തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര റബ്ബര്‍ എസ്റ്റേറ്റില്‍ ടാപ്പിങ്ങിനു കരാര്‍ നല്കിയ അയ്യായിരത്തോളം റബ്ബര്‍ മരങ്ങള്‍ കടുംവെട്ടുവെട്ടി കരാറുകാര്‍ അമിത ലാഭമെടുത്തതിന് പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് സംസ്ഥാന സമിതി അംഗം ടി.ചന്ദ്രശേഖരന് എന്നിവര്‍ ആവശ്യപ്പെട്ടു. പഞ്ചവടി, സുഹാസിനി, പ്രിയദര്‍ശിനി എന്നീ ബ്ലോക്കുകളിലെ അയ്യായിരത്തോളം റബ്ബര്‍ മരങ്ങളാണ് സാധാരണ ടാപ്പിങ്ങിന് കരാര്‍ നല്‍കിയത്. എന്നാല്‍ രജിസ്ട്രാറും മുന്‍ എസ്റ്റേറ്റ് ഓഫീസറുമായ ഡോ. കെ.അരവിന്ദാക്ഷന് കരാറുകാരുമായുണ്ടാക്കിയ ഗൂഡാലോചനയെത്തുടര്ന്നാണ് ഇവ കടുംവെട്ടിന് വിധേയമാക്കിയത്. ഇതിലൂടെ ലഭിച്ച അധികവരുമാനം ഇവര്‍ വീതം വെക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. ഈ റബ്ബര്‍ മരങ്ങള്‍ സാധാരണ വെട്ടിന് നല്കാന് വീണ്ടും ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ്. ഇവ കാണാനെത്തിയ ആളുകളാണ് കടുംവെട്ടിന് മരങ്ങളെ വിധേയമാക്കിയ നിലയില്‍ കണ്ടെത്തിയത്. അഴിമതിക്കാരെ താക്കോല്‍ സ്ഥാനങ്ങളില്‍ അവരോധിക്കുവാനുള്ള നീക്കമാണ് കൃഷി മന്ത്രി നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: