മുപ്പത്തിമൂന്ന് ശതമാനം സംവരണം എന്നത് ഇപ്പോഴും കടലാസില്‍ അവശേഷിക്കുകയാണെങ്കിലും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ത്രീകള്‍ക്ക് തെല്ല് പ്രതീക്ഷ നല്‍കുന്നതാണ്. മുമ്പുണ്ടാകാത്ത വിധം ഒരു സ്ത്രീ മുന്നേറ്റമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. കൂടുതല്‍ സ്ത്രീകളെ മത്സരിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിച്ചു. കേരളത്തിലെ ശക്തരായ വനിതാ നേതാക്കള്‍ക്ക് അവസരം നല്‍കുന്നതിനൊപ്പം അത്രയൊന്നും കണ്ട് പരിചയമില്ലാത്തവര്‍ക്കും പാര്‍ട്ടികള്‍ അവസരം നല്കി.ഇവരില്‍ എട്ടുപേര്‍ ജയിച്ചു കയറി.
എല്ലാവരും ഒരേ മുന്നണിയിലെ ആളുകള്‍ ആയി എന്നത് തികച്ചും യാദൃച്ഛികം. ഇതില്‍ രണ്ട് പേര് മന്ത്രിയാകുന്നു. ഒരു വനിതാ മന്ത്രിയ്ക്ക് കൂടി സാധ്യതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പക്ഷെ, പ്രതിപക്ഷത്ത് ഒരു സ്ത്രീയെ പോലും കൊണ്ടുവരാനായില്ല. പാര്‍ട്ടിക്കുളളിലെ ഭിന്നതകള്‍ മൂലം യോഗ്യരായ പലരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കാതിരുന്നതുള്പ്പെടെ പല കാരണങ്ങള്‍ ഉണ്ടാകാം. മുന്‍പൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകളെ ഇത്രകണ്ട് ഗൗനിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ ഏറെ മാറി മറിഞ്ഞിരിക്കുന്നു. മത്സരത്തില്‍ മാത്രമല്ല പ്രചാരണച്ചുമതലകളിലും ധാരാളം സ്ത്രീകള്‍ ഉണ്ടായിരുന്നു എന്ന കാര്യം കാണാതെ പൊയ്ക്കൂടാ.
പലയിടങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കാനും വോട്ട് പിടിക്കാനും മറ്റുമായി സ്ത്രീകള്‍ ഓടി നടക്കുന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി.
കേന്ദ്രസര്‍ക്കാരില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കുന്നതില് പ്രധാനമന്ത്രി നരേന്ദ്രമോദി തികഞ്ഞ അവധാനത പുലര്‍ത്തിയിട്ടുണ്ട്.
കേന്ദ്രത്തിലെ വനിതാ മന്ത്രിമാര്‍ അവരുടെ കഴിവും കരുത്തും രാജ്യത്തിനകത്തും പുറത്തും പ്രകടിപ്പിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയാകാന്‍ സ്ഥാനമൊഴിഞ്ഞ ഗുജറാത്തിലെ മുഖ്യമന്ത്രി പദത്തില്‍ മോദി പകരം അവരോധിച്ചതും ഒരു സ്ത്രീയെയാണ്. മായാവതിയും മമതയും ജയലളിതയും അടക്കം വനിതാ മുഖ്യമന്ത്രിമാരുടെ എണ്ണത്തിലും നമ്മുടെ രാജ്യം മാതൃകയാണ്.
ത്രിതല പഞ്ചായത്തുകള്‍ നോക്കിയാലറിയാം സ്ത്രീകള്‍ ഭരിക്കുന്ന പഞ്ചായത്തുകളും ബ്ലോക്കുകളും ജില്ലകളും പുരോഗതിയില്‍ ഏറെ മുന്നിലാണ്.
നയിക്കാന്‍ നൈസര്‍ഗികമായി തന്നെ സ്ത്രീയ്ക്ക് കിട്ടിയിട്ടുളള കഴിവാകാം അതിന് കാരണം. ഏതായാലും അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിയ സ്ത്രീകള്‍ നേരത്തെയും ഭരണത്തില്‍ മികവ് കാട്ടിയിരുന്നു എന്നതിന് ഏറെ തെളിവുകള്‍ നമുക്ക് മുന്നിലുണ്ട്. കേരളത്തിലെ എക്കാലത്തെയും മികച്ച വനിതാ നേതാവായ കെ. ആര്. ഗൗരിയമ്മ മുതല്‍ ധാരാളം സ്ത്രീകള്‍ നമ്മെ ഭരിച്ചു. എന്നിട്ടും കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ ഇന്നും പരിതാപകരമായി തന്നെ തുടരുന്നു.
അമ്മയുടെ വയറ്റില്‍ പിറവിയെടുക്കുന്ന പെണ്‍ഭ്രൂണം മുതല്‍ നൂറ് വയസ് കഴിഞ്ഞ മുത്തശിമാര്‍ വരെ ക്രൂരതകള്‍ക്ക് ഇരയാകുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് നമുക്ക് ചുറ്റിലും. പെണ്മക്കളുളള അമ്മമാര്‍ക്ക് ഒരു സ്വസ്ഥതയുമില്ല. വീടിനുളളിലും പുറത്തും പാഠശാലകളിലും തൊഴിലിടങ്ങളിലും ബസിലും ട്രെയിനിലും എല്ലാം അവള് അപമാനിക്കപ്പെടുന്നു, പെട്ടുകൊണ്ടെയിരിക്കുന്നു.
സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത പുരുഷന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്ന സമകാലീന കേരളം വലിയ ഭീഷണിയാണ് നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. ഇരുള് പരന്നാല്‍ പിന്നെ ഭയത്തോടെ മാത്രമേ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനാകൂ. തൊഴിലിടങ്ങളില്‍ നിന്നോ പാഠശാലകളില്‍ നിന്നോ ഇരുട്ടും മുമ്പ് വീടണയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഓരോ പെണ്ണിനും ആശങ്കയാണ്. വീട്ടിലിരിക്കുന്നവര്‍ക്ക് അതിലേറെയും.
ഇതിനിടയിലാണ് കേരളത്തിലെ സാധാരണ പെണ്ണുങ്ങള് തങ്ങളുടെ പ്രതിനിധികളായി ഈ വനിതകളെ തെരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്. തങ്ങള്‍ക്ക് സ്വാസ്ഥ്യം പകരാന്‍ ഇവര്‍ക്കാകുമെന്നാണ് പ്രതീക്ഷ. തങ്ങളുടെ പെണ്മക്കളുടെ മാനത്തിന് തെരുവില്‍ വില പറയാതിരിക്കാന്‍ ഇവര്‍ സഹായിക്കുമെന്നാണ് കേരളത്തിലെ ഓരോ അമ്മയും പ്രതീക്ഷിക്കുന്നത്.
തമ്മിലടിയും പ്രത്യേയശാസ്ത്ര വിദ്വേഷങ്ങളും എല്ലാം മാറ്റി വച്ച് നമ്മുടെ നാട്ടിലെ പെണ്ണുങ്ങളുടെ സുരക്ഷയ്ക്ക് എന്ത് ചെയ്യാനാകുമെന്ന് ഇവര്‍ കൂട്ടായി ചിന്തിക്കണം. വേണ്ടയിടങ്ങളില്‍ അത് ആര്‍ജ്ജവത്തോടെ അവതരിപ്പിക്കണം.
കേരളത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കേണ്ട വലിയ ഉത്തരവദിത്തമുണ്ട്. രാഷ്ട്രീയ വൈരം മറന്ന് കേരളത്തിലെ പെണ്ണുങ്ങളുടെ നാവും കരവും ആവുകയാണിനി വേണ്ടത്. അതിന് രാഷ്ട്രീയവും പാര്‍ട്ടിയും തടസമാകരുത്. കേരളത്തില്‍ ഇനി ജിഷമാര്‍ ഉണ്ടാകരുത്. ഒരമ്മയ്ക്കും രാജേശ്വരിയുടെ അനുഭവമുണ്ടാകരുത്. മറിച്ചായാല്‍, അഞ്ചുവര്‍ഷം കഴിഞ്ഞല്ലേ ഉള്ളുവെന്ന് സമാധാനിയ്ക്കരുത്, കണ്ണീരും ശാപവും കണക്കില്ലാത്ത ശിക്ഷതരും. അതെ, ഇനി കരയിക്കാതെ നോക്കണം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: