മാനന്തവാടി : പാതിവഴിയില്‍ നിലച്ചുപോയ ആദിവാസി യുവാവിന്റെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ജനമൈത്രി പോലീസ് സഹായം. മാനന്തവാടി കൂവളമൊട്ടം കുന്ന് അടിയ കോളനിയിലെ രാജീവനും കുടുംബത്തിനുമാണ് മാനന്തവാടി ജനമൈത്രി പോലീസിന്റെ സഹായ ഹസ്തത്താല്‍ വീടെന്ന സ്വപ്നം പൂവണിഞ്ഞത്. വീടിന്റെ പാലു കാച്ചല് ചടങ്ങ് അടുത്ത ദിവസം നടക്കും. ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം രാജീവനു വീട് അനുവദിച്ചിരുന്നു. അന്ന് തുച്ചമായ തുകയായതിനാല്‍ വീട് നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ രാജീവനു കഴിഞ്ഞതുമില്ല. ചുമര് പൊക്കത്തില്‍ വീട് പണി നിലച്ചതോടെ സമീപത്ത് ഷെഡിലായിരുന്നു രാജിവനും ഭാര്യ ഗീതയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. രാജിവന്റെ മൂത്ത മകള്‍ നളന്ദ കോളേജില്‍ പ്ലസ് ടുവിനു പഠിക്കുന്നു. രണ്ടാമത്തെ മകള്‍ ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഏഴാം ക്ലാസ്സിലും പഠിക്കുന്നു. ഈ സ്ക്കൂളിലെ എസ്പിസി കേഡറ്റുകളാണ് ഇവര്‍ക്ക് താമസിക്കാന്‍ വീടിലെന്ന കാര്യം ജനമൈത്രി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ജനമൈത്രി പോലീസ് വീട് നിര്‍മ്മാണം പൂര്‍ത്തികരിക്കാനുള്ള പ്രവര്‍ത്തനം നടത്തുകയായിരുന്നു. മാനന്തവാടി സിഐ ടി.എന്‍. സജീവ്, എഎസ്ഐ സി.വി. പ്രകാശന്, സിവില്‍ പോലീസ് ഓഫീസര്‍ എന്‍. ബഷീര്‍, എന്നിവരുടെ നേതൃത്വത്തില്‍ വീട് പണി പൂര്‍ത്തികരിക്കാനുള്ള സാമഗ്രികള്‍ വാങ്ങിച്ചു നല്കി. നിര്‍മ്മാണ ജോലി അറിയാവുന്ന രാജീവ് ഭാര്യുടെയും പിതാവിന്റെയും സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തികരിക്കുകയും ചെയ്തു. ഇതോടെ വിദ്യാഭ്യാസം തുടരുന്ന രണ്ട് മക്കള്‍ക്കും രാജീവനും ഭാര്യക്കും ഇനി മഴ നനയാത്ത വീട്ടിനുള്ളില്‍ അന്തിയുറങ്ങാം. വീടിന്റെ പാലു കാച്ചല് ചടങ്ങ് അടുത്ത ദിവസം ജില്ലാ പോലീസ് ചീഫ് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: