അനാസ്ഥമൂലം അടച്ചുപൂട്ടിയ 203-ാം നമ്പര്‍ മുകുന്ദപുരം താലൂക്ക് കോപ്പറേറ്റീവ് സ്റ്റോര്‍
ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് സമിതിയുടെ പിടിപ്പുകേടുമൂലം മുകുന്ദപുരം താലൂക്ക് കോ ഓപ്പറേറ്റീവ് സ്റ്റോര്‍ അടച്ചുപൂട്ടി. അഴിമതിയുടെ പര്യായമായി മാറിയ ബാങ്ക് ജില്ലാസഹകരണബാങ്കില്‍ ലക്ഷങ്ങളുടെ ബാധ്യത വരുത്തിവെക്കുകയും ചെയ്തു. അമ്പത് വര്‍ഷത്തെ പാരമ്പര്യമുള്ള ബാങ്ക് കോണ്‍ഗ്രസ് ദുര്‍ഭരണം മൂലം അടച്ചുപൂട്ടിയത്.
മുകുന്ദപുരം താലൂക്കില്‍ നിരവധി ശാഖകള്‍ ഇതിനുണ്ടായിരുന്നു. പലചരക്ക്, സ്റ്റേഷനറി, നീതി ഗ്യാസ് ഏജന്റസി, റേഷന്‍ കട, മലബാര്‍ സിമന്റ് കമ്പനി നേരിട്ടുള്ള സിമന്റ് വില്പനശാലകള്, കാലിത്തീറ്റ ഏജന്‍സികള്‍, വിവിധ തരം കുറികള്‍ തുടങ്ങിയവ കാലാകാലങ്ങളില്‍ നടത്തിവന്നിരുന്നു. 2000 ത്തിലധികം മെമ്പര്‍മാരുള്ള ഈ സ്റ്റോര്‍ വളരെ ലാഭകരമായിട്ടാണ് നടന്നുവരുന്നതെന്ന് മെമ്പര്‍മാര്‍ പറയുന്നു. കോണ്‍ഗ്രസ് ഭരണസമിതിയാണ് കാലങ്ങളായി ഈ സഹകരണസ്റ്റോര്‍ ഭരിച്ചുവന്നിരുന്നത്. ഭരണസമിതിയുടെ പിടിപ്പുകേടും അഴിമതിയും സ്വജനപക്ഷപാതവും സഹകരണസ്റ്റോറിനെ നശിപ്പിച്ചു. ബ്രാഞ്ചുകള്‍ ഓരോന്നായി അടച്ചുപൂട്ടി. കാലങ്ങളായി അംഗന്‍വാടികളിലേക്കും, സ്കൂളുകളിലേക്കും പഞ്ചായത്തുകളിലെ വിവിധ സ്കീമുകളിലേക്കും ക്ഷേത്രങ്ങളിലേക്കും പലചരക്ക് സാധനങ്ങള്‍ ഈ സഹകരണസ്റ്റോറില് നിന്നാണ് കൊടുത്തിരുന്നത്. ഇരിങ്ങാലക്കുട ഹെഡ് ഓഫീസായി പ്രവര്‍ത്തിക്കുന്ന സ്റ്റോറിന്റെ താഴെ ലക്ഷങ്ങളുടെ വിറ്റുവരവുള്ള ഒരു പലചരക്ക് സ്ഥാപനവും സ്റ്റേഷനറികടയും അടുത്ത ദിവസം വരെ നടന്നുവന്നിരുന്നു. ഇതു കണക്കുകളില്‍ നഷ്ടം കാണിച്ച് കഴിഞ്ഞ ദിവസം അടച്ച് പൂട്ടുകയും ഈ സ്ഥാപനം സ്വകാര്യവ്യക്തിക്ക് തുച്ഛമായ മാസവാടകക്ക് കൊടുക്കുകയുമായിരുന്നു.
ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് 5 സെന്റ് സ്ഥലവും സ്വന്തമായ ഇരുനിലകെട്ടിടവും ഈ 203-ാം നമ്പര്‍ സഹകരണസ്റ്റോറിന്റെ അധീനതയില്‍ നില്ക്കുന്നു. ഈ ഇരുനില കെട്ടിടത്തിന്റെ 95 ശതമാനവും സ്വകാര്യവ്യക്തികള്‍ക്കും മറ്റും തുച്ഛമായ വാടകക്ക് കൊടുത്തിരിക്കുകയാണ്. ഭരണസമിതിക്ക് സിറ്റിംഗ് ഫീയും പ്രസിഡണ്ട് ഈ സ്റ്റോറില്‍ നിന്ന് മാസംതോറും ഓണറേറിയം വലിയ സംഖ്യ കൈപ്പറ്റിയിരുന്നതായും പരാതിയുണ്ട്. വര്‍ഷത്തില്‍ ഒരു പ്രാവശ്യം കുറച്ചു മെമ്പര്‍മാരെ വിളിച്ച് ചെറിയ സംഖ്യ സിറ്റിംഗ് ഫീയും ഒരു ചെറിയ പാത്രവുംകൊടുത്ത് കണക്കുകള്‍ നഷ്ടം കാണിക്കുകയായിരുന്നു പതിവ്. ഇങ്ങനെ നഷ്ടം കാണിച്ചുമുന്നോട്ടുപോകുന്ന അവസ്ഥയായതിനാല്‍ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പുമത്സരരംഗത്ത് ആരും തന്നെ മുതിരാറില്ലായിരുന്നു. ആയതിനാല്‍ കാലാകാലങ്ങളായി തുടര്ഭരണസമിതി തന്നെയാണ് സ്റ്റോറിന്റെ ഭരണം കൈവശപ്പെടുത്തിയിരുന്നത്. സ്റ്റോറിന്റെ സ്വന്തമായ സര്‍വീസുകള്‍ എല്ലാം നിര്‍ത്തി സ്റ്റോറിന്റെ കെട്ടിടത്തിലെ സ്വകാര്യവ്യക്തികളുടെ മറ്റും മാസവാടക മാത്രം ലഭിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇങ്ങനെ സിറ്റിംഗ് ഫീയും പ്രസിഡണ്ടിന് ഓണറേറിയവും കൈപ്പറ്റാന്‍ മാത്രം തുടരുന്ന ഭരണസമിതി പിരിച്ചുവിടണമെന്ന് നാട്ടുകാര്‍ പറയുന്നു. സ്റ്റോറില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വന്നിരുന്ന ജീവനക്കാരെ യാതൊരു ചട്ടങ്ങള്‍ പാലിക്കാതെ പിരിച്ചുവിടുകയും ചെയ്തിരിക്കുകയുമാണ്. ലേബര്‍ നിയമങ്ങള്‍ ഒന്നുംതന്നെ ജീവനക്കാര്‍ക്കുവേണ്ടി ഭരണസമിതി നടത്തിയിട്ടില്ല. പിഎഫ്, ഇഎസ്ഐ മുതലായ സൗകര്യങ്ങള്‍ ഒന്നും ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. ഭരണസമിതി പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായ കുരിയന്‍ ജോസഫിന്റെ ധൂര്‍ത്തും അഴിമതിയുമാണ് സ്റ്റോറില്‍ നടമാടുന്നതെന്നതെന്ന് മെമ്പര്‍മാര്‍ കുറ്റപ്പെടുത്തി. ലാഭകരമായിരുന്ന പലചരക്ക് സ്റ്റേഷനറി സ്റ്റോര്‍ നഷ്ടമാണെന്ന് കാണിച്ച് നിര്‍ത്തിയതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. സഹകരണ സ്റ്റോര്‍ നഷ്ടമാണെന്ന് കാണിച്ച് നിര്‍ത്തിയെങ്കിലും ഇപ്പോള്‍ മുന്‍സെക്രട്ടറി ഭര്‍ത്താവിന്റെ പേരില്‍ റൂം വാടകക്ക് എടുത്തിട്ടുള്ളത്. വീണ്ടും അവിടെ പലചരക്ക് കട തന്നെയാണ് ആരംഭിച്ചിട്ടുള്ളതെന്നുള്ളതും അഴിമതി നടന്നിട്ടുണ്ടെന്നതിനുള്ള തെളിവാണ്. മുമ്പും സഹകരണസ്റ്റോറില് വന്ക്രിത്രിമം നടത്തിയതിന് ജീവനക്കാരെ പുറത്താക്കിയിട്ടുണ്ട്. മുന്‍ജീവനക്കാര്‍ക്കെതിരെ കോടതിയില്‍ കേസുകളും നിലനില്‍ക്കുന്നുണ്ട്. വര്‍ഷങ്ങളായി ഓഡിറ്റിംഗ് നടക്കാറില്ലെന്നും മെമ്പര്‍മാര്‍ പറയുന്നു. റുമുകള്‍ വാടകക്ക് കൊടുക്കുമ്പോള്‍ ടെണ്ടര്‍ സ്വീകരിച്ച് പരസ്യം ചെയ്യാറില്ലെന്നും പ്രസിഡണ്ടിനു വേണ്ടപ്പെട്ടവര്‍ക്ക് വാടകക്ക് കൊടുക്കുന്ന രീതിയാണെന്നും ഇവര്‍ പറയുന്നു. സാധാരണക്കാര്‍ക്ക് വിലകുറവിലും ഗുണമേന്മയിലും പലചരക്കു സാധനങ്ങളും മറ്റും ലഭിച്ചിരുന്ന ഒരു സഹകരണ സ്ഥാപനം അനാസ്ഥയും കെടുകാര്യസ്ഥതയുംമൂലം അടച്ചുപൂട്ടിയതില്‍ ജനങ്ങള്‍ രോഷാകുലരാണ്. ഇതിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്കുവാന് തയ്യാറെടുക്കുകയാണ് ഇതിലെ മെമ്പര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: