മാനന്തവാടി : മഴക്കാലം ആരംഭിച്ചതോടെ വയറിളക്കരോഗങ്ങള്‍ വരാതിരിക്കാനും പിടിപെട്ടാല്‍ ഉടന്‍ ചികിത്സിക്കാനും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ. ആശാദേവി അറിയിച്ചു.
വയറിളക്കരോഗങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയകള്‍, വൈറസുകള്‍ തുടങ്ങിയ അണുക്കളാല്‍ മലിനമാക്കപ്പെട്ട ആഹാരപാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം എല്ലാവരും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ആഹാരശുചിത്വവും വ്യക്തിശുചിത്വവും കര്‍ശനമായി പാലിക്കണം.
വയറിളക്കരോഗങ്ങള്‍ പ്രതിരോധിക്കാന്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്കി. കിണര്‍ വെളളം ശുചീകരിക്കാന്‍ ബ്ലീച്ചിംഗ് പൗഡര്‍, പാനീയചികിത്സക്കുളള ഒ.ആര്.എസ്. പാക്കറ്റ്, പ്രതിരോധമരുന്നുകള്‍ എന്നിവ എല്ലാ ആരോഗ്യസ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കി.
വയറിളക്കരോഗമുളളവരില് മരണം സംഭവിക്കുന്നത് ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുകൊണ്ടാണ്. ഈ അവസരത്തില്‍ കൂടുതല്‍ ജലവും ലവണങ്ങളും രോഗിക്ക് നല്‍കേണ്ടത് അത്യാവശ്യമാണ്. അഞ്ചുവയസ്സില്‍ താഴെപ്രായമുളള കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വയറിളക്കം മൂലമുളള മരണം ഒഴിവാക്കാന്‍ ജാഗ്രതയോടെയുളള ഇടപെടലുകള്‍ മൂലം സാധിക്കും. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുന്നതും, പാകം ചെയ്ത ഭക്ഷണപാനീയങ്ങള്‍ അടച്ചുവെച്ച് സൂക്ഷിക്കുന്നതും, വഴിയോരങ്ങളിലും മറ്റും വില്‍ക്കുന്ന ഭക്ഷണപാനീയങ്ങള്‍ കഴിക്കാതിരിക്കുന്നതും, മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതും ശീലമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: