ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകന് വിരാട് കോഹ്ലി. 16 കളികളില്‍ 973 റണ്‍സെടുത്ത വിരാട്, ഏതെങ്കിലും സീസണില്‍ കൂടുതല്‍ റണ്‍സെടുക്കുന്ന താരമായി. നാലു സെഞ്ചുറികളും ഏഴ് അര്‍ധശതകവും ആ ബാറ്റില്‍നിന്ന് പിറന്നു. 17 കളികളില്‍ 23 വിക്കറ്റുമായാണ് സണ്‍റൈസേഴ്സിന്റെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പനായത്. 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തത് മികച്ച പ്രകടനം.
റണ്‍നേട്ടക്കാരില്‍ രണ്ടാമത് സണ്‍റൈസേഴ്സ് നായകന് ഡേവിഡ് വാര്‍ണര്‍, 848 റണ്‍സ്. എ.ബി. ഡിവില്ലേഴ്സ് (687), ഗൗതം ഗംഭീര്‍ (501), ശിഖര്‍ ധവാന് (501) എന്നിവര്‍ തുടര്‍ സ്ഥാനങ്ങളില്‍. ഒരിന്നിങ്സിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എ.ബി. ഡിവില്ലേഴ്സിന്, 129 റണ്‍സ്. വിരാടിനും ഡിവില്ലേഴ്സിനും പുറമെ ക്വിന്റണ്‍ ഡി കോക്ക് (108), സ്റ്റീവന്‍ സ്മിത്ത് (101) എന്നിവരും ഇത്തവണ നൂറ് പിന്നിട്ടു. വാര്‍ണര്‍ മൂന്നു തവണ തൊണ്ണൂറുകളിലെത്തി. ഹാഷിം അംല, ഗൗതം ഗംഭീര്‍ എന്നിവരും തൊണ്ണൂറുകളിലെ മറ്റു താരങ്ങള്‍.
പതിമൂന്ന് കളികളില്‍ 21 വിക്കറ്റ് നേടിയ ബാംഗ്ലൂരിന്റെ യുസ്വേന്ദ്ര ചഹല്‍ ഭുവനേശ്വറിനു പിന്നില്‍ രണ്ടാമത്. ഷെയ്ന് വാട്സണ് (20), ധവാല്‍ കുല്‍ക്കര്‍ണി (18), മുസ്തഫിസുര്‍ റഹ്മാന്, മിച്ചല്‍ മക്ലെന്ഘന്, ഡ്വെയ്ന്‍ ബ്രാവൊ (17 വിക്കറ്റ് വീതം) എന്നിവര്‍ പിന്നാലെ.
അതേസമയം, ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനം പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപയുടെ പേരില്‍. സണ്‍റൈസേഴ്സിനെതിരെ നാലോവറില്‍ 19 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തു സാംപ. ഒരിന്നിങ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ 13 താരങ്ങളും ഇത്തവണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: