ഈ രാജവീഥിയിലില്ലാ വെളിച്ചം
കൈത്തിരിവെട്ടത്തില്‍ നീങ്ങുന്നിതെന്നും
കാറ്റടിച്ചെന്നാലും കൈപൊത്തി ഞാനീ
ദീപത്തെ ഭദ്രമായ് കാത്തുപോരുന്നു
എത്ര പാദങ്ങള്‍ പതിഞ്ഞോരു പാത!
എത്ര പന്തങ്ങള്‍ കത്തി നിന്നെന്നോ!
ഇന്നവയെല്ലാം മിഴിപൂട്ടി നില്പൂ
നിര്‍ജ്ജന വീഥി! നിശൂന്യം! നിശബ്ദം!
എന്റെയാത്മാവിലെന്നോ തെളിഞ്ഞൊരാ
നാളത്തില്‍ നിന്നെത്ര ദീപം കൊളുത്തി!
കാറ്റടിച്ചെത്രയണഞ്ഞുപോയെന്നോ!
ഊറ്റമോടെത്രപേരൂതിക്കെടുത്തി
ഏറെ സഹിച്ചും മൗനം ഭജിച്ചൊന്നും
കാണാതെ മിണ്ടാതെ മുന്നോട്ടുപോകാന്‍;
ഉള്ളിന്റെയുള്ളില്‍ മുഴങ്ങുന്ന ശബ്ദം
ഏതോയനുജ്ഞപോലെന്നെ നയിപ്പൂ!
സ്നേഹമൊരല്പം ചൊരിയുകില്‍ ദീപം
ആത്മാവിലെന്നുമണയാതെ നില്ക്കും
ആ ഭദ്രദീപപ്രഭയുടെ നാളം
അക്ഷരമായി തെളിയുന്നതുള്ളില്-
അക്ഷരദീപ്തിതന് ജ്ഞാന പ്രകാശം
പണ്ടേ ചൊരിഞ്ഞൊരമൃതപ്രകാശം
ആര്‍ഷ സംസ്കാര കെടാവിളക്കായി
ആത്മാവിലെന്നെന്നും കത്തി നിന്നെങ്കില്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: