കല്‍പ്പറ്റ : ബ്രഹ്മഗിരി മലബാര്‍ മീറ്റ് മാംസോല്പന്നങ്ങള് 250 ഗ്രാം പാക്കറ്റ് വിപണിയില്‍. കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡബ്ല്യു.എം.ഒ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ അബ്ദുറഹ്മാന് നല്കി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ഉല്‍പ്പന്നങ്ങള്‍ മലബാര്‍ മീറ്റിന്റെ ജില്ലയിലെ ഔട്ട്ലെറ്റുകളില് ലഭ്യമാകുമെന്ന് ബ്രഹ്മഗിരി ചെയര്മാന് പി കൃഷ്ണപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റമദാന് മാസം മുന്‍നിര്‍ത്തിയാണ് സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ പോത്ത്, ആട്, കോഴി എന്നിവയുടെ മാംസോല്പന്നങ്ങള് 250 ഗ്രാം പാക്കില്‍ ലഭ്യമാക്കുന്നത്. ഐ.എസ്.ഒ അംഗീകാരവും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരവുമുള്ള മാംസ സംസ്കരണ ശാലയില്‍ പൂര്‍ണ്ണമായും ഹലാല്‍ രീതിയില്‍ സംസ്കരിച്ചെടുത്ത മാംസോല്പന്നങ്ങളാണിവ. സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ കോഴിപാക്കറ്റിന് 45, പോത്തിന് 70, മട്ടന്‍ 120 എന്ന നിരക്കിലാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുക.
ബ്രഹ്മഗിരി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.ആര് സുജാത, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സി.കെ ശിവരാമന്, അഡ്മിനിസ്ട്രേഷന് ഓഫീസര്‍ കെ.എം മഹേഷ്, മലബാര്‍ മീറ്റ് പ്രൊഡക്ഷന്‍ മാനേജര്‍ ഡോ. ജെറീഷ്, എ.ഒ ഗോപാലന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: