പാലക്കാട്: നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പെന്ഷന് പദ്ധതിയിനത്തില്‍ നഗരസഭയ്ക്ക് നല്‍കേണ്ടിയിരുന്ന 13 കോടി രൂപ ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്പെഷല്‍ പെന്ഷന് ഫണ്ടിനത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തുക നല്‍കിയിട്ടില്ലെന്നു മാത്രമല്ല പുതിയ സര്‍ക്കാരും അതുമായി ബന്ധപ്പെട്ട യാതൊരുവിധ നടപടിയുമെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മന്ത്രിമാരെയും നഗരസഭാ അധികൃതര്‍ മൂന്നുതവണ കണ്ടിരുന്നു. അടിയന്തിരമായി രണ്ടുകോടി രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും നല്‍കിയില്ല. അംഗനവാടി ജീവനക്കാരുടെ വര്‍ദ്ധിപ്പിച്ച 3500 രൂപ ശമ്പളം നഗരസഭ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം നഗരസഭയ്ക്ക് അധിക ബാധ്യത ഉണ്ടാക്കിയിരിക്കുകയാണ്. ഒരുവര്‍ഷത്തില്‍ 75 ലക്ഷം രൂപയാണ് അധികബാധ്യതയായി വരുന്നത്. സര്‍ക്കാരിന്റെ നികുതി പരിഷ്ക്കരണം വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വരുമാനം ഇല്ലാതായിരിക്കുകയാണ്. എന്നാല്‍ 660 സ്ക്വയര്‍ഫീറ്റ് വരെയുള്ള വീടുകളെ പൂര്‍ണ്ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കിയതും, 2000 സ്ക്വയര്ഫീറ്റുവരെയുള്ള വീടുകള്‍ക്ക് നികുതി വര്‍ധനവ് പാടില്ലെന്നതുമായ സര്‍ക്കാര്‍ തീരുമാനം മൂലം നഗരസഭകള്‍ക്ക് നികുതിയിനത്തില്‍ ലഭിക്കേണ്ട വരുമാനവും ഇല്ലാതാക്കി.
നഗരസഭാ പരിധിയില്‍ വ്യാപാര ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാനും ലൈസന്‍സ് എടുപ്പിക്കുവാനും കഴിഞ്ഞദിവസം നടന്ന ഫിനാന്‍സ് കമ്മറ്റിയില്‍ തീരുമാനമായതായി നഗരസഭാ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ പറഞ്ഞു. വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ നികുതി അടക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തി തൊഴില്‍ നികുതി പരിധിയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നഗരസഭയുടെ കെട്ടിടങ്ങളില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാടക നല്‍കിയിട്ടില്ലെന്നും 26 ലക്ഷം രൂപ കുടിശ്ശികയിനത്തില്‍ ലഭിക്കേണ്ടതുണ്ടെന്നും നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും യാതൊരുവിധ മറുപടിയും ലഭിച്ചിട്ടില്ല. അവസാനമായി ഒരുനോട്ടീസ് കൂടെ നല്‍കുമെന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെങ്കില്‍ ഒഴിഞ്ഞുപോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: