുറിച്ചുള്ള ആശങ്കയും യോഗത്തിലുയര്‍ന്നു.
വിപുലീകരണത്തോടൊപ്പം ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കേണ്ടിവരും. ഒന്നാം നിലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാനും ഭാരിച്ച ചെലവു വരും.
നേരത്തെ താലൂക്കിലെ ചില പഞ്ചായത്തുകളും വ്യക്തികളും സംഭാവനയായി പണം നല്‍കിയിരുന്നു. നിലവില്‍ ‘കാരുണ്യ’യില്‍ നിന്നു ലഭിക്കുന്ന തുകയും ആര്‍എസ്ബിവൈ, ഫണ്ടും വിനിയോഗിച്ചാണു കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: