ഷജീര്‍
തൃശൂര്‍: ആളില്ലാത്ത വീടുകള്‍ കണ്ടെത്തി രാത്രി വാതിലുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തുന്ന നിരവധി കേസുകളിലെ പ്രതി മലപ്പുറം വെളിയങ്കോട് അയ്യൂട്ടിച്ചിറ തോട്ടുങ്ങല്‍ വീട്ടില്‍ റഷീദ് മകന് പരുന്ത് ഷജീര്‍ എന്നറിയപ്പെടുന്ന ഷജീറി(30)നെ ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുനിന്ന് ഷാഡോ പോലീസ് പിടികൂടി. സിറ്റിപോലീസ് കമ്മീഷണര്‍ ഡോ. ജെ.ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ എട്ടിന് ഗുരുവായൂര്‍ തൈക്കാട് മൂക്കത്തേയില്‍ ബിജുവിന്റെ വീട് കുത്തിത്തുറന്ന് വാതിലുകളും അലമാരകളും തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസിന്റെ ഒടുവിലാണ് ഷജീര്‍ പോലീസ് വലയിലായത്.
നിരവധി അമ്പലമോഷണകേസുകളിലും വാഹനമോഷണകേസുകളിലും ഭവനഭേദകേസുകളിലും പ്രതിയായ ഷജീര്‍ കഴിഞ്ഞ ഒക്ടോബറില്‍ പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായിരുന്നു. ജയില്‍മോചിതനായ ശേഷം നിരവധി വീടുകളില്‍ മോഷണം ചെയ്തതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഗുരുവായൂര്‍ അപ്പാസ് തീയേറ്ററിനടുത്തുള്ള കാരയില്‍ വീട്ടില്‍ ശ്രീധരന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും ബിജുവിന്റെ വീട്ടില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ രായ്മരക്കാര്‍ വീട്ടില്‍ ഹമീദിന്റെ മകള്‍ ആമിനമോളിന്റെ വീട്ടില്‍നിന്നും സ്വര്‍ണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തിയിട്ടുണ്ട്.
ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് ചിനക്കല്വീട്ടില് ഐഷാബി, സാജോസ് പബ്ലിക് സ്കൂളിന് സമീപം ഗോപാലകൃഷ്ണന്, ഗുരുവായൂര്‍ വീട്ടില്‍ മോഹനന്റെ ഭാര്യ വിനയ, മുതുവട്ടൂര്‍ തെരുവത്ത് വീട്ടില്‍ കുഞ്ഞുമോന് ഭാര്യ സുബൈദ, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്നിവരുടെ വീടുകളില്‍ നിന്നും സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചതായി സമ്മതിച്ചു. 2007ലാണ് ഇയാള്‍ ആദ്യമായി പോലീസിന്റെ പിടിയിലാകുന്നത്. പിന്നീട് പലതവണ പോലീസ് പിടിയിലാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി ജയില്‍വാസം അനുഭവിക്കെ 80000രൂപ കോടതിയില്‍ കെട്ടിവെച്ചാണ് ജയിലില്‍ നിന്ന് മോചിതനായത്. ജയിലില്‍ നിന്നിറങ്ങി കിട്ടുന്ന പണംകൊണ്ടോ മോഷണം നടത്തിയ ബൈക്കോ ഉപയോഗിച്ചാണ് ഇയാള്‍ പിന്നീട് തന്റെ മോഷണം തുടരുന്നത്. മോഷണത്തിനിടയില്‍ നാട്ടുകാരുടേയോ പോലീസിന്റെയോ കയ്യില്‍ പെട്ടാല്‍ വെട്ടിക്കുന്നതിന് അതിസാമര്ത്ഥ്യക്കാരനാണ്. ബിസിനസ് കാരനാണെന്ന് പരിചയപ്പെടുത്തി. കണ്ണൂരിലെ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു.
ഗുരുവായൂര്‍, കണ്ടാണശ്ശേരി, പാവറട്ടി, ചാവക്കാട്, പൊന്നാനി, പെരുമ്പടപ്പ്, വടക്കേക്കാട്, പാവറട്ടി, ചാവക്കാട് എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഷജീര്‍. അസി.കമ്മീഷണര്‍ ജയചന്ദ്രന്‍പിള്ള, ടെമ്പിള്‍ പോലീസ് സിഐ രാജേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്ഐമാരായ ഡേവീസ് എംപി, വി.കെ.അന്‍സാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.ജി.സുവ്രതകുമാര്‍, പി.എം.റാഫി, കെ.ഗോപാലകൃഷ്ണന്, സിപിഒമാരായ പി.വി.ജീവന്, പി.കെ.പഴനിസ്വാമി, സി.പി.ഉല്ലാസ്, എം.എസ്.ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: