കൊടകര: കൊടകരയിലെ കോളജ് പരിസരത്തുനിന്നും കഞ്ചാവ് വില്‍ക്കുന്നതിനിടെ നാലംഗ സംഘത്തെ കൊടകര എസ്ഐ ജിബു ജോണ്‍ അറസ്റ്റു ചെയ്തു. അണ്ണല്ലൂര്‍ ഗുരുതിപാല സ്വദേശി പെരിങ്ങാശേരി അനൂപ് (23), ആളൂര്‍ പൊരുന്നംകുന്ന് സ്വദേശി തറയില്‍ അരുണ്‍ (23), പേരാമ്പ്ര വിആര്‍പുരം സ്വദേശി മോനപ്പിള്ളി അരുണ്‍ (26), പേരാമ്പ്ര വിആര്‍പുരം സ്വദേശി ഓമങ്കലത്ത് അക്ഷയ് (18) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നാലു പൊതികളിലായി 285 ഗ്രാം കഞ്ചാവ് ഇവരില്‍നിന്ന് കണ്ടെടുത്തു. മതിലകം, വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര സ്റ്റേഷനുകളില്‍ പിടിച്ചുപറി, കൊലപാതകശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ് അനൂപ്. കൊടകര, ചാലക്കുടി സ്റ്റേഷനുകളിലായി അടിപിടികേസുകളിലെ പ്രതിയാണ് പൊരുന്നംകുന്ന് സ്വദേശി അരുണ്‍. മാള, ചാലക്കുടി, കൊടകര സ്റ്റേഷനുകളിലായി വിവിധ കേസുകളിലെ പ്രതിയാണ് പേരാമ്പ്ര സ്വദേശി അരുണെന്നും കൊടകര പൊലീസ് പറഞ്ഞു. കോളജ് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുഎന്ന തൃശൂര്‍ ജില്ല റൂറല്‍ എസ്പിയുടെ നിര്‍ദേശത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊടകര എസ്ഐയുടെ നേതൃത്വത്തില്‍ എസ്സിപിഒമാരായ ജോഫി ജോസ്, ജെയ്സണ്‍, സിപിഒമാരായ ഷിജു, ദിപേഷ്, വിനോദ്, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: