ചാലക്കുടി: ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തിന്റെ ഡോക്യുമെന്ററി കടല്‍ കടന്ന് ടെക്സാസിലേക്ക്.അവിടെ നടക്കുന്ന ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക ഒരുക്കുന്ന കണ്‍വെന്‍ഷനിലാണ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടക്കുന്നത്.ഇംഗ്ലീഷിലുള്ള പരിഭാഷയാണ് പ്രദര്‍ശിപ്പിക്കുക.
ഗുരുദേവന്റെ ബാല്യം,യൗവനം,കൗമാരം,വിദ്യാഭ്യാസം,എന്നിവയും മഹാത്മാഗാന്ധി,രവീന്ദ്രനാഥ് ടാഗോര്‍,മഹാകവി കുമാരനാശാന്,ചട്ടമ്പി സ്വാമികള്‍ എന്നിവരുമായുള്ള സംവാദവും സ്വാമി സച്ചിദാനന്ദയുടെ സന്ദേശവും ഉള്‍ക്കൊള്ളുന്നതാണ് ഡോക്യുമെന്ററി.അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ,കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ ഗുരുദേവന് നടത്തിയ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതിന് മുന്‍പ് 2013 ഡിസംബറില്‍ ലാറ്റിന്‍ അമേരിക്കയിലെ ഇക്വാഡോറില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ ഗുരുദേവ ദര്‍ശനം ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.
ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ശ്രീനാരായണ ദാര്‍ശനിക അന്താരാഷ്ട്ര വിശ്വസാഹോദര്യ സമ്മേളനത്തിലും ദുബായില്‍ നടന്ന ശ്രീനാരായണ ദാര്‍ശനിക അന്താരാഷ്ട്ര വിശ്വസാഹോദര്യ സമ്മേളനത്തിലും ദുബായില്‍ സേവനം സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ശ്രീനാരായണ തീര്‍ത്ഥാടക സമ്മേളനത്തിലും ഗുരുദേവ ദര്‍ശനം പ്രദര്‍ശിപ്പിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി ഗിരീഷ് ഉണ്ണികൃഷ്ണനാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.മേത്തല സ്വദേശി എ.കെ.അബ്ദുള്‍ ഗഫൂര്‍ ആണ് സംവിധാനം.സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയില്‍ ഏഴാം തീയതി മുതല്‍ പത്താം തീയതി വരെയുള്ള സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ടെക്സാസിലെ ലീഗ് സിറ്റിയില്‍ സൗത്ത് ഷോര്‍ ഹാര്‍ബര്‍ റിസോര്‍ട്ട് ആന്റ് കോണ്‍ഫറന്‍സ് സെന്ററിലാണ് ശ്രീനാരായണ കണ്വെന്ഷന് നടക്കുന്നതെന്ന് സ്വാമി സച്ചിദാനന്ദ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: