കല്‍പ്പറ്റ : വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതുമൂലമുള്ള ആള്‍നാശവും സംഘര്‍ഷങ്ങളും കൃഷിനാശവും തടയാന്‍ ജില്ലാ തലത്തില്‍ സമഗ്രമായ കര്‍മപദ്ധതി വേണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കൂടിയാലോചയ്ക്കായി നോര്‍ത്ത് വയനാട്, കല്‍പ്പറ്റ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്ഡന്, നബാര്‍ഡ് എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയോ നബാര്‍ഡിന്റെയോ ഫണ്ട് ലഭ്യമാക്കണം. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ നാലു പേര് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ വികസന സമിതി വിഷയം ചര്‍ച്ച ചെയ്തത്.
കാടും നാടും ശാസ്ത്രീയമായി വേര്‍തിരിക്കാനുള്ള സമഗ്ര പദ്ധതി വേണമെന്ന് വികസന സമിതിയില്‍ ആവശ്യമുയര്‍ന്നു. തേക്കിന്‍തോട്ടങ്ങള്‍ ഒഴിവാക്കി അവ സ്വാഭാവിക വനങ്ങളാക്കിയാല്‍ വന്യമൃഗങ്ങള്‍ ഭക്ഷണത്തിനായി പുറത്തേക്കിറങ്ങുന്ന സാഹചര്യം കുറക്കാന്‍ കഴിയും. വന്യമൃഗങ്ങള്‍ മൂലം പ്രശ്നം ജില്ലയില്‍ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മുന്‍ഗണനാ ക്രമത്തില്‍ •മതില് നിര്‍മാണമോ ഉരുക്ക് വേലി നിര്‍മാണമോ നടത്തണമെന്ന് നിര്‍ദേശമുയര്‍ന്നു.
96 കുടുംബങ്ങള്‍ താമസിക്കുന്ന ചെട്ട്യാലത്തൂര്‍ കോളനിയില്‍ വൈദ്യുതിയെത്തിക്കുന്നതിനായി 2.2 കിലോ മീറ്റര്‍ ദൂരം ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കുന്നതിനായി കെ.എസ്.ഇ.ബിക്ക് വനം വകുപ്പ് അനുമതി നല്‍കാത്ത വിഷയം യോഗം ചര്‍ച്ച ചെയ്തു. 6.2 കിലോ മീറ്ററാണ് ആകെ ലൈന്‍ വലിക്കേണ്ടത്. ഇതില്‍ 2.2 കിലോ മീറ്റര്‍ മാത്രമാണ് വനത്തിലൂടെയുള്ളത്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
കല്‍പ്പറ്റ ഗവ. കോളേജില്‍ നാക് സന്ദര്‍ശനം മുന്‍നിര്‍ത്തി വനിതാ ഹോസ്റ്റല്‍ പൂര്‍ത്തീകരണ പ്രവൃത്തി നടത്താനും ഓഡിറ്റോറിയത്തിലെ ശബ്ദസംവിധാനം കുറ്റമറ്റതാക്കാനും കോളേജ് വളപ്പിലെ റോഡ് നിര്‍മാണം നടത്താനും ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്കി. കോളേജില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കാനും പ്രിന്‍സിപ്പല്‍ നിയമനം നടത്താനും നടപടി സ്വീകരിക്കണമെന്ന് കോളേജ് അധികൃതര്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു.
പ്ലസ്വണ് ഏകജാലക പ്രവേശനത്തിലൂടെ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത സ്കൂളുകളില്‍ പ്രവേശനം ലഭിക്കാതിരിക്കുമ്പോള്‍ അവര്‍ കൊഴിഞ്ഞുപോവാനുള്ള സാധ്യത കണക്കിലെടുത്ത് അവര്‍ക്ക് ഇഷ്ടമുള്ള സ്കൂളുകളില്‍ പ്രവേശനം നല്കാന് ഓണ്‍ സ്പോട്ട് അഡ്മിഷന് കൊടുക്കണമെന്ന് സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.
പട്ടിക വര്‍ഗ കോളനികളിലെ വീടുകളുടെ ചോര്‍ച്ച തടയാന്‍ രണ്ട് കോടി രൂപ അനുവദിച്ചതായി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ വാണിദാസ് യോഗത്തെ അറിയിച്ചു. വീടുകളുടെ വിവര ശേഖരണം നടത്തി വരുന്നു. പ്രസ്തുത ഫണ്ട് പഞ്ചായത്തുകള്‍ക്ക് ജൂണ്‍ 30നകം കൈമാറി പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ഷീറ്റ് ഇടേണ്ട വീടുകള്‍, ഓടു മാറ്റി വെക്കേണ്ട വീടുകള്‍ എന്നിവയുടെ വിവരം ശേഖരിക്കും. വീടുകള്‍ക്ക് ലോഹനിര്‍മിത ഷീറ്റ് ഇടുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്കി.
പാതയോരങ്ങളില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന വന്മരങ്ങളുടെ അപകടാവസ്ഥ സംബന്ധിച്ച് റവന്യു, വനം, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത സംഘം തിങ്കളാഴ്ച പരിശോധന നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു. ശിഖരങ്ങള്‍ മുറിച്ചു മാറ്റേണ്ടവ, മരങ്ങള്‍ മുറിച്ചുമാറ്റേണ്ടവ എന്നിവ ഏതൊക്കെയെന്ന് പരിശോധിക്കും. വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള മരങ്ങളുടെ അപകട ഭീഷണി ഒഴിവാക്കാത്ത പക്ഷം അപായമുണ്ടായാല്‍ അതത് വകുപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ മുന്നറിയിപ്പു നല്കി.
ചേകാടി പാലം സമീപന റോഡ് സമയപരിധി വെച്ച് പെട്ടന്ന് കമീഷന് ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് യോഗം നിര്‍ദേശം നല്കി. ബത്തേരി ബൈപാസ് റോഡിന്റെ ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ദേശീയപാത അതോറിറ്റി യോഗത്തെ അറിയിച്ചു.
പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജന പദ്ധതിയില്‍ നേരത്തെ ടെന്‍ഡര്‍ ചെയ്തതും പിന്നീട് കരാറുകാര്‍ ഒഴിവാക്കിയതുമായ റോഡുകള്‍ കണ്ടെത്തി അവക്ക് ബജറ്റില്‍ തുക പാസാക്കിയാല്‍ നിര്‍മാണം ഏറ്റെടുക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
പൂര്‍ത്തീകരിക്കാത്ത ടൂറിസം പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ ഏജന്‍സികള്‍ ഏതൊക്കെയാണെന്നും കണ്ടെത്തി അവയുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. വനസംരക്ഷണ സമിതികളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ വരുമാനത്തിന്റെ കണക്ക് സമര്‍പ്പിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.
പ്രശ്നം മുന്‍കൂട്ടി അറിയിച്ച് പ്രശ്ന പരിഹാരത്തിന് ഇടനല്‍കാതെ സ്വകാര്യബസുകള്‍ നടത്തുന്ന സമരം അനുവദിക്കാന്‍ കഴിയില്ലെന്ന് സമിതി വിലയിരുത്തി. ഇത്തരം സമരങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ബസുകളുടെ മത്സരപ്പാച്ചില്‍, സമയ തര്‍ക്കം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വകാര്യ ബസുടമകളുടെയും ജീവനക്കാരുടെയും കെ.എസ്.ആര്.ടി.സി അധികൃതരുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ക്കാന്‍ ആര്.ടി.ഒക്ക് നിര്‍ദേശം നല്കി. ഓട്ടോയിലോ മറ്റേതെങ്കിലും വാഹനത്തിലോ അനധികൃത മദ്യക്കടത്ത് കണ്ടാല്‍ വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും അടിയന്തിരമായി റദ്ദാക്കാന്‍ കളക്ടര്‍ ആര്.ടി.ഒക്ക് നിര്‍ദേശം നല്കി.
ബത്തേരി താലൂക്കാശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുന്നതായി യോഗത്തില്‍ ചൂണ്ടികാട്ടി. ജില്ലയില്‍ ആകെ ആറ് ഗൈനക്കോളജിസ്റ്റുകള്‍ മാത്രമാണുള്ളതെന്ന് ഡി.എം.ഒ അറിയിച്ചു. അഞ്ച് ഡോക്ടര്‍മാര്‍ ജില്ലാശുപത്രിയിലും ഒരു ഡോക്ടര്‍ മീനങ്ങാടിയിലുമാണ്. ജില്ലയില്‍ വൈറോളജി ലാബ് ഒരു മാസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്നും അറിയിച്ചു. വനംവകുപ്പിലെ എല്ലാ ജീവനക്കാര്‍ക്കും കുരങ്ങുപനി പ്രതിരോധ വാക്സിനും ബോധവത്കരണവും നല്കാന് ജില്ലാ കളക്ടര്‍ വനംവകുപ്പിന് നിര്‍ദേശം നല്കി.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ സമര്‍പ്പിച്ച 2016-17 വര്‍ഷത്തേക്കുള്ള വികസന പ്രൊജക്ടുകള്‍ യോഗം ചര്‍ച്ച ചെയ്തു. എല്ലാ ജില്ലാ ഓഫീസുകളിലും പൊതുജന പരിഹാര സെല്‍ സ്ഥാപിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
മിലേനിയം അലയന്‍സ് അവാര്‍ഡും ഡി.എസ്.ഡി ലോക്ക്ഹീഡ് അവാര്‍ഡും നേടിയ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂനിവേഴ്സിറ്റിയിലെ അസി. പ്രൊഫസര്‍ ഡോ. ജോണ്‍ അബ്രഹാമിനെ യോഗത്തില്‍ ആദരിച്ചു. കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന കറവ യന്ത്രം, കോഴിയിറച്ചി അവശിഷ്ടങ്ങളില്‍നിന്ന് ബയോ ഡീസല്‍ എന്നിവയാണ് ജോണ്‍ അബ്രഹാമിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
യോഗത്തില്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ അധ്യക്ഷത വഹിച്ചു.എംഎല്‍എമാരായ സി.കെ. ശശീന്ദ്രന്, ഐ.സി. ബാലകൃഷണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, സബ് കളക്ടര്‍ ശീറാം സാംബശിവറാവു, മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര്. പ്രവീജ്, എം.പി.യുടെ പ്രതിനിധി കെ.എല്‍ പൗലോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്. മണിലാല്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: