തെരഞ്ഞെടുപ്പാണ്. അപ്പോള്‍ പലതും പറഞ്ഞെന്നുവരും. അതൊക്കെ ഭരണത്തില്‍ വന്നാല്‍ നടത്തണം എന്നു ശഠിക്കുന്നത് ശരിയല്ല. പിന്നെ, ആര് മുഖ്യമന്ത്രിയാവും എന്ന് പറഞ്ഞിട്ടേയില്ല. തെരഞ്ഞെടുപ്പിനുശേഷം കൂടിയിരിക്കുന്ന എംഎല്‍എമാര്‍ ആരാണ് തങ്ങളെ നയിക്കേണ്ടത് എന്ന് തീരുമാനിക്കും. അവരുടെ അഭിപ്രായത്തിനുമേല്‍ അടിച്ചേല്‍പ്പിക്കല്‍ ഒന്നും നടക്കില്ല. ഇതാണ് ഞങ്ങളുടെ പാര്‍ട്ടി നീതി.
നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും പറയാം; വ്യാഖ്യാനിക്കാം. അതിനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ തരുന്നു എന്നതു തന്നെ ഈ പാര്‍ട്ടിയുടെ ഒരു സഹിഷ്ണുതയാണ്.
നാട്ടുനടപ്പ് എന്താണ്? പ്രായവും മറ്റും കൂടിയാല്‍ ഒരു ഭാഗത്ത് കാരണവന്മാര് അടങ്ങിയൊതുങ്ങി ഇരിക്കും. പരിചയപ്പെടാന്‍ ഓരോരുത്തരായി ടിയാന്റെ അടുത്തു ചെല്ലും. കല്ല്യാണക്കത്തു കൊടുക്കാന്‍ പോവുമ്പോള്‍ വരനെയോ, വധുവിനെയോ പരിചയപ്പെടുത്തേണ്ട സന്ദര്‍ഭത്തില്‍ ഇന്നേടത്ത്, ഇന്നയാളുടെ കൊച്ചുമോന്/മോള് എന്നല്ലേ പറയുക? ഇവിടെയും അങ്ങനെയേ ഉണ്ടായിട്ടുള്ളൂ. ഒരു വോട്ടുകുത്താന്‍ പോലും രണ്ടുമൂന്നു പേരുടെ സഹായം വേണ്ടിവരുന്ന ഒരു വിദ്വാനെ എന്ത് വിശ്വസിച്ചാണ് പ്രബുദ്ധ സംസ്ഥാനം ഏല്പിച്ചുകൊടുക്കുക?
അങ്ങനെ സംഭവിച്ചാല്‍ എന്തൊക്കെ ഏടാകൂടമാണ് വിളിച്ചുവരുത്തുക എന്ന് പറയാനാവുമോ?
ചുളുവില്‍ മുഖ്യമന്ത്രിപദം ഏറ്റെടുത്തതാണ് എന്ന് ആര്‍ക്കെങ്കിലും ആരോപണം ഉന്നയിക്കാനാവുമോ? നവകേരളത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ച് ~ഒരു ടിയാന് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ? ശോഷിച്ച് ശോഷിച്ച് വരുന്ന ഒരു പാര്‍ട്ടിയില്‍ ഇനിയും കാത്തിരുന്നാല്‍ ആഗ്രഹം സഫലമാവുമെന്ന് പറയാനാവില്ല. അതിനാല്‍ കാറ്റുള്ളപ്പോള്‍ കാര്യം ചെയ്യണമെന്നാണ് പിബി പറഞ്ഞിരിക്കുന്നത്. ആയതിനാല്‍ ആരും ഇക്കാര്യത്തില്‍ തര്‍ക്കിക്കാന്‍ മുതിര്‍ന്നേക്കരുത്.
**********
ഫിദല്‍ കാസ്ട്രോ എന്ന മനുഷ്യനെക്കുറിച്ച് ആധുനിക തലമുറയ്ക്ക് എന്തൊക്കെ അറിയാമെന്ന് പാര്‍ട്ടിക്ക് നല്ല നിശ്ചയമുണ്ട്. ചെഗുവേരയ്ക്ക് കിട്ടുന്നത്ര ആക്സസ് മേപ്പടി വിദ്വാന് കിട്ടുന്നില്ല. അതിന് എന്ത് ചെയ്യേണ്ടൂ എന്നറിയാതെ നടക്കുമ്പോഴാണ് തെരഞ്ഞെടുപ്പ്ഫല ലോട്ടറിയടിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ കേരള കാസ്ട്രോ പാര്‍ട്ടിക്ക് എന്നും തലവേദനയേ തന്നിട്ടുള്ളൂ. ചില സഖാക്കള്‍ക്കും എതിരാളി സുഹൃത്തുകള്‍ക്കും നല്ല ആയുധം തെരഞ്ഞെടുത്തു കൊടുക്കുന്നതില്‍ കേരള കാസ്ട്രോ ബഹുമിടുക്കനാണ്.
എല്ലാ അധികാരവും ഉണ്ടെന്ന് മനസ്സില്‍ ലഡു പൊട്ടുന്ന അനുഭവം ഉണ്ടാവുമ്പോള്‍ ഒന്നും ചെയ്യാനാവാത്ത അസ്വസ്ഥത ചുരമാന്തുകയും ചെയ്യും. എന്നുവെച്ചാല്‍ ഇതുവരെ ഈ കാസ്ട്രോ പാര്‍ട്ടിയെ എത്ര വെള്ളം കുടിപ്പിച്ചോ അതിന്റെ പത്തിരട്ടിയാണ് ഇനി മേപ്പടിയാന് കുടിക്കാന്‍ പോകുന്നത്. ഇതിന്റെ രസാത്മകമായ ഒട്ടേറെ വശങ്ങള് മുഖപുസ്തകത്തിലും വാട്സ് ആപ്പിലും പരേഡ് നടത്തുന്നുണ്ട്. കേരള കൗമുദി (മെയ് 21)യില്‍ വന്ന, നാട്ടു തമാശ കലര്‍ന്ന കാര്‍ട്ടൂണ്‍ കാണുക. കേരളത്തിന്റെ മനസ്സാക്ഷി എവ്വിധമാണ് മുഖ്യമന്ത്രി പദം നല്‍കേണ്ടയാളെ കാണുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തം.
**********
സ്വയം രക്ഷിക്കാന്‍ കഴിയാത്തയാള്ക്കെങ്ങനെയാണ് മറ്റുള്ളവരെ രക്ഷിക്കാനാവുക? നമ്മുടെ കേരള കാസ്ട്രോയാണ് ഇനിസകലരേയും രക്ഷിക്കാനായി സ്വയം അവരോധിതനായത്. തന്റെ സ്ഥാനം തട്ടിയെടുത്തയാള്‍ മുഖ്യമന്ത്രിപദമേറുന്നത് കേരളത്തിന്റെ ഭാവിയ്ക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സമീപനം കാസ്ട്രോ സ്വീകരിച്ചിരിക്കുന്നത്. ഭരണം തുടങ്ങും മുമ്പുതന്നെ പ്രതിയോഗികളെ വകവരുത്തുകയും അവരുടെ കുടുംബങ്ങളെ അനാഥമാക്കുകയും വസ്തുവകകള്‍ തച്ചുതകര്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയമെയ്യഭ്യാസം തുടങ്ങിയിരിക്കുകയാണല്ലോ.
അത്യാവശ്യം മനുഷ്യത്വം കാസ്ട്രോയില്‍ തുടിക്കുന്നതു കൊണ്ടാവാം താന്‍ കേരളത്തിന്റെ കാവലാളായി കഴിയാം എന്നു പറഞ്ഞത്. അതിനൊപ്പം മുഖ്യമന്ത്രിക്ക് അതിലൊരു ചെറുഭീഷണിയുമുണ്ട്. വല്ലതും വല്ലാത്ത രീതിയില്‍ ചെയ്തുകൂട്ടിയാല്‍ ഉറപ്പായും ചെവിക്കുപിടിച്ചിരിക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയം എന്തുതന്നെ ആയാലും സ്വന്തമായ രാഷ്ട്രീയവെളിച്ചം തന്നെയാണ് കാസ്ട്രോയെ മുന്നോട്ടു നയിക്കുന്നത്.
തന്റെ രാഷ്ട്രീയം പാര്‍ട്ടി രാഷ്ട്രീയമാക്കുന്നതില്‍ ഇടക്കിടെ പാളിച്ചകള്‍ പറ്റുന്നുണ്ടെങ്കിലും അതുമൊരു വിദ്യയാക്കുന്നു വിദ്വാന്. കാലം കുറച്ചു കഴിയുമ്പോള്‍ മേപ്പടിയാനെ കാസ്ട്രോയാക്കിയതില് ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് പാര്‍ട്ടി തിന്നെയാവും.
**********
നഗരത്തിലെ പച്ചക്കറിക്കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സഞ്ചിയിലാക്കി നമ്മുടെ കണാരേട്ടന് തിരിച്ചു നടക്കുകയാണ്. അപ്പോള്‍ അതാ കടക്കാരന് വിളിക്കുന്നു. കണാരേട്ടോയ്, അതില്‍ കാസ്ട്രോവെക്കാന് മറന്നു. ഞെട്ടിത്തിരിഞ്ഞ് കണാരേട്ടന് നോക്കുമ്പോള്‍ രണ്ടുമൂന്ന് കൊന്ത് കറിവേപ്പില ഒടിച്ചുമടക്കി കടക്കാരന് സഞ്ചിയിലിട്ടുകൊടുത്തു. കാസ്ട്രോയുടെ നാനാര്ത്ഥഭാവനകളില് തെളിയുന്ന രാഷ്ട്രീയ സ്വാരസ്യത്തിന്റെ ഊറിക്കൂടിയ ചിരിയുമായി വീട്ടിലേക്ക് നടക്കുമ്പോള്‍ പ്രബുദ്ധ കേരളത്തിന്റെ വയല്‍ വരമ്പുകളില്‍ നിന്ന് തള്ളത്തവളകള്‍ നീട്ടിക്കാറി: എല്‍ഡിഎഫ് വന്നു, എല്ലാവരെയും ശരിയാക്കിത്തുടങ്ങി.
ജനഹൃദയങ്ങളില്‍ പടര്‍ന്നു കയറണമെന്ന ഉദ്ദേശ്യത്തോടെ ഉയര്‍ത്തിവിട്ട ഇടതു മുദ്രാവാക്യത്തിന്റെ അപകടകരമായ സന്ദേശം മിക്കവരും ഭയപ്പെട്ടതുപോലെ തന്നെയാണ് സംഭവിക്കുന്നത്. പണ്ട് നായനാര്‍ അധികാരമേറിയ ഒരു മെയ്മാസ സായന്തനത്തിലാണ് പന്ന്യന്നൂര്‍ ചന്ദ്രന് എന്ന മനുഷ്യസ്നേഹി ഭാര്യയുടെ മുമ്പില്‍ വെട്ടേറ്റ് വീണത്. അന്ന് ഭരണത്തിന്റെ ഉദ്ഘാടനം ചുവപ്പിച്ച മാര്‍ക്സിസ്റ്റ് ക്രൗര്യത്തിന് 2016ലും ഒരുടവും തട്ടിയിട്ടില്ലെന്ന് കൊടുങ്ങല്ലൂരിലെ എടവിലങ്ങില്‍ പ്രമോദിനെ കല്ലുകൊണ്ട് ഇടിച്ചുകൊലപ്പെടുത്തുന്നതിലൂടെ നാമറിയുന്നു.
സ്നേഹത്തിന്റെ, സൗമ്യതയുടെ, ആര്‍ദ്രതയുടെ, അനുതാപത്തിന്റെ താമരയിതളുകളെ പല പല വേഷത്തില്‍ വന്ന് ചോരയില്‍ മുക്കാന്‍ ശ്രമിക്കുമ്പോള്‍ സൗഹാര്‍ദ്ദത്തിന്റെ പരവതാനിയില്‍ എന്തെന്തൊക്കെ ഒളിച്ചുവെച്ചിട്ടുണ്ടെന്ന് നാം ചിന്തിക്കണം. സ്നേഹത്തിന്റെ മുമ്പില്‍ കുനിയുന്ന ശിരസ്സ് വെട്ടിമാറ്റണമെന്ന തത്വശാസ്ത്രത്തെ മാനവികതയുള്ളവര്‍ക്ക് മനസ്സിലേക്ക് ഏറ്റുവാങ്ങാനാവില്ല.
അതിന് പുരാണവും ഇതിഹാസവും പിന്തുണയ്ക്കുകയുമില്ല. ഓര്‍മ്മയുണ്ടാകണം: ജയകൃഷ്ണന്, പന്ന്യന്നൂര്‍ ചന്ദ്രന്, പാനുണ്ടചന്ദ്രന്, അശ്വിനികുമാര്‍, മനോജ്, പവിത്രന്, കൗസുവമ്മ, കുമാരന്, ധര്മ്മജന്-യശോദ ദമ്പതികള്‍, വിശാല്‍…… ത്രസിക്കുന്ന ധര്‍മ്മബോധത്തിന്റെ ഉയിരായിരുന്ന നൂറുകണക്കിനു നവയൗവനങ്ങള്‍. അവരെ അടിയറവെച്ചുകൊണ്ടുള്ള സൗഹാര്ദ്ദങ്ങള്ക്കു മീതെ നിശ്ചയമായും തീമഴപെയ്യുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: