പാലക്കാട്: ദേശീയ സംസ്ഥാനപാതകള്‍ കടന്നുപോകുന്ന കല്‍മണ്ഡപം മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗത്ത് ഗതാഗതകുരുക്ക് രൂക്ഷം.
കൊച്ചി -സേലം ദേശീയപാതയിലൂടെ എറണാകുളം ഭാഗത്തുനിന്നും കോയമ്പത്തൂരിലേക്കും കോയമ്പത്തൂര്‍ ഭാഗത്തുനിന്നും കൊച്ചിഭാഗത്തേക്കും വരുന്ന ചരക്കുവാഹനങ്ങളും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും ഒലവക്കോട് ഭാഗത്തുനിന്ന് കോഴിക്കോട് ബൈപാസുവഴി വാഹനങ്ങളുമെക്കെ കടന്നുപോവുന്ന പ്രധാന പാതയാണ് കല്‍മണ്ഡപം – ചന്ദ്രനഗര്‍ പാത.
കല്‍മണ്ഡപത്തുനിന്ന് ചന്ദ്രനഗറിലേക്ക് 200 മീറ്ററാണ് ആകെയുള്ള ദൂരം. ഭാരതമാതാ ഹയര്‍സെക്കന്‍ഡറി സ്കൂളും പാര്വ്വതികല്യാണമണ്ഡപവും ചന്ദ്രനഗറിലാണെന്നിരിക്കെ പ്രവര്‍ത്തിദിവസങ്ങളിലും കല്യാണമണ്ഡപത്തില്‍ പരിപാടികള്‍ നടക്കുമ്പോഴും ഗതാഗതക്കുരുക്കേറെയാണ്. പലപ്പോഴും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പോലീസുകാര്‍ക്ക് പാടുപെടുന്നുണ്ട്.
വാളയാര്‍ – വടക്കഞ്ചേരി പാത നാലുവരിയാക്കിയതോടെ ഈ ഭാഗത്ത് അപകടങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. കോയമ്പത്തരിലേയും തൃശ്ശൂരിലേയും സ്വാകാര്യ മെഡിക്കല്‍കോളേജ് ആശുപത്രികളിലേക്കുള്ള ആംബുലന്‍സുകളും പലപ്പോഴും ഇത്തരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെടാറുണ്ട്.ഇവിടെ വാഹന ഗതാഗതം വണ്‍വേ ആയതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
കോഴിക്കോട് ഭാഗത്തുനിന്നും കല്‍മണ്ഡപം ബൈപാസ് ജങ്ഷനില്‍ എത്തുന്ന വാഹനങ്ങള്‍ എതിര്‍ഭാഗത്തുള്ള കരിങ്കരപ്പുള്ളി കനാല്‍ റോഡ് വഴി തൃശ്ശൂര്‍ ബൈപാസിലേക്ക് കടത്തിവിട്ടാല്‍ കല്‍മണ്ഡപം മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗത്തെ തിരക്ക് ഒരുപരിധിവരെ ഒഴിവാക്കാനാവും. ഇത്തരത്തില്‍ കോഴിക്കോട് ബൈപാസ് വഴിവരുന്ന വാഹനങ്ങള്‍ക്ക് കനാല്‍വഴി ദേശീയപാതയിലേക്ക് പ്രവേശിച്ച് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകാന്‍ കഴിയില്ല. ഇതിനിടെ ക്രമീകരണങ്ങള്‍ നടത്താനും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
ഇവിടെ മീഡിയന് മുറിക്കകയോ സിഗ്നല്‍ലൈറ്റുകള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. കല്‍മണ്ഡപം ബൈപാസ് ജങ്ഷനിലെ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാണ്. കോയമ്പത്തൂര്‍-തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന ചരക്കുവാഹനങ്ങള്‍ കടന്നുപോവുന്ന പ്രധാനബൈപാസിന്റെ പ്രവേശനകവാടമായ കല്‍മണ്ഡപം ജങ്ഷനില്‍ അപകടസാധ്യതയോറെയുമാണ്.
നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടും ഇവിടെ മതിയായ തെരുവുവിളക്കുകള്‍ ഇല്ല. അന്തര്‍സംസ്ഥാന സര്‍ക്കാര്‍- സ്വകാര്യബസ്സുകളും നിരവധി ചരക്കുവാഹനങ്ങളും സ്വകാര്യവാഹനങ്ങളും കടന്നുപോകുന്ന പ്രധാനപാതയായ കല്‍മണ്ഡപം-ചന്ദ്രനഗര്‍ പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: