തൃശൂര്‍: മലമ്പനിയിലെ മാരക വകഭേദമായ പ്ലാസ്മോഡിയം ഫാല്‍ഡിപ്പാരം ജില്ലയില്‍ ഏറിവരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം 7 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇക്കുറിയത് 14 ആയി. ജില്ലയില്‍ ഈ വര്‍ഷം ഇത് വരെ 42 മലമ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. ഇതില്‍ 23 പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. മലമ്പനി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ആരോഗ്യ വകുപ്പ് വിവിധ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
തികച്ചും സൗജന്യ ചികിത്സയാണ് മലമ്പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്നത്. ഇതിനായി പ്രതേ്യക ചികിത്സാ നിര്‍ദ്ദേശം നല്കി കഴിഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ ഐ.സി.എസ്.പി. യിലോ അതത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ നിര്‍ബന്ധമായും അറിയിക്കണം.
ചികിത്സ പകുതി വെച്ച് നിര്‍ത്തുന്ന രീതി ഇതര സംസ്ഥാന തൊഴിലാളികളില്‍ വ്യാപകമായി കണ്ടുവരുന്നതിനാല്‍ അവരുടെ താല്‍പ്പര്യമെടുത്ത് ചികിത്സ തുടരാനുളള സംവിധാനം നിര്‍ബന്ധമായും നടപ്പാക്കണം. ഓവര്‍ഹെഡ് ടാങ്കുകള്‍, വെളളം കെട്ടിനില്‍ക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുക് നശീകരണം ഫലപ്രദമായി നടപ്പാക്കണം. പ്ലാസ്മോഡിയം വൈവാക്സ്, പ്ലാസ്മോഡിയം ഫാല്‍ഡിപ്പാരം, പ്ലാസ്മോഡിയം ഓവെല്‍ , പ്ലാസ്മോഡിയം മലേറിയ എന്നിവങ്ങനെ നാല് തരത്തിലാണ് മലമ്പനി പരത്തുന്ന രോഗാണുക്കള്‍ ഉളളത്. പുതുതായി കണ്ടെത്തിയ പ്ലാസ്സ്മോഡിയ നോളിസിയും രോഗകാരിയാണ്. അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. പുതിയ തരം കൊതുകായ അനോഫിലിസ് സ്റ്റീഫന്‍സിയുടെ സാന്നിധ്യം ജില്ലയിലെ നിര്‍മ്മാണ മേഖലയില്‍ വര്‍ദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രോഗപകര്‍ച്ചയ്ക്ക് ഇത് കാരണമാവുന്നതായാണ് കണക്കാക്കുന്നത്.
1965 ല്‍ മലേറിയ കേരളത്തില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തുവെങ്കിലും ഇതര സംസ്ഥാനതൊഴിലാളികളുടെ കുത്തൊഴുക്ക് രോഗാണുക്കളുടെ സാന്നിധ്യത്തിന് കാരണമാകുന്നുണ്ട്. നഗരവല്ക്കരണത്തിനറെ തോത് ഏറിയത് രോഗപകര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്.
ഇടവിട്ട് വിറയലോട് കൂടിയ പനി, ക്ഷീണം, വിളര്‍ച്ച തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങള്‍ പിന്നീട് തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ ആയും വൃക്കയെ ബാധിക്കുന്ന ബ്ലാക്ക് വാട്ടര്‍ ഫീവര്‍ ആയും മാറി മരണഹേതുവാകുകയാണ് പതിവ്. മലമ്പനിക്കെതിരെ ജാഗ്രത പുലര്‍ത്താനും രോഗം വന്നാല്‍ വേണ്ടവിധം ചികിത്സ തേടാനും പൊതുജനങ്ങള്‍ തയ്യാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: