സ്വര്‍ഗീയ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയും അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ 1967 ഡിസംബര്‍ അവസാനം കോഴിക്കോട്ടു നടന്ന ഭാരതീയ ജനസംഘത്തിന്റെ 14-ാം വാര്‍ഷിക സമ്മേളനവും അനുസ്മരിച്ചുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടിയുടെ അടുത്ത ദേശീയകാര്യസമിതി യോഗം കോഴിക്കോട്ട് നടത്താന്‍ തീരുമാനിച്ചത് ഏറ്റവും ഉചിതമായി.
ഭാരതത്തിലെ രാഷ്ട്രീയത്തിലെ വഴിത്തിരിവിന്റെ തുടക്കമായാണ് 1967 നെ കണക്കാക്കുന്നത്. സമ്പൂര്‍ണമായിരുന്ന കോണ്‍ഗ്രസ് തേര്‍വാഴ്ച അവസാനിച്ച് യുഗപരിവര്‍ത്തനം ആരംഭിച്ച വര്‍ഷമായിരുന്നു അത്. ഉത്തരഭാരതത്തിലെ എട്ടു സംസ്ഥാനങ്ങള്‍ പഞ്ചാബു മുതല്‍ ബംഗാള്‍ വരെ, കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. ദീനദയാല്‍ജിയുടെ ഭാഷയില്‍ പടിഞ്ഞാറു പഞ്ചാബ് മുതല്‍ കിഴക്ക് ബംഗാള്‍ വരെ കോണ്‍ഗ്രസ്മുക്ത ഭാരതത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന സ്ഥിതി വന്നു.
കേരളത്തിലും ഒറ്റഅക്ക സംഖ്യയിലേക്ക് കോണ്‍ഗ്രസ് നിയമസഭാംഗത്വം കൂപ്പുകുത്തി. പക്ഷേ ബദല്‍ ശക്തിയായി വന്നത് മാര്‍ക്സിസ്റ്റ് നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി ആയിരുന്നു. മുസ്ലിംലീഗ് അടക്കമുള്ള എല്ലാ ഹിന്ദുവിരുദ്ധ കക്ഷികളും ഒത്തുചേര്‍ന്ന ആ സംവിധാനം, ഇടവേളകളിലെ നീക്കുപോക്കുകളോടെ ഇന്നും തുടരുകയാണല്ലൊ.
ദേശീയ ശക്തികളുടെ കുന്തമുനയായിത്തീരാന് കേരളത്തില്‍ ജനസംഘം ശക്തിപ്രാപിക്കണമെന്ന ലക്ഷ്യത്തോടെ 67ലെ അഖിലഭാരത സമ്മേളനം കേരളത്തില്‍ നടത്തണമെന്ന് ജൂണില്‍ സിംലയില്‍ ചേര്‍ന്ന കേന്ദ്രകാര്യ സമിതി നിര്‍ദ്ദേശിക്കുകയായിരുന്നു. ആയിരക്കണക്കിന് പ്രതിനിധികള്‍ വന്നെത്തുന്ന ആ മഹാസംഭവത്തിന്റെ ചുമതലയേല്‍ക്കുമ്പോള്‍ അന്ന് സംസ്ഥാന സംഘടനാ കാര്യദര്‍ശി ആയിരുന്ന പരമേശ്വര്ജിക്കുണ്ടായ ആശങ്ക ദീനദയാല്‍ജി തന്നെ അകറ്റി. പരമേശ്വര്‍ജി സിംലയില്‍നിന്നു മടങ്ങുംവഴി നാഗ്പൂരില്‍ ഇറങ്ങി ഗുരുജിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. അദ്ദേഹവും പ്രോത്സാഹിപ്പിച്ചു.
1967 ഡിസംബര്‍ അവസാനമാണ് സമ്മേളനം നടന്നത്. ഒക്ടോബറില്‍ തൃശ്ശിവപേരൂരില്‍ കേരളത്തിലെ ജനസംഘപ്രവര്ത്തകര്ക്കായി ദീനദയാല്‍ജി നയിച്ച പഠനശിബിരമുണ്ടായി. അതിന്റെ അവസാന ദിവസം അഖിലഭാരത സമ്മേളനത്തിന്റെ നടത്തിപ്പിന്റെ വിശദാംശങ്ങളെക്കുറിച്ച് അദ്ദേഹം പ്രബോധനം നല്കി. അതിന്റെ സംഘാടനത്തിന് പ്രഗത്ഭനായ ശ്രീറാം ഭാവുഗോഡ്ബോലെയെ അയയ്ക്കാമെന്നും അദ്ദേഹം ഉറപ്പു നല്കി.
സമ്മേളനകാര്യം അറിഞ്ഞപ്പോള്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ വിദ്യുല്പ്പത ഉള്ക്കൊണ്ടവരെപ്പോലെ ഉത്സാഹഭരിതരായി. അനവധിപേര്‍ അതിന്റെ വിജയത്തിന് മുഴുവന്‍ സമയവും നല്കാന് തയ്യാറായി മുന്നോട്ടു വന്നു. കണ്ണൂരിലെ കെ.ജി.മാരാരും തളിപ്പറമ്പിലെ കെ.സി.കണ്ണനും കോഴിക്കോട്ടെ പി.എന്‍.ഗംഗാധരനും നളരാജനും നെല്ലിക്കാട്ടിയിരിലെ വി.രാമന്‍കുട്ടിയും തൃശ്ശിവപേരൂരിലെ അശോകനും പി.കെ.അപ്പുക്കുട്ടനും ആലുവയിലെ ഒ.ജി.തങ്കപ്പനും എറണാകുളത്തെ കെ.ജി.വാധ്യാരും എളങ്കുളത്തെ സി.എന്‍.ദാമോദരനും പാലക്കാട്ട് കെ.അറുമുഖനും എം.വി. സുകുമാരനും വൈക്കത്തെ പി.കെ.സുരേന്ദ്രനും ചേര്‍ത്തലയിലെ ആര്.വി.ദേവും നൂറനാട്ടെ വി.വിശ്വനാഥനും ചെങ്ങന്നൂരെ അയ്യപ്പനും പെട്ടെന്ന് ഓര്‍മയില്‍ എത്തുന്നവരാണ്.
ഇനിയും അക്കൂട്ടത്തില്‍പ്പെടുത്താന്‍ ആളുകള്‍ ഉണ്ടെങ്കില്‍ അവര്‍ ക്ഷമിക്കുക. അവരില്‍ ഏതാനും പേരൊഴികെ പലരും ഓര്‍മകളായി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയശ്രീലാളിതനായ ഒ.രാജഗോപാലന്‍ അന്ന് ജനസംഘത്തിന്റെ സംസ്ഥാനകാര്യദര്ശിയായിരുന്നു.
മനുഷ്യന് സങ്കല്പ്പിക്കാന് കഴിയുന്ന എല്ലാ എതിര്‍പ്പുകളെയും തരണം ചെയ്താണ് സമ്മേളനം വിജയിപ്പിക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നു പ്രയത്നിച്ചത്. സമ്മേളനം ഏതര്‍ത്ഥത്തിലും വന്വിജയമായിത്തിര്ന്നു. ആദ്യം ആയിരം പ്രതിനിധികളുണ്ടാവുമെന്നു പ്രതീക്ഷിച്ചുവെങ്കിലും ദിവസം ചെല്ലവേ അത് മൂവായിരവും അയ്യായിരവും തലേ ആഴ്ചയില്‍ പതിനായിരവുമായി. എത്തിയതോ പതിമൂവായിരത്തിനു മേലെയും. അവരുടെ താമസം, ഗതാഗതം, ഭക്ഷണം, വൈദ്യസഹായം, അഖിലഭാരതതലത്തിലുള്ള പത്രമാധ്യമങ്ങള്‍ക്ക് സൗകര്യമേര്‍പ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം നടത്തിക്കാന്‍ ഗോഡ്ബോലേജിയുടെ കാര്യക്ഷമവും ഭാവനാസമ്പന്നവുമായ മേധാശക്തിക്കുകഴിഞ്ഞു. കോഴിക്കോട്ടെ മാത്രമല്ല, മറ്റു സ്ഥലങ്ങളിലെയും പ്രമുഖ വ്യക്തികളെ, അവരുടെ രാഷ്ട്രീയ വീക്ഷണങ്ങള്ക്കതീതമായിത്തന്നെ സഹകരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
സമ്മേളനപ്രതിനിധികളുടെ സഹായത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കോഴിക്കോട്ടെ റീജിയണല്‍ എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി സംഘങ്ങളെ പ്രയോജനപ്പെടുത്തിയത് ഹരിയേട്ടന്റെ അഭിപ്രായപ്രകാരം നടപ്പാക്കിയ മാസ്റ്റര്‍ സ്ട്രോക്ക് ആയിരുന്നു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സിപിഎമ്മും മുസ്ലിംലീഗും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് നടത്തിയ ദുഷ്പ്രചാരണങ്ങള്‍ സകല അതിര്‍ത്തികളെയും ലംഘിച്ചു. എ.കെ.ഗോപാലന് ഏതാനും തുടര്‍ലേഖനങ്ങളിലൂടെ ആര്‍എസ്എസിന്റെയും ജനസംഘത്തിന്റെയും ചരിത്രം വിളമ്പി സിപിഎം അല്‍പ്പബുദ്ധികളെ ഊട്ടി. പക്ഷേ പല സംസ്ഥാനങ്ങളിലെയും മന്ത്രിമാരും എംപിമാരും സമ്മേളനത്തിന് വന്നപ്പോള്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ ചെയ്യാതെവയ്യല്ലോ.
ഇത്രയും പേര്‍ക്ക് ഭക്ഷണമെത്തിക്കുന്നത് യഥാര്‍ത്ഥ പ്രശ്നമായി. കേരളത്തില്‍ മൂന്നുകിലോ അരിയിലേറെ പെര്‍മിറ്റില്ലാതെ ജില്ല അതിര്‍ത്തി കടത്തി കൊണ്ടുപോകുന്നതിനു വിലക്കുണ്ടായിരുന്നു.
പാലക്കാട്ടുനിന്നും ആവശ്യത്തിന് അരിവാങ്ങിക്കൊണ്ടുവരാന് അനുമതിക്കായി മുഖ്യമന്ത്രി ഇഎംഎസിനെ പരമേശ്വര്‍ജി സമീപിച്ചു. ഇത്രയൊക്കെപ്പേര്‍ എത്തുമോ? എന്ന് പരിഹാസത്തോടെ അതിശയംകൂറുകയാണ് നമ്പൂതിരിപ്പാട് ചെയ്തത്. ഒടുവില്‍ പ്രതിനിധികള്‍ക്കു നല്കിയ നിര്‍ദ്ദേശങ്ങളില്‍ ഓരോ ആളും മൂന്നുകിലോ അരികൂടി കൊണ്ടുവരണമെന്നു നിര്‍ദ്ദേശിച്ചുവെന്ന് രാജേട്ടന് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. അതിനുശേഷമേ സര്‍ക്കാര്‍, അതും സമ്മേളനാരംഭത്തിന് ഒരാഴ്ചമുമ്പ് അനുമതി നല്കിയുള്ളൂ.
കേരളത്തിലേക്ക് റോഡ് മാര്‍ഗം കടന്നുവരുന്ന എല്ലാ അതിര്‍ത്തികളിലും കേരള പ്രവേശ് എന്ന് ഹിന്ദിയിലും മലയാളത്തിലും എഴുതിയ സ്വാഗതകമാനങ്ങള്‍ സ്ഥാപിക്കപ്പെട്ടു. കോഴിക്കോട് ജില്ലയും നഗരവും ദീപപതാകകളെക്കൊണ്ട് കമനീയമായി ചമയിച്ചു. അങ്ങാടിക്കടകളിലെ കാവിനിറത്തിലുള്ള തുണി മുഴുവന്‍ തീര്‍ന്നപ്പോള്‍ വെളുത്ത കോറത്തുണി വാങ്ങി ഡൈ ചെയ്യുകയായിരുന്നു.
കോഴിക്കോട്ടെ സാമൂതിരി ഹൈസ്കൂളും മൈതാനവുമായിരുന്നു സമ്മേളനവേദിയും ഭോജന ശാലയും. നേരത്തെ തയ്യാറാക്കിയ പന്തലിന് വിസ്തൃതിമതിയാകാതെ വന്നപ്പോള്‍ തലേന്നുതന്നെ 60000 ച.അടി വിസ്തൃതിയില്‍ ഇരുവശത്തും കൂട്ടിച്ചേര്‍ത്തു. നാരായണനഗര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട സമ്മേളനസ്ഥലത്തിന്റെ പുരോഭാഗത്ത് പ്രമുഖശില്‍പ്പി എം.ആര്.ഡി.ദത്തന് നിര്‍മിച്ച ഗുരുദേവന്റെ അര്‍ദ്ധകായ പ്രതിമ ആര്‍ട്ടിസ്റ്റ് വാസു പ്രദീപ് തയ്യാറാക്കിയ മനോഹര മണ്ഡപത്തില്‍ സ്ഥാപിച്ചിരുന്നു.
സ്ഥാനമൊഴിഞ്ഞ അദ്ധ്യക്ഷന്‍ പ്രൊഫ.ബല്‍രാജ് മധോക്കില്നിന്ന് ദീനദയാല്‍ജി സ്ഥാനമേറ്റെടുത്തുകൊണ്ടാണ് വന്ദേമാതരത്തിനുശേഷം ചടങ്ങുകള്‍ ആരംഭിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുമെത്തിയ നൂറുകണക്കിന് മാധ്യമങ്ങള്‍ സമ്മേളന നടപടികള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഭാരതത്തില്‍ ഒരു യുഗപരിവര്‍ത്തനത്തിനുള്ള ആഹ്വാനമായിരുന്നു ദീനദയാല്‍ജിയുടെ അധ്യക്ഷ പ്രസംഗത്തിന്റെ സാരാംശം. ജനസംഘത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ അദ്ദേഹം സുവ്യക്തമായി പ്രഖ്യാപിച്ചു. ”നാം ഏതെങ്കിലും സമ്പ്രദായത്തോടൊ വര്‍ഗത്തോടോ ബന്ധിതരല്ല. സമ്പൂര്‍ണ രാഷ്ട്രത്തേയും സേവിക്കാന്‍ വ്രതമെടുത്തവരാണ്. ഈ ദേശത്തെ മുഴുവന്‍ ജനങ്ങളും നമ്മുടെ സഹോദരങ്ങളാണ്. ഭാരതമാതാവിന്റെ യഥാര്‍ത്ഥ സന്താനങ്ങളെന്ന അന്തസ്സ് ഈ സഹോദരങ്ങള്‍ക്കെല്ലാം ലഭ്യമാകുന്നതുവരെ നാം വെറുതെയിരിക്കില്ല.
നാം നേരായ അര്‍ത്ഥത്തില്‍ ഭാരതമാതാവിനെ സുജലയും സുഫലയുമാക്കിത്തീര്ക്കും. അവള് ദശപ്രഹരണധാരിണി ദുര്‍ഗയായി ശത്രുക്കളെ സംഹരിക്കും. ലക്ഷ്മിയായി സകലജനങ്ങള്‍ക്കും ഐശ്വര്യം പ്രദാനം ചെയ്യും. സരസ്വതിയായി അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനപ്രകാശം പരത്തും. ഹിന്ദു മഹാസാഗരത്താലും ഹിമവാനാലും പരിവേഷ്ടിതയായ ഭാരത ഖണ്ഡത്തില്‍ ഏകരസത, കര്‍മശക്തി, സമത്വം, സമ്പന്നത, ജ്ഞാനവത്ത, സുഖം, ശാന്തി എന്നിവയുടെ സപ്തജാഹ്നവീ പ്രവാഹം കൊണ്ടുവരുന്നതുവരെ നമ്മുടെ ഭഗീരഥ പ്രയ്തനം പൂര്‍ണമാവില്ല. ഈ പരിശ്രമത്തില്‍ ബ്രഹ്മാവും ശിവനും വിഷ്ണുവും നമുക്ക് സഹായം നല്‍കും.
വിജയത്തില്‍ വിശ്വാസം പേറി തപസ്സുചെയ്യാന്‍ നിശ്ചയമെടുത്തു മുന്നേറാം എന്നായിരുന്നു ദീനദയാല്‍ജി പ്രസംഗം അവസാനിപ്പിച്ചത്. ഏതാണ്ട് അഞ്ച് പതിറ്റാണ്ടിനകത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പിന്തലമുറ അതു മുഴുമിച്ചുകൊണ്ടിരിക്കുകയാണല്ലൊ.
കോഴിക്കോട്ടെ അലങ്കരണങ്ങള്ക്കു നേതൃത്വം നല്കിയ പി.എന്‍.ഗംഗാധരനും ശോഭായാത്രയുടെ കുറ്റമറ്റ സംവിധാനമൊരുക്കിയ ടി.സുകുമാരനും പി.ടി.ഉണ്ണിമാധവനും എം.സി.ശ്രീധരനും മറ്റനേകംപേരും ഇന്നത്തെ വാര്‍ധക്യത്തിലും സമ്മേളന സ്മരണകളുമായി കഴിയുന്നുണ്ട്.
സെപ്തംബറില്‍ ദേശീയ സമിതിയോഗം നടക്കുന്നതിനിടെ അങ്ങനത്തെ പഴയ പ്രവര്‍ത്തകരെ, കാസര്‍കോടു മുതല്‍ കളിയിക്കാവിള വരെയുള്ളവരെ ക്ഷണിച്ചുവരുത്തി, അവരുടെ ‘തന്നാലായതി’നെ ആദരിക്കുന്നത് ഉചിതവൃത്തിയാവും എന്നഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: