തൊണ്ടര്‍നാട് : തൊണ്ടര്‍നാട് പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളെ ഗോത്ര സൗഹൃദ ഇടങ്ങളാക്കി മാറ്റാനുള്ള ഗ്രാമ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദിവാസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്കി അവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള പദ്ധതികളാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ട്രൈബല്‍ വളണ്ടിയര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവരുടെ കൂട്ടായ്മയിലൂടെ കൊഴിഞ്ഞുപോക്ക് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇല്ലാതാക്കി സീറോ ഡ്രോപ്പ് ഔട്ട് പഞ്ചായത്ത് ആകാനുള്ള വിവിധ പദ്ധതികളാണ് ഭരണസമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യപടിയായി ജൂണ്‍ 15 മുതല്‍ അധ്യായന വര്‍ഷാവസാനംവരെ പ്രൈമറിക്ലാസ്സുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം നല്കാന് ആരംഭിച്ചു. ഇതിനായി മുന്‍ വര്ഷങ്ങളിലേതിനേക്കാള് പണം വകയിരുത്തിയിട്ടുണ്ട്. കൂടാതെ എസ്ടി വിദ്യാര്‍ത്ഥികളുടെ കലാ-കായിക മേളകള്‍ , മറ്റ് പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ അവരുടെ മികവു പ്രകടിപ്പിക്കാനും അതിലൂടെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇത്തരം പിന്നോക്ക വിഭാഗക്കാരെ മുന്നോട്ടുകൊണ്ടുവരാനുമാണ് ലക്ഷ്യമിടുന്നത്. പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം കുഞ്ഞോം ഗവ യു പി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിങ്കമ്മറ്റി ചെയര്മാന് പി.കേശവന് മാസ്റ്റര്‍, വാര്ഡ്മെമ്പര് മുസ്തഫ, പ്രധാനാധ്യാപിക രമണി.എ.കെ, ഹംസ വി സി, പിടിഎ പ്രസിഡന്റ് അജിദര്‍.വി.വി, മീര പി എം, ജോബിന , ജിഷ എന്നിവര്‍ സംസാരിച്ചു. മറ്റ് വിദ്യാലയങ്ങളില്‍ അതാത് വാര്‍ഡ് മെമ്പര്‍മാര്‍ പദ്ധതി ഉദ്ഘാടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: