പത്തനംതിട്ട: കോടതി വരാന്തയില്‍ റിമാന്‍ഡ് പ്രതി അഭിഭാഷക ക്ലാര്‍ക്കിനെ ക്രുരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ഇന്നലെ രാവിലെ 11ന് പത്തനംതിട്ട ജുഡൂഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ ഇടനാഴിയിലായിരുന്നു സംഭവം. അഡ്വ സി എന്‍ സോമനാഥന്നായരുടെ ക്ലാര്‍ക്കും അഡ്വക്കേറ്റ്സ് ക്ലാര്‍ക്ക് അസ്സോസിയേഷന് യൂണിറ്റ് ജോ സെക്രട്ടറിയുമായ കൈപ്പട്ടൂര്‍ കുഴിഞ്ഞയ്യത്ത് വീട്ടില്‍ രതീഷ് വി നായര്‍ (33)ക്ക് ആണ് മര്‍ദ്ദനമേറ്റത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന റിമാന്‍ഡ് പ്രതി അനീഷ് (25) ആണ് രതിഷിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ രതീഷ് വി നായരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിയുടെ കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് പ്രതി കയ്യിലെ വിലങ്ങുമായി ക്ലാര്‍ക്കിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കൂടെയുണ്ടായിരുന്ന രതീഷിന്റെ മറ്റ് സഹപ്രവര്‍ത്തകരേയും പ്രതി വിരട്ടി ഓടിച്ചു. രാവിലെ 11 മണിയോടെ രണ്ട് പൊലീസുകാരാണ് പ്രതി അനീഷീനെയും കൊണ്ട് കോടതിയിലെത്തിയത്. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ നേരം കോടതിയുടെ വാതില്ക്കല് അഭിഭാഷക ക്ലാര്‍ക്കായ സുജാത പ്രതിയുടെ കാലില്‍ ചവിട്ടിയെന്നാരോപിച്ച് ഇയാള്‍ കോടതി മുറിക്കുളളില്‍ ബഹളം വെക്കുകയും ക്ലാര്‍ക്കിനെ അസഭ്യം പറയുകയും ചെയ്തു. തന്നെ അസഭ്യം വിളിച്ച വിവരം വക്കീല്‍ മുഖാന്തിരം ഇവര്‍ മജിസ്ട്രേറ്റ് വിദ്യാധരന് മുമ്പില്‍ പരാതിയായി പറഞ്ഞു. പരാതി പൊലിസില്‍ അറിയിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ ശേഷം പ്രതിയെയും കൊണ്ട് പൊലിസുകാര്‍ കോടതി മുറിക്ക് പുറത്തേക്ക് ഇറങ്ങാന്‍ നേരം സംഭവത്തെപ്പറ്റി രതീഷ് പോലീസിനോട് തിരക്കുന്നതിനിടെ പ്രതി രതീഷിനെ അക്രമിക്കുകയായിരുന്നു. ഇടതുകയ്യിലുണ്ടായിരുന്ന വിലങ്ങ് ഉപയോഗിച്ച് രതീഷിനെ അക്രമിച്ചു. കഴുത്തിന്റെ പുറകിലും വലതുഭാഗത്തും മുറിവേറ്റിട്ടുണ്ട്. അക്രമത്തിനിടെ പ്രതി ഇയ്യാളെ ചവിട്ടുകയും ചെയ്തു. പ്രതിക്കൊപ്പം ഉണ്ടായിരുന്ന പോലീസിന് അക്രമം തടയാന്‍ കഴിഞ്ഞില്ല. സംഭവം കണ്ട് കോടതി വരാന്തയില്‍ നിന്നവര്‍ പരിഭ്രാന്തരായി ചിതറി ഓടി. ബഹളത്തെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. വര്‍ങ്ങളായി ജയിലില്‍ കിടക്കുന്നവനാണെന്നും എനിക്ക് ആരെയും പേടിയില്ലെന്നും പ്രതി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. പുറത്തുവന്നാല്‍ എല്ലാവനെയും കാണിച്ചുതരാമെന്നും ഇതിനിടെ അനീഷ് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തി പ്രതിയെകീഴ്പ്പെടുത്തി് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് രംഗം ശാന്തമായത്. മോഷണക്കേസ് ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണെന്ന് അനീഷ്. അക്രമത്തിനിരയായവര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി മേല്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലിസ് ചീഫ് നിര്‍ദ്ദേശം നല്കി. ബാര്‍ അസ്സോസിയേഷനും അഡ്വക്കേറ്റ്സ് ക്ലര്‍ക്ക് അസ്സോസിയേഷനും സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. അഭിഭാഷക ക്ലാര്‍ക്കുമാരെ കോടതിയ്ക്കുള്ളില്വെച്ച് കസ്റ്റഡി പ്രതി മര്‍ദ്ദിച്ചതില്‍ ജില്ലാ ബാര്‍ അസോസിയേഷന് പ്രതിഷേധിച്ചു. സംഭവത്തെ സംബന്ധിച്ച് ജില്ലാ ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു എം.തങ്കച്ചന്, ട്രഷറര്‍ അഡ്വ.അനില്ഭാസ്ക്കര് എന്നിവര്‍ ജില്ലാ ജഡ്ജി പി.സോമരാജന് പരാതി നല്കി.
കേരളാ അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന് യൂണിറ്റ് ജോ.സെക്രട്ടറി രതീഷ് പി.നായരേയും യൂണിറ്റ് അംഗം സുജാതയേയും മര്‍ദ്ദിച്ച കസ്റ്റഡി പ്രതിയെ നിയമാസരണമായ കേസെടുത്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. സംഭവത്തില്‍ പത്തനംതിട്ട യൂണിറ്റ് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റിയംഗം എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡന്റ് ആര്.സോമശേഖരന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.പുരുഷോത്തമന്, യൂണിറ്റ് സെക്രട്ടറി അഭിലാഷ്എസ്. ആര് സുരേഷ്, ഷിബു.എച്ച്, വിനീത. ടി.കെ.സുരേഷ്കുമാര്‍, കെ.ജി.ചന്ദ്രമതി എന്നിവര്‍ സംസാരിച്ചു.
മുമ്പ് പത്തനംതിട്ട ഡിവൈഎസ്പി ആയിരുന്ന പി ആര് സനല്‍കുമാറിന്റെ കലക്ട്രേറ്റിന് സമീപത്തെ വാടക വീട്ടില്‍ നിന്നും മൊബൈല്‍ ഫോണും മാലയുംമോഷ്ടിച്ച കേസ്സിലെ പ്രതിയാണ് അനീഷ.് അന്ന് മല്ലപ്പുഴശ്ശേരി കുറുന്താറിന് സമീപം വാട വീട്ടില്‍ താമസിക്കുകയായിരുന്നു ഇയാള്‍. മോഷണക്കേസില്‍ ഇയാളെ പത്തനംതിട്ട കെഎസ്ആര്‍ടിസി ജംഗ്ഷന് സമിപം വെച്ചാണ് പിടികൂടിയത്. അന്നത്തെ മോഷണ കേസില്‍ പത്തനംതിട്ടയിലെ ഒരു എഎസ്ഐക്കും പങ്കുണ്ടായിരുന്നു. അനീഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തില്‍ എഎസ്ഐയുടെ പങ്ക് വ്യക്തമായത്. എഎസ്ഐയും അനീഷും തമ്മില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്യുമായിരുന്നു. എഎസ്ഐയെ പിന്നീട് സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: