നീലേശ്വരം: മണല്‍ പുറത്ത്കാവ് ഭഗവതിക്ഷേത്രം ത്രിദിന കലശോത്സവം തുടങ്ങി. ഞായറാഴ്ച രാവിലെ ഓലകൊത്തലും പൂതാക്കലും നടന്നു. ക്ഷേത്രം ജ്യോത്സ്യരുടെ സാന്നിധ്യത്തില്‍ ഓല കൊത്തിയിട്ടശേഷം അതുമായി ബന്ധപ്പെട്ട ആചാരവിധി അറിയിക്കുന്ന ചടങ്ങാണിത്. കലശോത്സവത്തിനാവശ്യമായ പൂക്കളെത്തിക്കുന്ന ചടങ്ങാണ് പൂതാക്കല്. ഇതിനുപുറമെ കോലക്കാര്‍ കലശം കുറിച്ചത് മുതല്‍ ക്ഷേത്രത്തില്‍ വ്രതശുദ്ധിയോടെ കഴിയുകയാണ്. ഇന്നലെ അകത്തെ കലശദിവസം വിശേഷാല്‍ പൂജകള്‍ നടന്നൂ. കൊടിയാഴ്ചയായ ഇന്നാണ് പ്രസിദ്ധമായ പുറത്തെ കലശം. ഉച്ചയോടെ പന്തല്‍ നിര്‍മാണവും തുടര്‍ന്ന് തിരുമുടിയും കലശത്തട്ടും ആഘോഷമായി ക്ഷേത്രത്തിലെത്തിക്കും. ഇതിന് പിന്നാലെ കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ക്ഷേത്ര സ്ഥാനികരുടെ അകമ്പടിയോട മത്സ്യകോവകള് ക്ഷേത്രത്തിലേക്ക് കൊണ്ടു വരും. വൈകുന്നേരം നാലിന് പ്രസന്ന പൂജയ്ക്കായി ക്ഷേത്ര നട തുറക്കുന്നതോടെ ദേവീ ദേവന്മാരുടെ തിരുമുടി ഉയരും. അലങ്കരിച്ചൊരുക്കിയ രണ്ട് കലശ കുംഭങ്ങളും ചുമലിലേറ്റിയ പുരുഷാരവും അകമ്പടിയായി നടയില്‍ ഭഗവതി, ക്ഷേത്രപാലകന്, കാളരാത്രി, കൈക്കോളന്‍ എന്നീ തെയ്യങ്ങളും ക്ഷേത്രത്തെ പ്രദക്ഷിണം വെക്കും.
ദേവീ ദേവന്മാരുടെ ദര്‍ശന പുണ്യവുമായി കാവിന്റെ പടി ഇറങ്ങുന്നതോടെ ഈ ആണ്ടിലെ കാസര്‍കോട് ജില്ലയിലെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാകും. നാളെ ക്ഷേത്രം തന്ത്രി മയ്യല് ദിലീപ് വാഴുന്നവരുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകളും ശ്രൂഭൂതബലിയും നടക്കും. കലശച്ചന്തയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: