നല്ലൊന്താരം ജോലി കളഞ്ഞിട്ട് ഈ പെണ്‍കുട്ടി ഇതെന്ത് ഭ്രാന്താണ് ഈ കാട്ടിയതെന്ന് പ്രഗ്യ ഭട്ടിനെക്കുറിച്ച് പറഞ്ഞേക്കാം. പക്ഷേ പ്രഗ്യ തിരഞ്ഞെടുത്ത വഴി അവളെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും ശരിയായിരുന്നു. മടുപ്പിക്കുന്ന തൊഴില്‍ അന്തരീക്ഷത്തില്‍ അശാന്തമായ മനസ്സിനെ ആ പെണ്‍കുട്ടിക്ക് ശാന്തമാക്കണമായിരുന്നു. പലരും സ്വപ്നം കാണുന്ന ജോലിയായിരുന്നു പ്രഗ്യയ്ക്കും,
ബിടെക് ബിരുദമെടുത്ത് രാജ്യത്തെ പ്രശസ്തമായ ഐടികമ്പനിയില്‍. മോഡേണ്‍ ജീവിതശൈലിയില്‍ ഒഴുകി നീങ്ങുന്ന പുതുതലമുറയില്‍പ്പെട്ട പ്രഗ്യയ്ക്കു പക്ഷെ ഇരുന്നിടത്തുതന്നെ മണിക്കൂറുകള്‍ ഇരുന്നുകൊണ്ട്, മാനസിക സംഘര്‍ഷം അനുഭവിച്ചുകൊണ്ട് ജോലി ചെയ്യുന്നതിനോട് പൊരുത്തപ്പെട്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് എന്താണ് തന്റെ അവസ്ഥ എന്നുമനസ്സിലാക്കുന്നതിനായി സ്വയം നിരീക്ഷണം നടത്താന്‍ തീരുമാനിച്ചു. അതുപ്രകാരം ഓഫീസ് ക്യാമ്പസിനുള്ളിലുള്ള ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യാന്‍ തീരുമാനിച്ചു. അത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമേ പ്രഗ്യയെ സഹായിച്ചുള്ളു. മാത്രമല്ല അത് അവളെ തളര്‍ത്തുകയും ചെയ്തു.
ശരീരത്തേയും മനസ്സിനേയും ഫിറ്റ് ആക്കാനുള്ള പ്രഗ്യയുടെ യാത്ര ചെന്നെത്തിയത് പവര്‍ യോഗ ക്ലാസിലേക്കാണ്. യോഗയിലൂടെ ശരീരത്തിന് മാത്രമല്ല മാറ്റം സംഭവിച്ചത്, വ്യക്തിയെന്ന നിലയില്‍ തനിക്കുകൂടിയാണെന്ന് പ്രഗ്യ തിരിച്ചറിയുകയായിരുന്നു. വിദ്യാര്‍ത്ഥിയായി തുടങ്ങിയ ആ യാത്ര ഇപ്പോള്‍ യോഗ അദ്ധ്യാപികയില്‍ എത്തിനില്‍ക്കുന്നു.
ഇന്ത്യന്‍ ഫോറിന് സര്‍വീസസില്‍ ഉദ്യോഗസ്ഥരായിരുന്നു പ്രഗ്യയുടെ മാതാപിതാക്കള്‍. അതുകൊണ്ടുതന്നെ ജനിച്ചത് ഭാരതത്തിലായിരുന്നു എങ്കിലും പഠനം വിദേശത്തായിരുന്നു. ഹൈ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഭാരത്തിലെത്തി ബിടെക് ബിരുദം നേടി. ഇന്‍ഫോസിസ്, അക്വഞ്ചര്‍ തുടങ്ങിയ കമ്പനികളില്‍ ജോലി നോക്കി. ഐടി മേഖലയില്‍ ഏഴ് വര്‍ഷം ജോലി നോക്കിയ ശേഷം പ്രഗ്യ തിരിച്ചറിയുകയായിരുന്നു, ഇത് തന്റെ വഴിയല്ലെന്ന്. സ്വപ്നം കാണുന്ന, സാഹസികതയുടെ പിന്നാലെ പോകുന്ന മനസ്സിനെ പിടിച്ചുകെട്ടാന്‍ പ്രഗ്യയ്ക്ക് ആവുമായിരുന്നില്ല. തുടര്‍ച്ചയായുള്ള സ്കൂള്‍ മാറ്റവും യാത്രയും കാരണം വിഭിന്ന സംസ്കാരങ്ങളെ അടുത്തറിയുന്നതിനും അതിനാല്‍ സാധിച്ചിരുന്നു.
എന്നാല്‍ ജോലിയിലെ സംഘര്‍ഷം മാത്രമായിരുന്നില്ല, ഉദാസീനമായ ജീവിത ശൈലികാരണം ശരീരഭാരവും അധികമായിരുന്നു. അതുമൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും പ്രഗ്യയെ അലട്ടിയിരുന്നു. ജിമ്മില്‍ പോയതുകൊണ്ടുമാത്രം കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് യോഗാ ക്ലാസില്‍ ചേര്‍ന്നത്. ചുറ്റുമുള്ളവര്‍ തന്റെ ശരീരത്തിനുണ്ടായ മാറ്റം ശ്രദ്ധിച്ചപ്പോള്‍ പ്രഗ്യ തന്റെ ആന്തരിക മാറ്റവും തിരിച്ചറിയുകയായിരുന്നു.
യോഗ ആ പെണ്‍കുട്ടിയുടെ ചിന്തകളെപ്പോലും മാറ്റിമറിച്ചു. ജീവിതം തന്നെ യോഗയ്ക്കുവേണ്ടി മാറ്റിവയ്ക്കുവാനുള്ള തീരുമാനമാണ് പിന്നീട് എടുത്തത്. എന്നാല്‍ യോഗ പരിശീലിച്ചിട്ടുണ്ടെന്നല്ലാതെ അതിന്റെ ശാസ്ത്രീയവശത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കിയിരുന്നില്ല.
ഒരു നല്ല യോഗ ടീച്ചര്‍ നല്ലൊരു വിദ്യാര്‍ത്ഥിയും ആയിരിക്കണം എന്നാണ് പ്രഗ്യയുടെ പക്ഷം. ബംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ അനുസൂദന സംസ്ഥാന(എസ്-വിവൈഎഎസ്എ) ല്‍ നിന്നാണ് ടീച്ചേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് നേടിയത്.
യോഗയില്‍ മനസ്സുറപ്പിക്കുമ്പോഴും പ്രഗ്യയ്ക്ക് മുന്നില്‍ ഒരു വെല്ലുവിളിയുണ്ടായിരുന്നു. കനത്ത ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുകയെന്നത് ഒരു പ്രശ്നം തന്നെയായിരുന്നു. മകള്‍ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് സങ്കല്പ്പിക്കാന് പോലും സാധ്യമായിരുന്നില്ല. യോഗ ടീച്ചര്‍ എന്നത് മികച്ചൊരു കരിയറായി അവരാരും കരുതിയിരുന്നില്ല.
ആദ്യം ആഴ്ചയില്‍ അഞ്ച് ദിവസം എന്ന രീതിയില്‍ യോഗ പരിശീലനം മറ്റുള്ളവര്‍ക്ക് നല്കാന് തീരുമാനിച്ചു. വലിയ പ്രചാരമൊന്നും അന്ന് നല്‍കിയിരുന്നില്ല. എന്നാല്‍ പ്രഗ്യയുടെ ശിഷ്യരില്‍ നിന്നും കേട്ടറിഞ്ഞ് നിരവധിപേരാണ് പിന്നീട് എത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ മേക് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം ഭാരതത്തിലെ വെല്‍നസ്സ് വ്യവസായം 490 ബില്യണ്‍ ഡോളറിന്റേതാണ്. വരുംവര്‍ഷങ്ങളില്‍ യോഗ പരിശീലകരുടെ എണ്ണത്തില്‍ 3–35 ശതമാനം വരെ വര്‍ധവനുണ്ടാകുമെന്നാണ് അസോചത്തിന്റെ പഠനം സൂചിപ്പിക്കുന്നത്.
ഇന്ന് പ്രഗ്യയെ സംബന്ധിച്ച് യോഗ എന്നത് ജീവിതത്തിന്റെ ഭാഗമാണ്.
മറ്റ് വ്യായാമമുറകളെ അപേക്ഷിച്ച് യോഗ കൂടുതല്‍ സന്തുലിതമാണെന്നും പ്രഗ്യ പറയുന്നു. യോഗയെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ പ്രഗ്യ. മറ്റുള്ളവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സഹാനുഭൂതിയെക്കുറിച്ചുമെല്ലാം കൂടുതല്‍ മനസ്സിലാക്കിയത് യോഗയോട് കൂടുതല്‍ അടുത്തശേഷമാണെന്നും പ്രഗ്യ പറയുന്നു. എല്ലാദിവസവും തന്നെക്കുറിച്ചുതന്നെ പുതുതായി എന്തെങ്കിലും കണ്ടെത്താനാവുന്നതും യോഗ കൊണ്ടുതന്നെയെന്ന് പ്രഗ്യ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: