ഈ ലോകത്തെ മാറ്റിയെടുക്കും എന്ന് കൂടെക്കൂടെ പറയുന്നവര്‍ മാര്‍ത്ത വാന്ഡൂസറിനെ തീര്‍ച്ചയായും പരിചയപ്പെടണം. കാരണം അവര്‍ പറയുകയല്ല, പ്രവര്‍ത്തിച്ചുകാണിക്കുകയാണ്. ബോസ്റ്റണില്‍ ജനിച്ചുവളര്‍ന്ന മാര്‍ത്തയുടെ ഇപ്പോഴത്തെ കര്‍മഭൂമി ഭാരതമാണ്. 2012 ല്‍ ഇവിടേയ്ക്കെത്തുന്നതിന് 10 വര്‍ഷം മുന്നേ അവര്‍ ന്യൂയോര്്ക്കിലേക്ക് താമസം മാറ്റിയിരുന്നു.
ഭാരതത്തിലെ അവരുടെ സേവനം തികച്ചും നിസ്വാര്ത്ഥപരമാണ്. നല്ല ഗ്രാമം, നല്ല ലോകം എന്നതാണ് അവരുടെ ലക്ഷ്യം. ഭാരതത്തിലെ അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പറഞ്ഞാല്‍, അത് ശൗചാലയ നിര്‍മാണമാണെന്ന് പറയേണ്ടിവരും. ഗ്രാമീണ മേഖലയിലാണ് ഇവരുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി, അമേഠി എന്നീ ഗ്രാമങ്ങളിലെ 82 ഓളം വീടുകളിലും ഒരു സ്കൂളിലും ചിലവ് കുറഞ്ഞ രീതിയില്‍ ശൗചാലയം നിര്‍മിക്കുകയും 10 അടി വീതിയും 400 അടി നീളവുമുള്ള ഒരു റോഡും നിര്‍മിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാനസൗകര്യ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് മാര്‍ത്തയുടെ ലക്ഷ്യം.
സ്വന്തം പണം ചിലവഴിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്ന സവിശേഷതയുമുണ്ട്.
ക്ലാസ് റൂമും പുസ്തകങ്ങളുമായിരുന്നു മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്ന മാര്‍ത്തയുടെ ലോകം. 2004 ല്‍ ഒരു പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് മാര്‍ത്ത ഭാരതത്തിലെത്തുന്നത്. എങ്ങനെ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാം എന്നതിലായിരുന്നു മാര്‍ത്തയുടെ ഗവേഷണം
. തന്റെ ആശയങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ അനുയോജ്യമായ സ്ഥലം ഭാരതമാണെന്ന ചിന്തയാണ് അവരെ ഇവിടെയെത്തിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള അവസരമാണ് ഭാരതത്തില്‍ തനിക്ക് ലഭിച്ചതെന്നും മാര്‍ത്ത പറയുന്നു. തന്നാല്‍ ആവുന്നവിധത്തില്‍ ഒരു പരിശ്രമമെന്നാണ് ഇതേക്കുറിച്ച് മാര്‍ത്തയ്ക്ക് പറയാനുള്ളത്.
എന്നാല്‍ എങ്ങനെയാണ് ഇതിനായി പണം ചെലവഴിച്ചിരിക്കുന്നതെന്ന് പറയാന്‍ ഇവര്‍ തയ്യറാല്ല. ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറുകൈ അറിയരുതെന്ന പ്രമാണത്തില്‍ അവരും ഒരുപക്ഷെ വിശ്വസിക്കുന്നുണ്ടാവാം. ജനങ്ങളുടെ ജീവിത നിലവാരത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ തന്റെ പ്രവര്‍ത്തികൊണ്ട് സാധിച്ചിട്ടുണ്ടോ എന്നുമാത്രമാണ് മാര്‍ത്ത നോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: