ബോര്‍ഡ്യുക്സ്: യൂറോ കപ്പില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന സ്പെയ്നിന് ഗ്രൂപ്പ് മത്സരത്തില്‍ തിരിച്ചടി. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യയോട് ഒന്നിനെതിരെ രണ്ടു ഗോളിന് തോറ്റ നിലവിലെ ചാമ്പ്യന്മാര് ഗ്രൂപ്പില്‍ രണ്ടാമതായി. ജയത്തോടെ ഏഴു പോയിന്റുമായി ക്രൊയേഷ്യ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് ഉറപ്പിച്ചു. ആറു പോയിന്റുള്ള സ്പെയ്നും മുന്നേറി. മറ്റൊരു കളിയില്‍ ചെക്ക് റിപ്പബ്ലക്കിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കി തുര്‍ക്കി പ്രതീക്ഷ കാത്തു.
ക്രൊയേഷ്യയ്ക്കെതിരെ ഏഴാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയിലൂടെ മുന്നിലെത്തിയ ശേഷം സ്പെയ്ന്‍ അടിതെറ്റിയത്. സെസ്ക് ഫാബ്രിഗസിന്റെ ക്രോസില്‍ നിന്ന് മൊറാട്ട വല ചലിപ്പിച്ചത്. ഗോളിന്റെ ആഘാതത്തില്‍ നിന്നു മുക്തനായി മത്സരത്തിലേക്കു തിരിച്ചെത്തിയ ക്രൊയേഷ്യ, ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ കാലിനിക്കിലൂടെ ഒപ്പമെത്തി. ഇവാന് പെരിസിച്ചിക്കിന്റെ പാസില്‍ നിന്ന് ഗോള്‍.
88ാം മിനിറ്റില്‍ ഇവാന് പെരിസിച്ചിക്ക് ടീമിന് ലീഡ് സമ്മാനിച്ചു. ഇത്തവണ ഗോളിലേക്കു നയിച്ചത് കാലിനിക്ക്. കളിയവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ വീണ ഗോള്‍ നിലവിലെ ജേതാക്കള്‍ക്ക് കടുത്ത ആഘാതമായി.
മത്സരത്തിന്റെ 72ാം മിനിറ്റില്‍ സ്പാനിഷ് നായകന് സെര്‍ജിയോ റാമോസ് പെനല്‍റ്റി നഷ്ടപ്പെടുത്തിയത് വന്‍ തിരിച്ചടിയായി. ഡേവിഡ് സില്‍വയെ പിന്നില്‍നിന്ന് ഇടിച്ചു വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റി ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ സുബാസിക്ക് തട്ടിയകറ്റി.
ചെക്ക് റിപ്പബ്ലിക്കിനെതിരെ പത്താം മിനിറ്റില്‍ ബുറാക്ക് യില്മാസിലൂടെയാണ് തുര്‍ക്കി മുന്നിലെത്തിയത്.
എംമ്റേ മോര് നല്കിയ പാസ് ഗോളിലേക്കു വഴിതുറന്നു. 65ാം മിനിറ്റില്‍ ഒസാന് ടുഫാനിലൂടെ തുര്‍ക്കി ലീഡുയര്‍ത്തി. മെഹ്മറ്റ് ടോപല്‍ അവസരമൊരുക്കി. ജയം തുര്‍ക്കിക്കു സമ്മാനിക്കുന്നത് നോക്കൗട്ട് പ്രതീക്ഷ. മികച്ച മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ഇടം തുര്‍ക്കിയെ മോഹിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: