തേറ്റമല : തേറ്റമല ഗവ ഹൈസ്കൂളില്‍ ‘ഹാജര്‍ ഹാജര്‍’ പരിപാടിയുടെ ഉദ്ഘാടനം തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ.ബാബു നിര്‍വ്വഹിച്ചു. കുട്ടികളുടെ ഇടക്കിടെ ഉള്ള ഹാജരില്ലായ്മ പഠനത്തെ ബാധിക്കുമെന്ന തിരിച്ചറിവാണ് ഇത്തരം പരിപാടി ആസൂത്രണം ചെയ്യാന്‍ പിടിഎയെ പ്രേരിപ്പിച്ചത്. മൊത്തം കുട്ടികളെ ഒന്‍പത് പ്രാദേശിക പിടിഎകളുടെകീഴില് വിഭജിച്ച് ഒരോന്നിനും ഒരധ്യാപകന് കണ്‍വീനറും ഒരു രക്ഷിതാവ് ചെയര്‍മാനുമായി നിശ്ചയിക്കുകയും രക്ഷിതാക്കളുടെ ഫോണ്‍ ഡയറക്ടറി തയ്യാറാക്കി വരാത്ത കുട്ടികളുടെ വീട്ടുകാരുമായി അതാത് ദിവസംതന്നെ 11 മണിക്ക് മുമ്പ് വിവരം അന്വേഷിച്ച് ഹാജര്‍ ഉറപ്പാക്കാനുള്ള ബൃഹത്ത് പരിപാടിയാണ് ഇത്. ഏറ്റവും കൂടുതല്‍ ഹാജറുള്ള കുട്ടിക്ക് വര്‍ഷാവസാനം സൈക്കിള്‍ സമ്മാനമായി നല്‍കും. തേറ്റമല ഗവ.ഹൈസ്കൂളിലെ പ്രഥമ ബാച്ച് എസ് എസ്എല്‍സി വിജയികളെയും ഈ പരിപാടിയില്‍ അനുമോദിച്ചു. 43 വിദ്യാര്‍ത്ഥികളെയും കഷ്ടപ്പാടുകള്‍ക്കിടയിലും ഇതിന് പ്രാപ്തരാക്കിയ അധ്യാപകര്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിച്ചത്. യോഗത്തില്‍ വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് പി കേശവന്‍മാസ്റ്റര്‍ മുഖ്യപ്രഭാഷണംനടത്തി. വാര്ഡ്മെമ്പര് ആന്‍സി ജോയി, പിടിഎ പ്രസിഡന്റ് കേളോത്ത് അബ്ദുള്ള, പിടിഎ വൈസ്പ്രസിഡന്റ് ആനത്താന്‍ ഇബ്രാഹിം, റഷീദ സി., എച്ച്എസ് ടീച്ചര്‍ ഇന്‍ചാര്‍ജ് ധന്യ.എം.ബി., യു പിഎച്ച് എം.കെ.സത്യന് ,അഷറഫ് എ, ജെസ്സി തോമസ്സ് , വിനോദ് വി എന്‍, കുമാരി റഫ്ന പി കെ , കുമാരി വിസ്മയ വി എം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: