ഏതൊരു സമൂഹത്തിന്റെയും ആരോഗ്യപരമായ മാറ്റത്തിന്റെ ചിന്തകള്‍ക്ക് ഇടം കൊടുക്കേണ്ടത് ഇളം മനസ്സുകളിലാണ്. കുഞ്ഞുമനസ്സുകളില്‍ സ്നേഹം, വിനയം, സംശുദ്ധി, ദേശസ്നേഹം തുടങ്ങിയ മൗലിക ഗുണങ്ങള്‍ വളര്‍ന്നുവരുമ്പോഴാണ് പൗരധര്‍മ്മം സാര്‍ത്ഥകമാക്കാന്‍ സാധിക്കുക. ഇത് തിരിച്ചറിഞ്ഞ മലയാള മനീഷികളാണ് കൈരളിയുടെ ഹൃദയകമലമായ ബാലഗോകുലത്തെ ഭാരതത്തിലും തദുപരി ലോകസമക്ഷത്തിലേക്കും പിടിച്ചുയര്‍ത്തിയത്.
ജീവിതത്തിന്റെ ബഹുവിധ സമസ്യകളെ ഒരു മുളംതണ്ടുകൊണ്ട് കുളിരണിയിപ്പിച്ച ഭഗവാന് ശ്രീകൃഷ്ണന്റെ ആദര്‍ശ ദര്‍ശനമാണ് ബാലഗോകുലത്തെ നയിക്കുന്നത്. ഓരോ ഗോകുല യൂണിറ്റിലും നടത്തുന്ന പ്രതിവാര സാംസ്കാരിക വിദ്യാഭ്യാസ പ്രക്രിയയിലൂടെ കുട്ടികള്‍ക്ക് ജീവിതത്തിന്റെ കാഠിന്യമേറിയ ഗദ്യപാഠങ്ങളെ ലയസാന്ദ്രമായ കാവ്യശീലുകളാക്കി മാറ്റുന്ന വിജ്ഞാനമാണ് പകര്ന്നുനല്കുന്നത്. ക്രാന്തദര്‍ശിയായ എം.എ. കൃഷ്ണനിലൂടെ ആവിഷ്കൃതമായ ബാലഗോകുലം ഇന്ന് കേരളീയ സാംസ്കാരിക മനസ്സിന്റെ പ്രതിരൂപമായി മാറിയിരിക്കുന്നു.
1995 ല്‍ നടന്ന ഗോകുലോത്സവത്തില് കവി കുഞ്ഞുണ്ണിമാഷിനെ കേരളത്തിന്റെ സാന്ദീപനിപ്പട്ടം നല്കി ആദരിച്ചപ്പോള്‍ കേരളത്തിന്റെ സാംസ്കാരിക ഭൂമികയില്‍ ഒരു വര്‍ണച്ചിറക് പിറക്കുകയായിരുന്നു. തുടര്‍ന്ന് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നടന്ന ബാലമഹാസമ്മേളനം, ഗോകുലകലായാത്ര, കൃഷ്ണായനം, വിശ്വം വിവേകാനന്ദം തുടങ്ങിയവയെല്ലാം ബാലഗോകുല ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഇന്ന് നാല്പതാം വര്‍ഷത്തിന്റെ നിറവില്‍ രണ്ടായിരത്തിയഞ്ഞൂറ് ഗോകുല യൂണിറ്റുകളില്‍ നിന്നായി അയ്യായിരം ബാലികാബാലന്മാര് സംഗമിക്കുമ്പോള്‍, ‘ബാലഭാരതത്തിലൂടെ’ ബാലഗോകുലം ലോകത്തിന്റെ കടമ്പുവൃക്ഷമാവുകയാണ്.
ബാലഭാരതം എന്തിന്?
‘ഉണരുന്ന ബാല്യം, ഉയരുന്ന ഭാരതം’ എന്ന ആശയസംവേദനമാണ് ബാലഭാരതത്തിന്റെ ഉള്‍ക്കാഴ്ച. ഇന്നത്തെ കുഞ്ഞുമനസ്സുകള്‍ക്കും മഹത്വപൂര്‍ണമായ ഭാരതത്തിന്റെ അസ്മിതകളെ തിരിച്ചറിയാനും പ്രകൃതിയുടെ താളലയങ്ങളെ താലോലിക്കാനും സാധിക്കണം. ഈ ഉണര്‍വ് ലഭിക്കുന്നതോടൊപ്പം മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ബാലഗോകുലം കേരളത്തിന് പുറത്ത് അയ്യായിരം ഗ്രാമങ്ങളില്‍ പ്രാദേശിക തനിമയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ ചുവടുറപ്പിക്കാന്‍ പോകുന്നതിന്റെ ആഹ്ലാദ സൂചന കൂടിയാണ്.
പ്രകൃതി-സംസ്കൃതി-രാഷ്ട്രം
പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമായ പ്രകൃതി താന്‍തന്നെയാണെന്നും പ്രകൃതിയെ വേറിട്ട് തനിക്ക് നിലനില്പില്ലെന്നും എന്ന അദൈ്വതത്തെ കുട്ടികള്‍ തിരിച്ചറിയണം. പ്രകൃതി സംരക്ഷണത്തിലൂടെ സ്വയം സംരക്ഷണമാണ് നടക്കുന്നത് എന്ന ചിന്തയാണ് പ്രകൃതി ദര്‍ശനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
വികസനത്തിന്റെയും വളര്‍ച്ചയുടേയും മറവില്‍ കായല്‍ നികത്തലും മലയിടിക്കലും സര്വസാധാരണമാവുമ്പോള് പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റേയും ആദരിക്കേണ്ടതിന്റേയും ചിന്തകളാണ് പങ്കുവെക്കേണ്ടത്. പരസ്പര സമരസതയുടെ പ്രകൃതി പാഠമാണ് പ്രകൃതി നമ്മെ പഠിപ്പിക്കുന്നത്.
ഓരോ ചെടിയും നമ്മോടു പറയുന്നത് എന്റെ ഉച്ഛ്വാസമാണ് നിനക്കൊരാശ്വാസം എന്നതാണ്. ഇത്തരം പ്രകൃതിദര്ശനത്തിലൂടെയാണ് ബാലഭാരതംമുന്നോട്ടുപോകുന്നത്.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ പൈതൃകസംസ്കൃതിയെ വികലമാക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു. നമ്മുടെ തനിമയെ തള്ളിപ്പറയുന്നതും പാശ്ചാത്യശൈലിയെ അനുകരിക്കുന്നതും പത്രത്താളുകളില്‍ ഇടംപിടിക്കുന്നു. ചുംബനസമരവും താലിയറുക്കലും പാതയോര കാഴ്ചകളായി സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നു. കേരളത്തില്‍ സ്ത്രീസുരക്ഷിതത്വം ഇല്ലാതാകുന്നു. ഇത്തരം അസാന്മാര്ഗിക പ്രവണതകളില്‍നിന്നുള്ള മോചനവും നമ്മുടെ മഹിമയേറിയ കുടുംബ സാഹോദര്യബന്ധവും ദൃഢപ്പെടുത്തുന്ന ആശയമാണ് ‘സസംക്ൃതി’യിലൂടെ നാം അറിയുന്നത്.
രാഷ്ട്രചിന്തയെ പാഠപുസ്തകങ്ങളില്‍പോലും വികലമാക്കുകയും ദേശീയതയെ കലാസാഹിത്യരംഗങ്ങളിലോ മറ്റോ ചര്‍ച്ചചെയ്യാതെ പോകുന്നതും ഗൗരവമായി കാണേണ്ടതാണ്. രാഷ്ട്രദ്രോഹ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളും യുവാക്കളും പങ്കുകൊള്ളുന്നു എന്നതും നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. രാഷ്ട്രദ്രോഹികള്‍ക്ക് ജയ് വിളിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവുന്നതും അതിന് രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുണ നല്‍കുന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നു.
ഉയര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍ മറുവശത്ത് നമ്മുടെ പ്രകൃതിയെയും സംസ്കൃതിയെയും രാഷ്ട്രത്തെത്തന്നെയും ശിഥിലമാക്കാനുള്ള ഛിദ്രശക്തികള്‍ സജീവമാണ്. കായല്‍ നികത്തലും ചുംബനസമരവും അഫ്സല് ഗുരു അനുസ്മരണവും രോഗലക്ഷണങ്ങളാണ്. പുതിയ തലമുറയെ ഇത്തരം വിപത്തുകളില്‍നിന്നും അതിജീവിച്ച് മുന്നേറാനുള്ള കാഴ്ചപ്പാടാണ് ഈ വിഷയ സ്വീകരണത്തിലുള്ള നിദാനം. കൂടാതെ
”നല്ലവനായി തീരൂ മകനെ ചൊന്നാളമ്മ
നന്മകള് ശ്വസിക്കുവാന്‍ ഏതുവായുണ്ടമ്മേ…”
എന്ന കടമ്മനിട്ടയുടെ ഓര്‍മ്മപ്പെടുത്തല്‍ ശ്രദ്ധേയമാണ്.
യോഗീ ഉത്സവം
ഭാരതത്തിന്റെ അനര്‍ഘരത്നങ്ങളാണ് യോഗയും ഗീതയും. കുട്ടികളുടെ നേതൃസംഗമത്തിലെ മുഖ്യമായതും ആകര്ഷാത്മകവുമായ വിഷയമാണ് യോഗീ ഉത്സവം. ‘നല്ല ആരോഗ്യം നല്ല വിചാരം’ എന്ന സന്ദേശമാണ് ഇതിന്റെ അകക്കാമ്പ്. ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണ് ആരോഗ്യം.
ഇത് കൈവരിക്കാനുള്ള ദിനചര്യയാണ് യോഗ. മനുഷ്യന്റെ മനോവികാരങ്ങളായ ഇച്ഛാശക്തി, ജ്ഞാനശക്തി എന്നിവയെ ക്രിയാശക്തിയായി പരിവര്‍ത്തനം ചെയ്യാന്‍ ‘ഗീത’ക്ക് സാധിക്കുന്നു. ആധുനികതയില്‍ ഭ്രമിച്ചുനില്‍ക്കുന്ന മനുഷ്യന് ഉണര്‍വ്വും ഉന്മേഷവും നല്കി ജീവിതസരണിയെ ആത്മവിശ്വാസത്തിന്റെ നെറുകയിലേക്ക് എത്തിക്കാന്‍ ‘ഗീത’യ്ക്ക് സാധിക്കും. ധര്‍മ്മത്തെയും കര്‍മ്മത്തെയും ഓര്‍മ്മപ്പെടുത്താനുള്ള ദിവ്യ ഔഷധംകൂടിയാണിത്.
കുട്ടികളിലെ അഭിരുചി തിരിച്ചറിയണം
സര്ഗവാസനകളാല് പ്രതിഭാധനരാണ് കുട്ടികള്‍. കലയും സാഹിത്യവും കലോത്സവങ്ങളുടെ ഗണിതക്രിയകള്‍ക്ക് വഴിമാറുകയും രക്ഷിതാക്കളുടെ ആഗ്രഹപൂര്ത്തിയുമാവുന്ന കാലഘട്ടമാണ്. കുട്ടികള്‍ക്ക് സ്വതന്ത്രമായ കലാപ്രകടനങ്ങള്‍ക്ക് അവസരം ഉണ്ടാവണം. സ്വതന്ത്രവും യുക്തവുമായ അഭിരുചികളെ പോഷിപ്പിക്കുന്നു എന്നതും ബാലഭാരതത്തെ വേറിട്ടുനിര്‍ത്തുന്നു.
സംഗീതം, നൃത്തം, അഭിനയം, ചിത്രകല, നാടന്‍പാട്ട്, കാവ്യാലാപനം, പ്രഭാഷണകല, ശാസ്ത്രകൗതുകം എന്നീ വിഷയങ്ങളില്‍ അതുല്യരായ പ്രതിഭാശാലികളില്‍നിന്ന് ശിക്ഷം ലഭിക്കുന്നത് കുട്ടികളെ സംബന്ധിച്ച് ജീവിതത്തില്‍ എന്നും ഓര്‍മ്മിച്ചുവെക്കാനുള്ള ഒരു മയില്‍പ്പീലിയാണ്.
ആശയബാങ്ക്
ബാലഗോകുലം മുന്നോട്ടുവയ്ക്കുന്ന നൂതന പദ്ധതിയാണ് ആശയബാങ്ക്. നമ്മുടെ സമൂഹത്തെയൂം രാഷ്ട്രത്തെയും മുന്നോട്ടുനയിക്കാനും വര്‍ത്തമാനകാല സാമൂഹ്യവ്യവസ്ഥിതിയില്‍ തന്റെ ഉള്ളിലുള്ള ആകാംക്ഷകളെ പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള സാഹചര്യമാണിത്.
ബാലഭാരതത്തില്‍ പങ്കെടുക്കുന്ന അയ്യായിരം കുട്ടികളില്‍നിന്നായി പതിനായിരം ആശയങ്ങളെയാണ് സ്വരൂപിക്കുന്നത്. പ്രകൃതിയെയും സംസ്കൃതിയെയും രാഷ്ട്രത്തെയും പരിരക്ഷിച്ച് വരുംതലമുറക്ക് കൈമാറാനുള്ള ഉദാത്തമായ ആശയശേഖരണമാണിത്.
റേഡിയോ ഒരു സംസ്കാരമാണ്. ‘ഭദ്രം കര്‍ണേഭി ശ്രുണുയാമദേവ’ (നല്ലതുകേട്ടു വളരുക) എന്നൊരു പ്രാര്‍ത്ഥന വേദത്തിലുണ്ട്. വര്‍ത്തമാനകാലഘട്ടത്തില്‍ നല്ലത് കേള്‍പ്പിക്കുന്ന മാധ്യമമാണ് ആകാശവാണി. മാധ്യമസംസ്കാരം ശിഥിലമാകുകയും മാധ്യമധര്‍മ്മം നെഗറ്റീവ് ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന കാലമാണിത്.
പരസ്പര കച്ചവടതാല്പര്യവും ലാഭത്തെക്കുറിച്ചുള്ള ചിന്തയിലും മാത്രം പത്ര, ദൃശ്യ മാധ്യമങ്ങള്‍ അകപ്പെടുന്നു എന്നതാണ് ആധുനിക മതം. ഇത്തരത്തിലുള്ള വിപരീത സാഹചര്യത്തിലും നമ്മുടെ സംസ്കാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ നല്ലതു കേള്‍പ്പിച്ചും നല്ലതു ചിന്തിപ്പിച്ചും നന്മയുടെ വാതായനങ്ങള്‍ തുറക്കുന്ന റേഡിയോ സംസ്കാരം വളര്‍ന്നുവരേണ്ടത് ആവശ്യമാണ്. മാത്രമല്ല ടെലിവിഷനും ഇന്റര്‍നെറ്റിനും പുറമെ സാമൂഹിക മാധ്യമങ്ങളില്‍ അഭിരമിക്കുന്നവര്‍ക്കും പുതിയൊരു ശൃവ്യാനുഭവം നല്കാന് റേഡിയോയ്ക്ക് കഴിയുന്നു. ‘കേട്ടു വളരുന്ന ബാല്യം കൂടുതല്‍ ഭാവനാസമ്പന്നമാകും’ എന്ന വിദ്യാഭ്യാസതത്വം കൊണ്ടുതന്നെ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും റേഡിയോ സമ്മാനമായി നല്‍കും.
ബാലഭാരതം-കുട്ടികളുടെ നേതൃസംഗമം പുതിയ സാമൂഹ്യരചനക്കുള്ള കാല്‍വെപ്പാണ്. നല്ലതുമാത്രം ചെയ്യാനും കേള്‍ക്കാനും അനുഭവിക്കാനുമുള്ള കുട്ടികളുടെ തൃഷ്ണയെ പോഷിപ്പിക്കുകയാണ്. മലീമസമായ വര്‍ത്തമാനകാല സാമൂഹ്യതിന്മകളില്നിന്ന് മാറിമാറി ഗ്രാമീണജീവിതം ഒന്നുകൂടി ഉല്കൃഷ്ടമാക്കുന്നതിന് ഓരോ ഗ്രാമത്തിലും അനുഭവവും പരിശീലനവും സിദ്ധിച്ച നേതൃപാടവമുള്ള കുട്ടികള്‍ക്ക് കഴിയും. ഡോ. എ.പി.ജെ. അബ്ദുള്‍കലാം പറഞ്ഞതുപോലെ
‘-Let us sacrifice our today’s for a better tomorrow of our children-‘: ഇന്നിനെ നമുക്ക് ബലിനല്‍കാം. അതുവഴി നമ്മുടെ കുട്ടികള്‍ക്ക് മികച്ച ഭാവി ഉണ്ടാകട്ടെ- എന്ന് മുതിര്‍ന്നവര്‍ക്ക് കരുതാം. ബാലഭാരതം മുന്നോട്ടുവെക്കുന്ന ആശയം കേരളത്തിനു മാത്രമല്ല മുഴുവന്‍ ഭാരതത്തിനും വെളിച്ചമേകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
(ബാലഗോകുലം സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: