പത്തനംതിട്ട : പ്രതിദിനം നൂറുകണക്കിനാളുകള്‍ ചികിത്സയ്ക്കെത്തുന്ന പന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ഇപ്പോഴും ഇടുങ്ങിയ മുറിയില്‍. വിസ്തൃതമായ ഒരേക്കര്‍ സ്ഥലത്ത് വ്യത്യസ്ത പദ്ധതികളിലായി നിര്‍മിച്ച 85 ലക്ഷത്തിന്റെ കെട്ടിടങ്ങള്‍ പൂര്‍ണ സജ്ജമായിരിക്കെയാണ് ഈ ദുരവസ്ഥ.
അലൂമിനിയം ഷീറ്റ് പാകിയ താത്കാലിക മുറിയിലാണ് ഒപി ടിക്കറ്റ് കൗണ്ടര്‍. രോഗികള്ക്കിട്ടിരിക്കുന്ന ഏതാനും കസേരകളും ഇതേ സ്ഥലത്താണ്. വലതു ഭാഗത്ത് ഫാര്‍മസിയും. ഇതിനിടയിലാണ് ടിക്കറ്റ് എടുക്കാനും ഡോക്ടറെ കാണാനുമുള്ളവരുടെ വ്യത്യസ്ത നിരകള്‍. രാവിലെ ഒമ്പത് മുതല്‍ രണ്ടു വരെയാണ് ഡോക്ടറുള്ളത്. ഈ സമയം നൂറുകണക്കിനാളുകളാണ് ചികിത്സയ്ക്കെത്തുന്നത്. ഡോക്ടറുടെ മേശയ്ക്കരികില്‍ നിന്ന് തുടങ്ങുന്ന ക്യൂ പലപ്പോഴും അങ്കണത്തില്‍ വരെ നീളും. പന്തളം നഗരസഭയിലെ പ്രാഥമികാരോഗ്യ കേന്ദ്രമാണ് ആവശ്യത്തിന് സ്ഥലവും കെട്ടിടവും ഉള്ളപ്പോഴും പരിമിതികളില്‍ വീര്‍പ്പുമുട്ടുന്നത്.
ഒരേക്കര്‍ സ്ഥലമാണ് പിഎച്ച്സിക്കുള്ളത്. ടി.എന്‍.സീമ എംപിയുടെ ഫണ്ടില്‍ നിന്നുള്ള പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ഇപ്പോള്‍ ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിക്കുകയാണ്. എന്‍ആര്‍എച്ച്എം ഫണ്ടില്‍ നിന്നുള്ള 75 ലക്ഷം രൂപ വിനിയോഗിച്ച ഇരുനില കെട്ടിടം നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. 2015 മാര്‍ച്ച് ഏഴിനു ഇതിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ഇത്രയധികം സൗകര്യങ്ങളുള്ളപ്പോഴാണ് പഴയ കെട്ടിടത്തില്‍ ഇപ്പോഴും രോഗികള്‍ വലയുന്നത്. കിടത്തി ചികിത്സ വേണമെന്ന ഏറെക്കാലമായുള്ള ആവശ്യവും സാധ്യമാകില്ലെന്നാണ് സൂചന.
19 ജീവനക്കാരുണ്ടെങ്കിലും ഒരു ഡോക്ടര്‍ മാത്രമേയുള്ളു. ഡ്യൂട്ടി സമയം അഞ്ചു മണിക്കൂറും. ഹോസ്പിറ്റല്‍ മാനേജ്മെന്റെ് കമ്മിറ്റി യോഗം ചേരാറില്ല.
നഗരസഭയിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായ രാധാ രാമചന്ദ്രന് ഏറെനാളായി ചികിത്സയിലാണ്. ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടുമില്ല. എച്ച്എംസിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും മുടങ്ങിയ നിലയിലാണ്. കൈയേറ്റ ആരോപണത്തെ തുടര്‍ന്ന് സ്ഥലം അളന്നെങ്കിലും ചുറ്റുമതില്‍ നിര്‍മിച്ചില്ല.
ഇതു കാരണം രാത്രികാലങ്ങളില്‍ ആശുപത്രി പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമാക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: