മാനന്തവാടി : പെരുമ്പാവൂരിലെ ദളിത് പെണ്‍കുട്ടി ജിഷ വധക്കേസിന്റെ അന്വേഷണം ത്വരിതപ്പെടുത്താനോ പ്രതികളെ പിടികൂടാനോ സാധിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി ജില്ലാഅധ്യക്ഷന്‍ സജിശങ്കര്‍ ആരോപിച്ചു. ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷ വധിക്കപ്പെടുന്ന സമയത്ത് അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരിനോ അതിനുശേഷം അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനോ ഈ കേസിന്റെ അന്വേഷണത്തില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇക്കാര്യത്തില്‍ മുറവിളികൂട്ടിയ സിപിഎം നേതൃത്വം അധികാരത്തിലെത്തിയപ്പോള്‍ ഇതിനെകുറിച്ച് ഒരക്ഷരം ഉരിയാടുന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
യുഡിഎഫിലെ ഉന്നതനേതാവിനെതിരെ പോലും ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ടി.പി.വധം പോലെ ഈ കേസും ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ തേച്ചുമായ്ച്ചുകളയാനുളള ശ്രമമാണ് നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജിഷവധക്കേസ് സിബിഐ യെക്കോണ്ട് അന്വേഷിപ്പിക്കാന്‍ സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പുനല്‍കിയിട്ടുപോലും കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിക്കുന്ന അനങ്ങാപ്പാറ നയത്തിനെതിരെ പ്രതികരിക്കാതിരിക്കാന്‍ മഹിളാ മോര്ച്ചയ്ക്കോ ബിജെപിക്കോ ആവില്ല. ഈസാഹചര്യത്തില്‍ ജിഷയുടെ ഘാതകരെ കണ്ടെത്തി അറസ്റ്റ് ചെയ്യുംവരെ സമരമുഖത്തുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ രജിതാ അശോകന് അധ്യക്ഷത വഹിച്ചു. മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ രാധാസുരേഷ്, ശ്രീലതാബാബു, ബിന്ദുവിജയകുമാര്‍, കെ.പി.ശാന്താകുമാരി, വിപിതാഗിരീഷ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ്, മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഖില്‍പ്രേം, കൂവണ വിജയന്, പി.കെ.വീരഭദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: