പാലക്കാട്: സംഘആദര്‍ശം സ്വീകരിച്ചതു മുതല്‍ അവസാന നിമിഷം വരെയും അതുതുടര്ന്ന മാതൃകാ പുരുഷനായിരുന്നു യു.പി.രാജഗോപാല്‍ എന്ന ചെക്കപ്പേട്ടനെന്ന് അഖിലഭാരതീയ ധര്‍മ്മ ജാഗരണ്‍ പ്രമുഖ് എസ്.സേതുമാധവന് പറഞ്ഞു. മൂത്താന്തറ ഉമാമഹേശ്വര മണ്ഡപത്തില്‍ സംഘടിപ്പിച്ച ചെക്കപ്പേട്ടന്‍ അനുസ്മരണയോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവര്‍ക്ക് മാതൃകയും പ്രേരണയുമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ജീവിതം മുഴുവനും സമാജത്തിനും ജീവിതശേഷവും സമാജത്തിനു വേണ്ടി നിലകൊണ്ടിരിക്കുകയാണ്. ഓരോ കാര്യങ്ങള്‍ സംബന്ധിച്ച് മുന്‍കൂട്ടി തീരുമാനമെടുക്കുകയും അത് വളരെ സൗമ്യമായി നടപ്പിലാക്കുമായിരുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ സ്വയംസേവകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന് അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. സ്വതന്ത്രമായി സംഘടനാ പ്രവര്‍ത്തനം ഇല്ലാതിരുന്ന സ്ഥലത്തുപോലും വ്യക്തിബന്ധങ്ങളിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
അവസാനം വരെയും സംഘത്തിനുവേണ്ടി ജീവിച്ച അദ്ദേഹം ശാന്തനും സൗമ്യസ്വഭാവത്തിന് ഉടമയുമായിരുന്നു.വ്യാസവിദ്യാപീഠത്തിന്റെ കാര്യങ്ങള്‍ വളരെ കൃത്യമായി നിറവേറ്റിയിരുന്ന അദ്ദേഹം ഏറ്റെടുത്ത കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ ഏറെ ശ്രദ്ധചെലുത്തിയിരുന്നു.അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ തന്റെ കര്‍മ്മമേഖലയില്‍ കോട്ടം തട്ടാതെ പ്രവര്‍ത്തിച്ചു. ഒരു കാര്യകര്‍ത്താവിനു വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. സംഘപ്രവര്‍ത്തനത്തില്‍ തുടരവെ അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ചെക്കപ്പേട്ടന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്നും എസ്.സേതുമാധവന് അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.
നേത്രദാനത്തിന്റെ സാക്ഷിപത്രം ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്.മോഹന്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍ അധ്യക്ഷതവഹിച്ചു.
ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്.മോഹന്‍, ദുബായ് മലയാളി സമാജം പ്രസിഡന്റും , ആദ്ധ്യാത്മിക സദസ്സിന്റെ അധ്യക്ഷനുമായ ഗിരിജന്‍, കര്‍ണ്ണകി എഡ്യുക്കേഷനല്‍ സൊസൈറ്റി പ്രസിഡന്റ് ബി.ഗംഗാധരന്, സക്ഷമ ഗംഗാധരന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രീയ സംഘചാലക് ഡോ.വന്യരാജന്‍, ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് വി.കെ.സോമസുന്ദരന്‍, വിജ്ഞാനഭാരതി അഖിലഭാരതീയ സംഘടനാ സെക്രട്ടറി ഡോ.ജയകുമാര്‍, സഹകാര്‍ഭാരതി ക്ഷേത്രീയ കാര്യദര്‍ശി യു.കൈലാസമണി, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി.രാധാകൃഷ്ണന് വ്യക്തികളെ പരിചയപ്പെടുത്തി. വ്യാസവിദ്യാപീഠം എ.രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: