മാനന്തവാടി: റോഡിന്റെ വീതി കൂട്ടാനായി നേരത്തെയുണ്ടായിരുന്ന സുരക്ഷാ മതില് പൊളിച്ച് മണ്ണെടുത്തതിനെ തുടര്‍ന്ന് നാലു നിര്‍ധന കുടുംബങ്ങളുടെ വീടുകള്‍ അപകടഭീഷണിയില്‍. വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ നടക്കല്‍ ഉപ്പുനട-കോക്കടവ് റോഡ് വീതി കൂട്ടുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മണ്ണെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ ഗ്രാമീണ്സഡക് യോജന പ്രകാരം എട്ടു മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡിന്റെ ഇരുവശവും ചെറിയ വീടുകളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ഇത് കൊണ്ട് തന്നെ റോഡ് നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിഷേധമുയര്‍ന്നിരുന്നു. വീടുകള്‍ക്ക് ഭീഷണിയുള്ള ഭാഗങ്ങള്‍ കെട്ടി സംരക്ഷിക്കുമെന്ന് കരാറുകാരനും എക്സിക്യുട്ടീവ് എന്‍ജിനീയറും അസിസ്റ്റന്റ് എന്‍ജിനീയറും ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ റോഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. നേരത്തെയുണ്ടായിരുന്ന കരിങ്കല്‍ ഭിത്തികള്‍ പൊളിച്ചു നീക്കി വീടിനോട് ചേര്‍ന്ന് അഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ മണ്ണെടുത്ത് റോഡ് നിര്‍മ്മാണം ആരംഭിച്ചെങ്കിലും പകരം ഭിത്തി നിര്‍മ്മിക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ നാലു വീടുകളുടെ മുന്‍വശം ഇടിഞ്ഞ് റോഡിലേക്ക് വീണത്. കാട്ടിപ്പരുത്തി ആലി, സഹോദരി ആയിശ, പാറക്കല്‍ ആസ്യ, കുഞ്ഞാമി എന്നിവരുടെ വീടുകളാണ് അപകടത്തിലായത്. ഇതില്‍ മണ്ണിടിച്ചലിനെ തുടര്‍ന്ന് ആയിശയുടെ വീടിന് വിള്ളലുണ്ടായിട്ടുണ്ട്. വീടിന് മുന്നിലായി നേരത്തെ ഇവര്‍ തന്നെ നിര്‍മ്മിച്ച സുരക്ഷാ മതിലാണ് കരാറുകാരന് ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. പാറക്കല്‍ ആസ്യയുടെ വീടിന് മുന്നില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രാമപ്പഞ്ചായത്ത് രണ്ടു ലക്ഷത്തോളം രൂപ മുടക്കി നിര്‍മ്മിച്ച മതിലാണ് പൊളിച്ചു നീക്കിയത്. ഇവരുടെ വീടിനോട് ചേര്‍ന്ന കിണറും അപകടാവസ്ഥയിലാണ്. 2011ല്‍ പി.എം.ജി.എസ്.വൈയില്‍ ഉള്‍പ്പെടുത്തി കരാര്‍ വെച്ചെങ്കിലും ആരും ഏറ്റെടുത്തിരുന്നില്ല.
2013ലെ പുനര്‍ലേലത്തിലൂടെ പ്രദേശവാസിയായ കരാറുകാരന് ഏറ്റെടുക്കുകയായിരുന്നു. നിര്‍ധന കുടുംബങ്ങളുടെ വീടുകളാണ് ഇപ്പോള്‍ അപകടഭീഷണിയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: