ഗുരുവായൂര്‍: ഗുരുവായൂര്‍ കിഴക്കെ നടയിലെ ഇന്ത്യന്‍ കോഫി ഹൗസിനടുത്ത് ലക്ഷ്മി ലോഡ്ജിന് സമീപം റോഡരുകില്‍ തഴച്ചു വളര്‍ന്നു നിന്നിരുന്ന കഞ്ചാവ്ചെടി ചാവക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
ഗുരുവായൂര്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന കൂടുന്നു എന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ലഭിച്ച നിര്‍ദേശ പ്രകാരം ഒഴിവുദിവസമായ ഇന്നലെ നഗരമദ്ധ്യത്തിലെ വഴിയോര കച്ചവടക്കാരെയും അന്യസ്ഥലങ്ങളില്‍ നിന്ന് ടൗണില്‍ കേന്ദ്രീകരിക്കുന്ന ആളുകളെയും പറ്റി ചാവക്കാട് എക്സൈസ് ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ കോമ്പിംഗിലാണ് കഞ്ചാവ് ചെടി വളര്‍ന്നു നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ചാവക്കാട് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എം.അബ്ദുള്‍ ജമാല്‍, പ്രിവന്റീവ് ഓഫീസര്‍ ടി.വി.അനീഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം. മനോജ്കുമാര്‍, പി.വി.വിശാല്‍, കെ.എച്ച്.നൂര്‍ജ, അനീസ് മുഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
കസ്റ്റഡിയിലെടുത്ത കഞ്ചാവ് ചെടിയും, ചെടി നിന്നിരുന്ന സ്ഥലത്തെ 100 ഗ്രാം മണ്ണും തൊണ്ടിയായി എടുത്ത് രേഖകള്‍ തയ്യാറാക്കി പ്രത്യേകം പ്രത്യേകം സീല്‍ ചെയ്ത് ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. കോടതിയില്‍ നിന്ന് കാക്കനാട് റീജയണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ച് തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചാവക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജെ.തോമസ് പറഞ്ഞു.
ക്ഷേത്ര പരിസരത്തും, ബസ്സ്റ്റാന്‍ഡിലും, റെയില്‍വെ സ്റ്റേഷനിലും ക്യാമ്പ് ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി കളും, അലഞ്ഞുനടക്കുന്നവരും, വഴിയോര കച്ചവടക്കാരും എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: