പത്തനംതിട്ട: ശിശുക്കളിലെ തലച്ചോറ് സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സ നടത്തി പണം തട്ടിയ വ്യാജ ഡോക്ടര്‍ പോലീസിന്റെ പിടിയില്‍.
പത്തനംതിട്ട തട്ട സ്വദേശി ഡോ.എം.ഡി. വൈദ്യ (54)യെയാണ് തെക്കേമല തുണ്ടഴത്തെ ഇന്റര്‍നാഷണല്‍ മെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കോഴഞ്ചേരി സിഐ എസ്.വിദ്യാധരന് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം ശ്രീകാര്യം പ്രതിഭ നഗറില്‍ പാലാഴിയില്‍ ജഗനാഥന് എഡിജിപി ബി. സന്ധ്യയ്ക്കു നല്കിയ പരാതിയേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
ഓട്ടിസം ബാധിച്ച തന്റെ മകള്‍ക്ക് രോഗം ഭേദപ്പെടുത്താമെന്ന പേരില്‍ രണ്ടുഘട്ടങ്ങളിലായി ഏഴ് ലക്ഷം രൂപ ജഗനാഥനില് നിന്ന് എം.ഡി. വൈദ്യ വാങ്ങിയെന്നായിരുന്നു പരാതി. എറണാകുളം എളമക്കരയില്‍ ഇയാള്‍ നടത്തിവന്നിരുന്ന ബ്രെയിന്‍ ബ്രിഡ്ജ് എന്ന സ്ഥാപനത്തില്‍ കിടത്തിചികിത്സയും നടത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ പരാതികള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. നാളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: